കാലം ഉപേക്ഷിച്ചെങ്കിലും മുള്ളുവേലികളെ മറക്കാതെ തൃശൂരിലെ വൃദ്ധ ദമ്പതിമാര്‍

തൃശൂര്‍: ചെമ്മണ്ണ് പുതച്ച നാടന്‍ വെട്ടുവഴികളില്‍ ഒതുക്കി കെട്ടിയ മുള്ളുവേലികള്‍ പുതുതലമുറയ്ക്ക് സിനിമകളില്‍ മാത്രമേ കണ്ടു പരിചയമുണ്ടാവു. എന്നാല്‍ തൃശൂര്‍ മുളങ്കുന്നത്തുകാവിലെ നാട്ടിന്‍പുറങ്ങളില്‍ ഇന്നും മുള്ളുവേലികള്‍ കാണാക്കാഴ്ച്ചകളല്ല.

കാലം മാറിയപ്പോഴും കുലത്തൊഴില്‍ മറക്കാതെ മുള്ളുവേലി കെട്ടി ഉപജീവനം നടത്തുന്ന വൃദ്ധ ദമ്പതിമാരാണ് ഗ്രാമങ്ങളിലെ ഈ പഴമയുടെ അടയാളപ്പെടുത്തലുകള്‍ അവശേഷിപ്പിക്കുന്നത്.

സിസി ടി.വി ക്യാമറകളും ഹൈടെക് സുരക്ഷാ സംവിധാനങ്ങളും എത്തുന്നതിനു മുമ്പ് ഒരു കള്ളനും ചാടിക്കടക്കാനാകാത്ത മുള്ളു വേലികള്‍ നമ്മുടെ നാട്ടിലുണ്ടായിരുന്നു. പച്ച മുളയുടെ ചെറു കമ്പുകള്‍ മുറിച്ചു പാകപ്പെടുത്തി സൂക്ഷ്മതയോടെ വേലി കെട്ടിയൊരുക്കുന്ന അക്കാലത്ത് മതിലുകള്‍ പണിതിരുന്നത് ക്ഷേത്രങ്ങള്‍ക്കും ജയിലുകള്‍ക്കും മാത്രമാണ്.

പറന്നുയരുന്ന പറവകളെ പോലെ കാലം മുന്നോട്ടു പോയപ്പോള്‍ മുള്ളു വേലികള്‍ക്ക് പകരം കമ്പി വേലികളും, തേച്ചു മിനുക്കിയ സിമന്റ് മതിലുകളും വ്യാപകമായി.

മുള്ളുവേലികള്‍ക്ക് തീര്‍ത്തും പ്രചാരമില്ലാത്ത ഇക്കാലത്തും പരമ്പരാഗത തൊഴിലായ മുള്ളുവേലി കെട്ടി നല്‍കിയാണ് തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശികളായ ദേവനും അമ്മിണിയും ഉപജീവനം നടത്തുന്നത്.

മുള്ളുവേലികള്‍ കെട്ടുന്ന പണികള്‍ കുറവായെങ്കിലും ജോലി കിട്ടിയാല്‍ ഈ എണ്‍പത്തിയഞ്ച് കാരനും ഭാര്യയും ആരോഗ്യം മറന്നും വേലികെട്ടാനിറങ്ങും. മുളങ്കമ്പുകള്‍ നല്‍കിയാല്‍ ദിവസം അറുന്നൂറ് രൂപയാണ് വേലികെട്ടിന് കൂലി. മുള്ളുങ്കമ്പുകള്‍ പുറത്തു നിന്നെത്തിക്കണമെങ്കില്‍ ചെലവ് അല്‍പം കൂടും.

നിശ്ചിത അകലത്തില്‍ ബലമുള്ള മുളന്തണ്ടുകള്‍ കുത്തനെ സ്ഥാപിച്ച ശേഷം മുള്ളുകമ്പുകള്‍ കോര്‍ത്തുവച്ച് കെട്ടിയുറപ്പിക്കുന്നതാണ് ഇതിന്റെ രീതി. വേലിക്കമ്പികള്‍ ഉപയോഗിച്ച് ഉറപ്പിച്ചു കെട്ടുന്ന വേലികള്‍ക്ക് ഒരു വര്‍ഷത്തേക്ക് യാതൊരു തകരാറും സംഭവിക്കില്ല. അതിനുശേഷം പുത്തന്‍ കമ്പുകള്‍ കെട്ടി ബലപ്പെടുത്തണം.

ആകര്‍ഷണീയമായ ഡിസൈനുകളില്‍ ഒരുങ്ങുന്ന സിമന്റ് മതിലുകളുടെ കാലത്ത് താരതമ്യേന ചെലവു കൂടിയ മുള്ളുവേലിക്കായ് പണം മുടക്കുന്നവരാണ് ഈ വൃദ്ധരുടെ വരുമാന മാര്‍ഗം.

മുള്ളുവേലികളില്‍ പടര്‍ന്നു വളര്‍ന്നിരുന്ന വേലിപ്പടക്കം പോലുള്ള വള്ളിച്ചെടികളും അപൂര്‍വ്വയിനം ഔഷധ സസ്യങ്ങളും ഒരുകാലത്ത് നാട്ടിന്‍പുറങ്ങളിലെ പതിവ് കാഴ്ച്ചയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here