ഹാദിയ കേസ് ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നു; സുപ്രീംകോടതിയിലെ നാടകീയരംഗങ്ങള്‍ ഇങ്ങനെ

ദില്ലി: ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച വിവാഹം റദ്ദാക്കാന്‍ എങ്ങനെ കഴിയുമെന്ന് ഹാദിയകേസില്‍ സുപ്രീംകോടതിയുടെ ചോദ്യം. ഹാദിയയ്ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. അഭിഭാഷകര്‍ തമ്മിലുള്ള രൂക്ഷമായ വാക് തര്‍ക്കത്തിനും ഇന്ന് സുപ്രീകോടതി വേദിയായി.

എന്‍ഐഎ കേന്ദ്ര സര്‍ക്കാറിന്റെ കളിപ്പാവ

വിവാഹവും എന്‍ ഐ എ അന്വേഷണവും രണ്ടാണെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് വിവാഹം ഹൈക്കോടതി റദ്ദാക്കിയതിന്റെ നിയമസാധുത വിശദമായി പരിശോധിക്കുമെന്ന് വ്യക്തമാക്കി. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ എങ്ങനെയാണ് വിവാഹം റദ്ദാക്കാന്‍ കഴിയുകയെന്ന് കോടതി ചോദിച്ചു.

കേസില്‍ വാദം ആരംഭിച്ച ഉടന്‍ തന്നെ ഷഫിന്‍ ജഹാന്റെ അഭിഭാഷകന്‍ ദുഷ്യന്ത് ദവെയും എന്‍ഐഎ അഭിഭാഷകന്‍ മനീന്ദര്‍ സിങ്ങും തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടായി. മസ്തിഷ്‌ക പ്രക്ഷാളനം നടത്തി മതം മാറ്റുന്നവര്‍ കേരളത്തില്‍ ഉണ്ടെന്ന് എന്‍ഐഎ അഭിഭാഷകന്‍ മനീന്ദര്‍ സിങ്ങ് പറഞ്ഞത് ദുഷ്യന്ത് ദവേയെ പ്രകോപിപ്പിച്ചു.

ഹാദിയ കേസ് ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും അമിത് ഷായും യോഗി ആദിത്യനാഥും കേരളത്തില്‍ പോയി ലൗ ജിഹാദ് ഉണ്ടെന്ന് പ്രചരിപ്പിക്കുകയാണെന്നും ദുഷ്യന്ത് ദവേ തിരിച്ചടിച്ചു. എന്‍ഐഎ കേന്ദ്ര സര്‍ക്കാറിന്റെ കളിപ്പാവയാണെന്നും ദുഷ്യന്ത് ദവേ പറഞ്ഞു.

രാഷ്ട്രീയ വിഷയങ്ങള്‍ കോടതിയില്‍ പരാമര്‍ശിക്കേണ്ടതില്ലെന്നും നിയമവശം മാത്രം പറഞ്ഞാല്‍ മതിയെന്നും ജഡ്ജിമാര്‍ ദവേയ്ക്ക് താക്കീത് നല്‍കി. ഒക്ടോബര്‍ 30ന് കേസില്‍ വീണ്ടും വാദം കേള്‍ക്കാമെന്നും കോടതി പറഞ്ഞു.

ഹാദിയയെ നേരില്‍ കണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അനുവദിക്കണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യം ഇപ്പോള്‍ പരിഗണിക്കേണ്ട സാഹചര്യം ഇല്ലെന്നും കോടതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News