കുപ്രചരണങ്ങളുടെ മുനയൊടിച്ച് മുഖ്യമന്ത്രി; ഇതര സംസ്ഥാന തൊ‍ഴിലാളികള്‍ ആക്രമണത്തിനിരയാകുന്നുണ്ടെന്ന് ഉത്തരേന്ത്യ കേന്ദ്രീകരിച്ച് കുപ്രചരണം; ജാഗ്രത വേണമെന്നും പിണറായി

തിരുവനന്തപുരം : കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും ഇവിടെ നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷം തകര്‍ക്കാനും ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ബോധപൂര്‍വ്വം പ്രചാരണം നടക്കുന്നുണ്ടെന്നൂം ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കേരളത്തില്‍ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ വ്യാപകമായ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നാണ് പ്രചാരണം. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ചാണ് ഇത് കൂടുതലും നടക്കുന്നത്.

കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും ഇവിടുത്തെ സമാധാനവും സൌഹൃദവും തകര്‍ക്കാനും ശ്രമിക്കുന്ന ശക്തികളാണ് ഈ നുണ പ്രചാരണത്തിന് പിന്നില്‍.

മികച്ച പരിഗണന

സത്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കേരളത്തില്‍ നല്ല പരിഗണനയാണ് ലഭിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി ഒട്ടേറെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നു.

ചികിത്സാ സഹായവും അപകട ഇന്‍ഷൂറന്‍സും ഇതില്‍പെടും. ഇതര സംസ്ഥാന തൊഴിലാളികള്‍ അപകടത്തില്‍ പെട്ട് മരിച്ച സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ പ്രത്യേക പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ അവരുടെ കുടുംബങ്ങളെ സഹായിച്ചത്.

ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനവും ഇതര സംസ്ഥാനത്തുനിന്നും വരുന്നവരോട് ഇത്രയും പരിഗണന കാണിച്ചിട്ടില്ല. ഇതര സംസ്ഥാനത്തുനിന്ന് തൊഴിലെടുക്കാന്‍ വരുന്നവരെ സ്വന്തം സഹോദരങ്ങളെപ്പോലെയാണ് മലയാളികള്‍ കാണുന്നത്.

വാസ്തവം ഇതായിരിക്കെ ദുഷ്പ്രചാരണം നടത്തുന്നത് ഗൂഢലക്ഷ്യത്തോടെയാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങളൊന്നും കേരളത്തില്‍ സമീപകാലത്ത് ഉണ്ടായിട്ടില്ല.

സമൂഹ മാധ്യമങ്ങള്‍ വഴി നുണ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News