സാമ്പത്തികസ്ഥിതിയില്‍ ജനങ്ങള്‍ക്ക് നിരാശയെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി രാജ്യത്തിന്റെ സമ്പദ്ഘടനയുടെ സ്ഥിതി നിരാശാജനകമെന്ന് റിസര്‍വ് ബാങ്കിന്റെ സര്‍വേകള്‍. സമ്പാദ്യം, ചെലവ് എന്നിവയിലൂടെ ജനങ്ങള്‍ സമ്പദ്ഘടനയില്‍ പുലര്‍ത്തുന്ന വിശ്വാസത്തിന്റെ സൂചിക കുത്തനെ ഇടിഞ്ഞു. നിര്‍മിതോല്‍പ്പന്ന മേഖലയിലും തളര്‍ച്ചയാണ്.

വളര്‍ച്ചയിലും സംരംഭകമേഖലയിലും മാന്ദ്യം തുടരുന്നു.അതേസമയം, പണപ്പെരുപ്പം കുതിക്കുകയാണ്. പണനയ അവലോകനത്തിനൊപ്പം റിസര്‍വ് ബാങ്ക് രാജ്യത്തെ ആറ് നഗരങ്ങളില്‍ നടത്തിയ വ്യത്യസ്ത സര്‍വേകളിലാണ് സമ്പദ്ഘടനയുടെ നിരാശാജനകമായ ചിത്രം വ്യക്തമാക്കിയത്.

ആശങ്ക ശരിവയ്ക്കുകയാണ് റിസര്‍വ് ബാങ്ക്

രാഷ്ട്രീയനേതാക്കളും സാമ്പത്തികവിദഗ്ധരും ഉയര്‍ത്തിയ ആശങ്ക ശരിവയ്ക്കുകയാണ് റിസര്‍വ് ബാങ്ക്.

സമ്പദ്ഘടനയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നിര്‍ണയിക്കാന്‍ ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, ന്യൂഡല്‍ഹി എന്നീ ആറു നഗരങ്ങളിലായിരുന്നു സര്‍വേ.

ഇതിനുമുമ്പ് സര്‍വേ നടന്ന 2016 സെപ്തംബറിനെ അപേക്ഷിച്ച് സാമ്പത്തികരംഗം വഷളായെന്നാണ് 40.7 ശതമാനംപേരും അഭിപ്രായപ്പെട്ടത്. കഴിഞ്ഞവര്‍ഷം ഇങ്ങനെ പ്രതികരിച്ചത് 25.3 ശതമാനം മാത്രമായിരുന്നു. തൊഴില്‍രംഗത്തെ സാധ്യതകള്‍ ഇടിഞ്ഞതാണ് ജനങ്ങളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നം.

തൊഴില്‍മേഖലയില്‍ സ്ഥിതി വഷളായെന്ന് 44 ശതമാനംപേര്‍ പ്രതികരിച്ചു. വരുമാനത്തിന്റെ കാര്യത്തില്‍ ശുഭപ്രതീക്ഷ പുലര്‍ത്തുന്നവര്‍ 26.6 ശതമാനമായി ഇടിഞ്ഞു. മുന്‍വര്‍ഷം 37.3 ശതമാനമായിരുന്നു.

നിര്‍മിതോല്‍പ്പന്നമേഖലയെ സംബന്ധിച്ച പ്രതീക്ഷാ സൂചിക നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 103.6 ആയി ഇടിഞ്ഞു. വിലക്കയറ്റം ഇക്കൊല്ലം കഴിഞ്ഞവര്‍ഷത്തേക്കാള്‍ പ്രശ്‌നം സൃഷ്ടിക്കുമെന്ന് സാമ്പത്തികവിദഗ്ധരും രാജ്യാന്തര ഏജന്‍സികളും മുന്നറിയിപ്പുനല്‍കുന്നുണ്ട്.

റിസര്‍വ് ബാങ്കിന്റെ പണനയ അവലോകനത്തിലും വര്‍ധിച്ച പണപ്പെരുപ്പം ആസന്നമാണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel