ഫാസിസം ഒരു മനോരോഗം; ഫാസിസത്തെ പ്രവചിച്ച് വീണ്ടും ഡോക്ടര്‍ കാലിഗരി

ഒന്നാം ലോകയുദ്ധത്തിന് ശേഷം ഹിറ്റ്‌ലറുടെ വരവിനെ സംശയലേശമന്യേ സ്ഥാപിച്ച ഒരു ചലച്ചിത്രാവിഷ്‌കാരമായാണ് റോബര്‍ട്ട് വെയിനിയുടെ ഭദി ക്യാബിനറ്റ് ഓഫ് ഡോക്ടര്‍ കാലിഗരി’ ചരിത്രത്തിലിടം നേടിയത്.

കാലിഗരിയുടെ കാബിനറ്റ് പുറത്തിറങ്ങി ഒരു നൂറ്റാണ്ടിനോടടുത്ത് പ്രായമാവുമ്പോഴും ഡോക്ടര്‍ കാലിഗരിയുടെ പ്രവചനങ്ങള്‍ പഴകുന്നില്ലെന്ന് വേണം കരുതാന്‍.

ഈ നിശബ്ദ സിനിമയെ ഫാസിസത്തിനെതിരായ പുതിയ ശബ്ദമാക്കി എങ്ങനെ മാറ്റാമെന്ന അന്വേഷണത്തിനൊടുവിലാണ് ഒരു സംഘം നാടകപ്രവര്‍ത്തകര്‍ സിനിമയുടെ നാടകാവിഷ്‌ക്കാരവുമായി രംഗത്ത് വരുന്നത്.

ഖസാക്കിന്റെ ഇതിഹാസത്തിന് ശേഷം ദീപന്‍ ശിവരാമന്‍ സിനിമയ്ക്ക് പരീക്ഷണ അരങ്ങൊരുക്കുമ്പോള്‍ ഡോ. കലിഗരിയാകുന്നത് ചലച്ചിത്ര നടനും നിര്‍മ്മാതാവുമായ പ്രകാശ് ബാരെയാണ്.

രാജ്യം ഫാസിസത്തിന്റെ തോക്കിന്മുനയില്‍ നില്‍ക്കുമ്പോള്‍ ആ ദുഷ്ടപ്രവണതയുടെ വരവ് ഇനി പ്രവചിക്കേണ്ടതില്ല. യാഥാര്‍ഥ്യമായിക്കഴിഞ്ഞു. ആ രാഷ്ട്രീയ വ്യവസ്ഥയ്‌ക്കൊപ്പം ഓരോ മനുഷ്യനും എങ്ങനെ സ്വയം ഫാസിസ്റ്റായി മാറുന്നു എന്ന് കണ്ടെത്തിയാല്‍ ഇനി മതിയാകും.

ഫാസിസത്തിന് എങ്ങനെ നമ്മുടെ ഓരോരുത്തരുടെയും ശബ്ദവും നിശബ്ദതയും അടിവളമാകുന്നു എന്ന് കുഴിച്ച് നോക്കിയാലും മതിയാകും.

അതായത് ഫാസിസം ഒരു മനോരോഗമാണെന്ന ഡോക്ടര്‍ കാലിഗരിയുടെ പ്രസ്താവന ശരിയായിവരുന്ന ഈ കാലത്തെയാണ് നാടകം എടുത്ത് പറയുന്നത് .

ഒരു മനോരോഗിയെ ഉപയോഗിച്ച് ഡോ കലിഗരി നടത്തുന്ന കൊലപാതകങ്ങാളും മറ്റ് നീച പ്രവര്‍ത്തികളുമാണ് ഇതിവൃത്തമെങ്കിലും നാം ഓരോരുത്തരും എങ്ങനെ കലിഗരിമാരുടെ കൈയ്യിലെ കളിപ്പാവയാകുന്നു കാലിഗരിമാര്‍ തന്നെയാകുന്നു എന്നാണ് ഇന്നത്തെ ഇരുളടഞ്ഞ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നാടകം പറയുന്നത്.

ഫാസിസത്തിനെതിരെ ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലായ ഒരു സിനിമയെ ഫാസിസത്തിനെതിരെ എങ്ങനെ തെളിച്ചമുള്ള പ്രതിരോധമാക്കാമെന്നാണ് ദീപനും പ്രകാശ് ബാരെയും ചേര്‍ന്നുള്ള നാടസംഘം കാട്ടിത്തരുന്നത്.

ഫാസിസം എങ്ങനെ സാധാരണമനുഷ്യരെ അനുസരണയുള്ള പട്ടാളക്കാരെപ്പോലെ വാര്‍ത്തെടുക്കുന്നു, കൊലപാതകങ്ങളും വംശഹത്യകളും ചെയ്യാന്‍ മടിയില്ലാത്തവരാക്കിത്തീര്‍ക്കുന്നു- എന്നാണ് നാടകം പരിശോധിക്കുന്നത്.

ഒരു ശവപ്പെട്ടിക്കകത്ത് വര്‍ഷങ്ങളായി ഉറങ്ങിക്കിടക്കുന്ന സിസാരെ എന്ന യുവാവുമായി ഡോ. കാലിഗരി സമാധാനപൂര്‍ണമായ ഒരു ടൗണിലെ മേളയിലേക്ക് ഒരു പ്രദര്‍ശനത്തിനായി എത്തുന്നതോടെ അവിടെ അരങ്ങേറുന്ന ദാരുണമായ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.

ദീപന്റെ മുന്‍ നാടകമായ ഖസാക്കിന്റെ ഇതിഹാസം പോലെ ദൃശ്യ-ശ്രാവ്യ സങ്കേതങ്ങളുടെ വൈഭവങ്ങളോടെയാകും കാലിഗരിയും അരങ്ങിലെത്തുക.

ദല്‍ഹി ഉള്‍പ്പെടെ 18 വേദികളില്‍ ഇതുവരെ നാടകം അരങ്ങിലെത്തി. കേരളത്തിന്റെ നാടകോല്‍സവമായ ഇറ്റ് ഫോക്കിലും അവതരിപ്പിച്ചിരുന്നു.

കൂടുതല്‍ പ്രേക്ഷകരിലേക്ക് കൂടി എങ്ങനെ എത്തിക്കാമെന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത്. നാടിന്റെ ഇന്നത്തെ അവസ്ഥയില്‍ ഈ നാടകത്തിന് വലിയ പ്രസക്തിയുമുണ്ട്.

വികസനമടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞ് ആളുകളെ മയക്കിക്കിടത്തി ഫസിസ്റ്റ് ചിന്തകള്‍ കടന്ന് വരുന്നതെങ്ങിനെയെന്നാണ് ഞങ്ങള്‍ അന്വേഷിക്കുന്നത്.” സംവിധായകന്‍ ദീപന്‍ ശിവരാമന്‍ പറയുന്നു.

ബ്ലൂ ഓഷ്യന്‍ തിയേറ്റര്‍, ഡല്‍ഹിയിലെ പെര്‍ഫോമന്‍സ് ആര്‍ട്ട് കളക്ടീവ്, പാലക്കാട് എന്‍ എസ് എസ് കോളേജ് അലുംനി അസോസിയേഷന്‍ എന്നിവരാണ് നാടകത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

കേരളത്തിലെ സമാന്തര -മുഖ്യധാര സിനിമകളിലൂടെ നടനായും നിര്‍മ്മാതാവായും പേരെടുത്ത പ്രകാശ് ബാരെ നേരത്തെ തന്നെ കഴിവുറ്റൊരു നാടക നടനുമായിരുന്നു.

സിനിമയോടൊപ്പം നാടകവും കൂട്ടിയിണക്കിക്കൊണ്ടുപോവാവുന്ന അപൂര്‍വ്വം കലാകാരില്‍ ഒരാളുമാണ് ബാരെ

ബാരെയോടൊപ്പം അരങ്ങിലും അണിയറയിലും ഡല്‍ഹി, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ കൂടി അണിനിരക്കുന്നു. ഒരു മണിക്കൂര്‍ പതിനഞ്ച് മിനുട്ടാണ് ഈ ഇംഗ്ലീഷ് നാടകത്തിന്റെ ദൈര്‍ഘ്യം.

തൃശൂര്‍ സംഗീതനാടകഅക്കാദമിയിലെ ഭരത് മുരളി തിയറ്ററില്‍ ഒക്ടോബര്‍ 13, 14 തീയതികളിലാണ് നാടകം. ഒക്ടോബര്‍ 13 (വെള്ളി): 7.15ുാ. ഒക്ടോബര്‍ 14 (ശനി): 6.15ുാ & 8.30ുാ എന്നിങ്ങനെയാണ് സമയക്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here