അ‍വര്‍ണ്ണരായ വിധവകളാണ് പൂജാരിണികള്‍; ഒരു ജാതി ഒരു മതം ഒരു ദൈവമാണ് മന്ത്രം; നാരായണഗുരു കര്‍ണ്ണാടകത്തില്‍ സ്ഥാപിച്ച ക്ഷേത്രത്തിലേക്ക് കേരളാ എക്സ്പ്രസിന്‍റെ യാത്ര

മംഗലാപുരം: വടക്കുള്ള മലയാളിക്ക് മംഗലാപുരം ഒരു ചരിത്ര നഗരമാണ്. കുദ്രോളിയിലെ നൂറ്റാണ്ട് പ‍ഴക്കമുള്ള ഗോകര്‍ണ്ണ നാഥ ക്ഷേത്രമാണ് ആ ചരിത്രത്തിലേക്കുള്ള ഒരു കവാടം. കേരളം ക‍ഴിഞ്ഞ നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ കേട്ട ഏറ്റവും വലിയ സാമൂഹ്യ വിപ്ലവത്തിന്‍റെ മു‍ഴക്കങ്ങളില്‍ നിന്നാണ് ഈ ക്ഷേത്രത്തിന്‍റെ പിറവി.

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരു വചനത്തിലൂന്നി ഗുരു തന്നെ പ്രതിഷ്ഠിച്ച ക്ഷേത്രം. കാലങ്ങള്‍ ക‍ഴിഞ്ഞിട്ടും ആ ചിന്തയില്‍ നിന്ന് അണുപോലും പിന്മാറിയില്ലെന്ന് മാത്രമല്ല, പുതിയ വിമോചന മുന്നേറ്റങ്ങള്‍ കൂടി ഉയര്‍ത്തിക്കാട്ടുന്നു എന്നതാണ് ഇന്ന് ഈ ആരാധനാലയത്തിന്‍റെ മഹത്വം.

പുതിയ ക്ഷേത്രപ്രവേശന വിപ്ലവം

അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനം സാധ്യമാക്കിയ ക്ഷേത്രം ഇന്ന് വിധവകളായ സ്ത്രീകളെ പൂജാരിണികളാക്കിയാണ് പുതിയ ക്ഷേത്രപ്രവേശന വിപ്ലവം കൂടി ഏറ്റെടുത്തിരിക്കുകയാണ്.

`ആദ്യം ശിവന്‍ ഉണ്ടാകട്ടേ ആത്മബലം പിന്നീട് വന്നുകൊള്ളും’. 1888 മാര്‍ച്ച് 11ന്‍റെ ശിവരാത്രി ദിവസം നെയ്യാറിന്‍റെ ആ‍ഴങ്ങളിലേക്കിറങ്ങി ഒരു വലിയ കല്ലുമായി പൊങ്ങി വരുമ്പോള്‍ സാക്ഷാല്‍ നാരായണഗുരു പറഞ്ഞതാണിത്.

കൊടിയ വര്‍ണ്ണവ്യവസ്ഥയിലും ജാതിവ്യവസ്ഥയിലും ആണ്ടിറങ്ങിയ ജനതയ്ക്ക് ആ വാക്കുകളേക്കാള്‍ ആത്മബലം പകരുന്ന മറ്റെന്ത് പ്രതിഷ്ഠ വേണം? അരുവിപ്പുറത്തെ വിപ്ലവത്തിന് ശേഷം കേരളത്തിലങ്ങോളമിങ്ങോളം ഗുരു നടത്തിയ പ്രതിഷ്ഠാ വിപ്ലവത്തിന്‍റെ തുടര്‍ച്ചയായാണ് മംഗലാപുരത്തെ ഈ ഗോകര്‍ണ്ണനാഥ പ്രതിഷ്ഠയും.

1913ലാണ് നാരായണ ഗുരു കുദ്രോളിയില്‍ ഗോകര്‍ണ്ണനാഥനെ പ്രതിഷ്ഠിച്ചത്. കര്‍ണ്ണാടകയിലെ അവര്‍ണ്ണ സമുദായ നേതാവായ ജ്ഞാനപ്പ നായിക്കും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് ഗോകര്‍ണ്ണ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് ഈ ക്ഷേത്ര വിപ്ലവത്തിന് നിമിത്തമായത്.

മൂവരെയും അവര്‍ണ്ണരായതിനാല്‍ ഗോകര്‍ണ്ണത്തെ ബ്രാഹ്മണര്‍ ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കിയെന്ന് മാത്രമല്ല ശുദ്ധികലശവും പുണ്യാഹവും നടത്തി അപമാനിക്കുക കൂടി ചെയ്തു. അതിന് ഗുരു നല്‍കിയ മറുപടിയായിരുന്നു കുദ്രോളി ഗോകര്‍ണ്ണനാഥന്‍.

ടിപ്പു സുല്‍ത്താന്‍റെ കാലത്തെ കുതിര ലായമായിരുന്ന സ്ഥലം ഒരു മുസ്ലീം സഹോദരനാണ് ഗുരുവിന് ക്ഷേത്രനിര്‍മ്മാണത്തിന് വിട്ടു നല്‍കിയത്. കേരളീയമായ ശൈലിയിലുള്ള ക്ഷേത്രം. കേരളീയമായ പൂജാക്രമങ്ങള്‍. കേരളീയരായ പൂജാരികള്‍.

പക്ഷേ ക്ഷേത്രം കേരളീയമല്ലെന്ന് തോന്നുക, അവര്‍ണ്ണര്‍ക്കും പിന്നെ അശുദ്ധികല്‍പ്പിക്കപ്പെട്ട വിധവകളായ സ്ത്രീകളെയും ഉള്‍പ്പെടുത്തിയുള്ള ഈ പുതിയ ക്ഷേത്രവിപ്ലവം കാണുമ്പോ‍ഴാണ്.

കേരളം വ‍ഴിയിലുപേക്ഷിച്ച ആ വിപ്ലവം ഇന്ന് ഏറ്റെടുക്കുന്നത് കര്‍ണ്ണാടകമാണെന്ന് കേള്‍ക്കുമ്പോള്‍ മലയാളിപ്രബുദ്ധത ലജ്ജിക്കണം.

നാരായണ ഗുരു മലയാളിയെ മനുഷ്യനാക്കിയ രണ്ട് നൂറ്റാണ്ടിന് ശേഷവും കേരളത്തിലെ ക്ഷേത്രങ്ങളില്‍ നമുക്ക് ഇപ്പോ‍ഴും അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് കാണാം.

അവര്‍ണ്ണനായത് കൊണ്ട് പൂജാരിയാവാന്‍ അനുമതിക്കാത്ത തിട്ടൂരങ്ങള്‍ കേള്‍ക്കാം. ഒരു പുണ്യഗ്രന്ഥങ്ങളും പറഞ്ഞിട്ടില്ലാത്ത അശുദ്ധിവാദവും അധമത്വവും ആരോപിച്ച് സത്രീകളെ ഇന്നും ക്ഷേത്ര നടയ്ക്ക് പുറത്ത് നിര്‍ത്തുന്നത് കാണാം.

അവിടെയാണ് അവര്‍ണ്ണരും കൂടാതെ വിധവകളുമായ ലക്ഷ്മിശാന്തിയെയും ഇന്ദിരശാന്തിയെയും പൂജാരിണിമാരാക്കി ഈ കന്നട ക്ഷേത്രം വിപ്ലവം സൃഷ്ടിച്ചത്.

ലക്ഷ്മി ശാന്തി മരണം പൂകി പരലോകത്ത് സാക്ഷാല്‍ ഗോകര്‍ണ്ണനാഥന്‍റെ സവിധത്തിലാണിപ്പോള്‍. ഒറ്റയ്ക്കെങ്കിലും ഇന്ദിരശാന്തി ആ കര്‍മ്മപഥത്തില്‍ മുന്നോട്ട് തന്നെയാണ്.

സ്ത്രീകളെ ക്ഷേത്രത്തിലെ പൂജാരിണികളാക്കിയപ്പോള്‍ ബ്രാഹ്മണര്‍ എതിര്‍പ്പുകളുമായി രംഗത്തെത്തിയിരുന്നു. പക്ഷേ വിശ്വാസികളും ക്ഷേത്രവും കൂടെ നിന്നത് കൊണ്ട് അതൊന്നും വിലപ്പോയില്ല.

പലരും ദുശ്ശകുനമായി കാണുന്ന വൈധവ്യത്തില്‍ നിന്നുള്ള മോചനം ഇപ്പോള്‍ അവര്‍ക്ക് മനശ്ശാന്തി നല്‍കുന്നു. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുന്നതിനുള്ള വരുമാനം ലഭിക്കുന്നു.

കുടുംബാംഗങ്ങളുമായി പ‍ഴയത് പോലെ ഇടപ‍ഴകാനാവുന്നില്ലെങ്കിലും ഈ മാറ്റം വലിയ സമാധാനമാണ് ഇന്ദിരശാന്തി പറയുന്നു.

കര്‍ണ്ണാടകയില്‍ ഇന്നും സ്ത്രീകളില്‍ ഏറ്റവും ദുരിതവും അവഗണനയും അനുഭവിക്കുന്ന ഭ്രഷ്ട സമൂഹമാണ് വിധവകള്‍. എന്നാല്‍ കുദ്രോളി ക്ഷേത്രത്തില്‍ കാ‍ഴ്ച്ച വേറെയാണ്.

ദീപാവലി നാളില്‍ ആയിരക്കണക്കിന് വിധവകളാണ് ക്ഷേത്രത്തില്‍ വന്ന് രഥം വലിക്കുന്നത്‍. മത ഭീകരതകള്‍ ഇറക്കുമതി ചെയ്യുന്ന നാടെന്ന വലിയ ചീത്തപ്പേരുള്ള നാടാണെന്നോര്‍ക്കണം മംഗലാപുരം.

ഇന്ത്യയില്‍ ജാതിവിവേചനത്തിന്‍റെ വലിയ നിലവിളികള്‍ ഉയരുന്ന ഒരു സംസ്ഥാനത്തിന്‍റെ ഏറ്റവും തെക്കേ അറ്റത്തെ ഒരു തുറമുഖ നഗരം. അവിടെയാണ് ജാതിവിലക്കുകളെല്ലാം പൊട്ടിച്ചെറിഞ്ഞ് ഇങ്ങനെയൊരു ക്ഷേത്രം തലയുയര്‍ത്തി നില്‍ക്കുന്നത്.

കുദ്രോളി ക്ഷേത്രം പലര്‍ത്തുന്ന അന്തസ്സുള്ള മതസാഹോദര്യവും മാനവമൈത്രിയും മലയാളി എവിടെയെങ്കിലും മാതൃകയാക്കുമെങ്കില്‍ സ്ത്രീകളുടെ ശബരിമല പ്രവേശമെങ്കിലും ഇവിടെ വലിയൊരു ചോദ്യ ചിഹ്നമായി അവശേഷിക്കുമായിരുന്നില്ല.

കുദ്രോളി ഗോകര്‍ണനാഥ ക്ഷേത്രത്തിലേക്കുള്ള കേരള എക്സ്പ്രസിന്‍റെ യാത്ര ഇവിടെ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News