സമരക്കരുത്തില്‍ സിക്കര്‍

കര്‍ഷകപ്രക്ഷോഭങ്ങളുടെ മഹത്തായ ചരിത്രമുള്ള പ്രദേശമാണ് രാജസ്ഥാനിലെ ശെഖാവതി മേഖലയിലെ സിക്കര്‍. 1920 മുതല്‍ 1960 വരെ ജന്മിവര്‍ഗമായ ജാഗീര്‍ദാര്‍മാര്‍ക്കെതിരെ സമരം നയിച്ച് വിജയിച്ച ചരിത്രം സിക്കറിനുണ്ട്.

സിക്കറിലെ രാജാവിനുകീഴിലുണ്ടായിരുന്ന ജന്മിമാര്‍ ചുമത്തിയ വലിയ നികുതിഭാരം ചുമക്കേണ്ടി വന്നവരായിരുന്നു കര്‍ഷകര്‍.

അന്യായനികുതിക്കും വേതനരഹിതതൊഴിലിനും സൈനികസേവനത്തിനും എതിരായായിരുന്നു 1920കളിലെ കര്‍ഷകസമരം.

1960 മുതല്‍ ’80 വരെ പുരോഗമനാശയങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടമായിരുന്നു. ഇതിന് മൂന്നു മുഖമായിരുന്നു. ഉദയ്പുരിലും ദുംഗര്‍പുരിലും ആദിവാസികള്‍ ഭൂമിക്കുവേണ്ടി പോരാടി. 1969 മുതല്‍ ഭൂരഹിതരായവര്‍ക്ക് ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കിസാന്‍സഭയുടെ നേതൃത്വത്തില്‍ രാജസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ സമരം ആരംഭിച്ചു.

ഇന്ദിരാഗാന്ധി കനാല്‍നിര്‍മാണം നടക്കുന്ന ഘട്ടത്തിലായിരുന്നു ഇത്. 1970കളില്‍ സിക്കറില്‍ വിദ്യാഭ്യാസപ്രശ്‌നങ്ങള്‍ ഉയര്‍ത്തിയായിരുന്നു സമരം. സ്‌കൂളുകളും കോളേജുകളും ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരങ്ങളില്‍ വിദ്യാര്‍ഥികള്‍മുതല്‍ കര്‍ഷകര്‍വരെ അണിനിരന്നു. ഈ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം വഹിച്ചത് എസ്എഫ്‌ഐയായിരുന്നു.

ജന്മിമാരുടെ പിടിയില്‍നിന്ന് മോചിതരായ കര്‍ഷകര്‍ ആ പ്രക്ഷോഭത്തില്‍ എസ്എഫ്‌ഐക്കുപിന്നില്‍ ഐക്യദാര്‍ഢ്യവുമായി അണിചേര്‍ന്നു. കര്‍ഷകര്‍ക്കും കാര്‍ഷികവൃത്തിക്കും പ്രാധാന്യമുള്ള സിക്കറില്‍ കിസാന്‍സഭയും എസ്എഫ്‌ഐയും നയിച്ച സമരങ്ങള്‍ പലതും തമ്മില്‍ ബന്ധപ്പെടുകയും പരസ്പരം ബലപ്പെടുത്തുകയും ചെയ്യുന്നതായി.

മഴനിഴല്‍ പ്രദേശമായ, കടുത്ത വേനല്‍ച്ചൂട് അനുഭവപ്പെടുന്ന, മണല്‍ത്തരികള്‍ക്കുസമാനമായ മണ്ണുള്ള സിക്കറില്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്കുമുന്നിലെ ഏറ്റവും വലിയ പ്രശ്‌നം ജലദൌര്‍ലഭ്യമാണ്.

1970 മുതല്‍ സിക്കറില്‍നിന്ന് ഡ്രൈവര്‍മാരും പ്‌ളംബര്‍മാരും കെട്ടിടനിര്‍മാണ തൊഴിലാളികളും ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ ഗള്‍ഫിലേക്കും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കും കുടിയേറാന്‍ ആരംഭിച്ചു. ഇവര്‍ അയച്ചുകൊടുക്കുന്ന തുകയായിരുന്നു സിക്കര്‍ മേഖലയിലെ പല കുടുംബങ്ങളുടെയും വരുമാനമാര്‍ഗം.

ഈ പണം ഉപയോഗിച്ചാണ് കര്‍ഷകര്‍ കുഴല്‍ക്കിണറുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. ഇതോടെ ഗോതമ്പും എണ്ണക്കുരുക്കളും സവാളയും ധാരാളമായി വിളഞ്ഞു. ഇന്ത്യയില്‍ ഏറ്റവുമധികം എണ്ണക്കുരു ഉല്‍പ്പാദിപ്പിക്കുന്ന പ്രദേശമാണ് രാജസ്ഥാന്‍.

1980 മുതല്‍ എണ്ണക്കുരു ഉല്‍പ്പാദനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന പ്രദേശമാണ് ശെഖാവതി മേഖല. കുറഞ്ഞതോതില്‍ ലഭിക്കുന്ന മഴയും കടുത്ത ചൂടുംമൂലം ജലസേചനം കുറയുന്ന ഖാരിഫ് സീസണില്‍ ഇവിടത്തെ കാര്‍ഷികമേഖലയിലും അത് നിഴലിക്കും. റാബി സീസണിലാണ് പ്രധാനമായും വരുമാനമുണ്ടാകുന്നത്.

പോത്തുകളെയും ഒട്ടകങ്ങളെയും ആടുകളെയും വളര്‍ത്തലാണ് മറ്റൊരു പ്രധാന തൊഴില്‍. കടുത്ത വേനല്‍ച്ചൂടിനെപ്പോലും അതിജീവിക്കുന്ന ഖെജ്രി മരത്തിന്റെ ഇലകളാണ് വേനല്‍ക്കാലത്ത് ഒട്ടകങ്ങള്‍ക്കും ആടുകള്‍ക്കും ഭക്ഷണമാകുന്നത്.

ഗോതമ്പിന്റെയും ചോളത്തിന്റെയും വയ്‌ക്കോല്‍ പശുക്കള്‍ക്കും. കടുത്ത വരള്‍ച്ചയില്‍ കന്നുകാലികള്‍ക്ക് ശരിയായി ഭക്ഷണം നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവയെ വില്‍ക്കുകയെന്നതാണ് കര്‍ഷകരുടെ രീതി. കടുത്ത വരള്‍ച്ചയുണ്ടായ വര്‍ഷങ്ങളിലെല്ലാം കന്നുകാലി വില്‍പ്പനയുടെ തോതും ഉയരും.

കഴിഞ്ഞ 25 വര്‍ഷമായി കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തില്‍ മാറിമാറി അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ നവ- ഉദാരവല്‍ക്കരണ സാമ്പത്തികനയമാണ് സ്വീകരിച്ചുപോരുന്നത്. കാര്‍ഷികമേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന സഹായങ്ങളും സബ്‌സിഡികളും എടുത്തുകളഞ്ഞു. വൈദ്യുതിചാര്‍ജ് ഉള്‍പ്പെടെ വര്‍ധിപ്പിച്ചു. ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ചതോടെ വരള്‍ച്ചയുടെ ഘട്ടത്തില്‍ കൃഷി നഷ്ടത്തിലേക്ക് മാറി.

സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധനയങ്ങള്‍ക്കെതിരെ അഖിലേന്ത്യ കിസാന്‍സഭ നേതൃത്വത്തില്‍ ശെഖാവതി മേഖലയില്‍ ജനങ്ങളെ അണിനിരത്തി നിരവധി സമരങ്ങള്‍ നടന്നു. കനാല്‍ ജലസേചനത്തിന് ഏറെ പ്രാധാന്യമുള്ള രാജസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ കിസാന്‍സഭ നടത്തിയ പ്രക്ഷോഭങ്ങള്‍ക്ക് കര്‍ഷകരുടെ വലിയ പിന്തുണയുണ്ടായി.

2004-05 കാലഘട്ടത്തില്‍ ശ്രീഗംഗാനഗര്‍, ഹനുമാന്‍ഗഡ് എന്നീ പ്രദേശങ്ങളില്‍ കനാല്‍ ജലം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ സമരം ആരംഭിച്ചു. വൈദ്യുതിനിരക്കില്‍ വരുത്തിയ വന്‍ വര്‍ധന പിന്‍വലിക്കണമെന്നതും സമരത്തിന്റെ മുദ്രാവാക്യമായി.

എന്നാല്‍, സമരത്തെ ക്രൂരമായി അടിച്ചമര്‍ത്താനായിരുന്നു അന്നത്തെ ബിജെപി സര്‍ക്കാര്‍ ശ്രമിച്ചത്. പൊലീസ് വെടിവയ്പിലും ആക്രമണത്തിലും ആറു കര്‍ഷകര്‍ രക്തസാക്ഷികളാവുകയും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി നേതാക്കളെയും പ്രവര്‍ത്തകരെയും ജയിലിലടച്ചു.

ഒടുവില്‍, ജയ്പുരില്‍ ഒരുലക്ഷം കര്‍ഷകരെ അണിനിരത്തി എട്ടുദിവസം നീണ്ട മഹാധര്‍ണയ്ക്ക് കിസാന്‍സഭ നേതൃത്വം നല്‍കി. ഈ സമരത്തിനുമുന്നില്‍ മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെ സിന്ധ്യക്ക് മുട്ടുമടക്കേണ്ടിവന്നു. സമരക്കാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച സര്‍ക്കാരിന് വൈദ്യുതിനിരക്കില്‍ വരുത്തിയ വര്‍ധന പിന്‍വലിക്കേണ്ടിയും വന്നു.

സംസ്ഥാനത്തും പിന്നാലെ കേന്ദ്രത്തിലും ബിജെപി അധികാരത്തില്‍ എത്തിയതോടെ ശെഖാവതി മേഖലയിലെ കാര്‍ഷിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. രണ്ടുവര്‍ഷം തുടര്‍ച്ചയായുണ്ടായ വരള്‍ച്ചയെതുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ഷര്‍ക്ക് ഇരുട്ടടിയായിരുന്നു ബിജെപി സര്‍ക്കാരിന്റെ നടപടികള്‍. നോട്ട് അസാധുവാക്കല്‍, കന്നുകാലിക്കച്ചവട നിരോധന നടപടികളും ഗോസംരക്ഷണ സേനകളുടെ പേരില്‍ നടക്കുന്ന ഭീകരമായ ആക്രമണങ്ങളും, വൈദ്യുതിനിരക്ക് വര്‍ധന, വിളകള്‍ക്ക് നല്‍കിയ മിനിമം താങ്ങുവില നിര്‍ത്തലാക്കല്‍, ജിഎസ്ടി നടപ്പാക്കല്‍ എന്നിവയെല്ലാം കര്‍ഷകരുടെ നടുവൊടിച്ചു. കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ രാജസ്ഥാന്‍ വൈദ്യുതി റഗുലേറ്ററി കമീഷന്‍ കാര്‍ഷികാവശ്യത്തിനായുള്ള വൈദ്യുതിക്ക് യൂണിറ്റിന് 35 പൈസ വര്‍ധിപ്പിച്ചു.

വിളവെടുപ്പിന് തയ്യാറെടുക്കുന്ന ഘട്ടത്തില്‍ നോട്ട് അസാധുവാക്കിയത് വലിയ നഷ്ടത്തിന് ഇടവരുത്തി. നിരവധി കര്‍ഷകര്‍ തങ്ങളുടെ വിളകള്‍ നശിപ്പിച്ചു. ഗോതമ്പിന്റെയും എണ്ണക്കുരുക്കളുടെയും മിനിമം താങ്ങുവില കുറച്ചത് കര്‍ഷകരുടെ ബാധ്യത വീണ്ടും വര്‍ധിപ്പിച്ചു.

ശെഖാവതിയിലും പരിസരപ്രദേശങ്ങളിലും ഗോരക്ഷാസമിതിയുടെ നേതൃത്വത്തില്‍ കന്നുകാലിക്കച്ചവടക്കാര്‍ക്കെതിരെ നിരവധി ആക്രമണസംഭവങ്ങളാണ് ഉണ്ടായത്. ഇത് കര്‍ഷകര്‍ക്ക് അവരുടെ കന്നുകാലികളെ വില്‍ക്കാന്‍പോലും കഴിയാത്ത സാഹചര്യം സൃഷ്ടിച്ചു. അലഞ്ഞുതിരിയാന്‍ തുടങ്ങിയ കാലികള്‍ കൃഷി നശിപ്പിക്കാനും ആരംഭിച്ചു.

വൈദ്യുതിനിരക്ക് വര്‍ധനയ്‌ക്കെതിരെ ഈവര്‍ഷം ആദ്യം കിസാന്‍സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ സംഘടിച്ചു. ഫെബ്രുവരി രണ്ടിന് വന്‍ ജനകീയമാര്‍ച്ച് സംഘടിപ്പിച്ചു. മുപ്പതിനായിരത്തിലധികം കര്‍ഷകരാണ് മാര്‍ച്ചില്‍ അണിനിരന്നത്. മാര്‍ച്ച് രണ്ടിന് ജയ്പുരില്‍ ഒരു മഹാധര്‍ണ സംഘടിപ്പിക്കുമെന്ന തീരുമാനമെടുത്താണ് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ പിരിഞ്ഞത്്. ജനരോഷം തങ്ങള്‍ക്കെതിരാണെന്ന് മനസ്സിലാക്കിയ വസുന്ധര രാജെ സിന്ധ്യ സര്‍ക്കാരിന് നിരക്കുവര്‍ധനയെന്ന മുന്‍തീരുമാനത്തില്‍നിന്ന് പിന്നോട്ടുപോകേണ്ടി വന്നു.

വൈദ്യുതി നിരക്കുവര്‍ധന പിന്‍വലിച്ചിട്ടും കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല. കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കന്നുകാലിവില്‍പ്പന നിരോധനം പിന്‍വലിക്കുക, അലഞ്ഞുതിരിയുന്ന കന്നുകാലികളെ നിയന്ത്രിക്കാന്‍ നടപടിയെടുക്കുക, സഹകരണ സൊസൈറ്റികള്‍ക്ക് നല്‍കിയിരുന്ന തുക പിന്‍വലിച്ചത് പുനഃപരിശോധിക്കുക, കാര്‍ഷിക പെന്‍ഷന്‍ നടപ്പാക്കുക, സിക്കറില്‍ കനാല്‍ ജലസേചനശൃംഖല നിര്‍മിക്കുക, ദളിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും എതിരായ അതിക്രമം അവസാനിപ്പിക്കുക, പൊതുവിതരണസമ്പ്രദായം നടപ്പാക്കുക, തൊഴില്‍രഹിതര്‍ക്ക് ജോലി ഉറപ്പാക്കുക, ടോള്‍ ചാര്‍ജുകള്‍ പിന്‍വലിക്കുക, തൊഴിലുറപ്പുപദ്ധതി നടപ്പാക്കുക തുടങ്ങി 12 ആവശ്യങ്ങള്‍ ഉന്നയിച്ച് കിസാന്‍സഭ സര്‍ക്കാരിന് നിവേദനം നല്‍കി.
സെപ്തംബര്‍ ഒന്നുമുതല്‍ കര്‍ഷകര്‍ അനിശ്ചിതകാലധര്‍ണ ആരംഭിച്ചു. 13 ദിവസം നീണ്ടുനിന്ന ഈ മഹാസമരത്തില്‍ 15,000 പേര്‍ അണിനിരന്നു. സിക്കറിലെയും 11 ജില്ലകളിലെയും മറ്റ് തൊഴിലാളിവിഭാഗങ്ങളില്‍നിന്നുള്ളവരും സമരത്തിന് പിന്തുണയുമായി എത്തി. ഇത് സര്‍ക്കാരിനെ സമരക്കാരുമായി ചര്‍ച്ചയ്ക്ക് നിര്‍ബന്ധിച്ചു. ചര്‍ച്ചയ്‌ക്കൊടുവില്‍ ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരത്തിന് വിജയകരമായ പര്യവസാനമായത്.

അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും ഭരണകൂടത്തിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെയും സമരം നയിച്ച് ജയംവരിച്ച നിരവധി അനുഭവങ്ങള്‍ സിക്കറിനുണ്ട്. സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ജനങ്ങളുടെ കൂട്ടായ പോരാട്ടത്തിലൂടെ വിജയം നേടാന്‍ സാധിക്കുമെന്നാണ് ഈവര്‍ഷം സിക്കറില്‍ നടന്ന സമരവും നേടിയെടുത്ത വിജയവും ചൂണ്ടിക്കാണിക്കുന്നത്.

(ജെഎന്‍യുവിലെ സെന്റര്‍ ഫോര്‍ ഇക്കോണമിക് സ്റ്റഡീസ് ആന്‍ഡ് പ്‌ളാനിങ്ങിലെ അസോസിയറ്റ് പ്രൊഫസറാണ് ലേഖകന്‍)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News