കേരള ബാങ്ക് ചിങ്ങം ഒന്നിന്; കേരളത്തിന്റെ സമഗ്ര വികസനത്തിനുള്ള പദ്ധതികളുമായി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: കേരള സഹകരണ ബാങ്ക് രൂപീകരണം അടുത്ത വര്‍ഷം ചിങ്ങം ഒന്നിന് (2018 ആഗസ്റ്റ് 16ന്) പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രിയുടെ പദ്ധതി അവലോകനത്തില്‍ വ്യക്തമായി. ബാങ്ക് തുടങ്ങുന്നതിന് ആര്‍ബിഐക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.

ജീവനക്കാരുടെ പുനര്‍വിന്യാസം, നിക്ഷേപവായ്പാ പദ്ധതികളുടെ ഏകോപനം തുടങ്ങി ബാങ്കിന്റെ അടുത്ത അഞ്ചുവര്‍ഷത്തെ ബിസിനസ് പോളിസി ആര്‍ബിഐക്ക് സമര്‍പ്പിച്ചു.

സഹകരണ വകുപ്പിന്റെ ആധുനികവല്‍ക്കരണം നല്ല നിലയില്‍ മുന്നോട്ടുപോകുന്നു. പ്രാഥമിക സഹകരണ ബാങ്കുകളുടെ ആധുനികവല്‍ക്കരണത്തിന് നടപടി ആരംഭിച്ചു.

10 ഐടിഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

സംസ്ഥാനത്തെ 10 ഐടിഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുളള 228 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്.

ഐടിഐകളുടെ പരിശീലന പദ്ധതി മെച്ചപ്പെടുത്തന്നതിന് സംസ്ഥാനത്തെ കെഎസ്ആര്‍ടിസി പോലുളള പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

മലബാര്‍ റിവര്‍ ക്രൂയിസ്

കാസര്‍കോട് കണ്ണൂര്‍ ജില്ലകളിലെ 8 നദികളെ ബന്ധിപ്പിച്ച് മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി നടപ്പാക്കാന്‍ നടപടി ആരംഭിച്ചു. 325 കോടി രൂപയാണ് ചെലവ്.

മാഹി പുഴ, അഞ്ചരക്കണ്ടി, പെരുമ്പ, തേജസ്വനി, ചന്ദ്രഗിരി എന്നീ പുഴകളുമായി ബന്ധപ്പെടുത്തിയുളള ടൂറിസം പദ്ധതികള്‍ 2018 സപ്തംബറില്‍ പൂര്‍ത്തിയാകും. പത്തനംതിട്ട-ഗവി-വാഗമണ്‍-തേക്കടി ഇക്കോടൂറിസം പദ്ധതി 2018 ജൂണില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

ആതിരപ്പളളി, മലയാറ്റൂര്‍, കാലടി, കോടനാട് നാച്ച്വര്‍ ടൂറിസം വികസിപ്പിക്കുന്നതിന് 99 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ശിവഗിരി-ചെമ്പഴന്തി-ഗുരുകുലം-കുന്നുപാറ-അരുവിപ്പുറം- ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് നടപ്പാക്കും.

100 കോടി രൂപയുടെ പദ്ധതി കേന്ദ്ര അനുമതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ അഥിതി മന്ദിരങ്ങള്‍ക്ക് പുതിയ ബ്ലോക്കുകള്‍ നിര്‍മ്മിക്കുന്നതിനും നിലവിലുളളവ നവീകരിക്കുന്നതിനും നടപടി ആരംഭിച്ചു. ശബരിമലയിലും ഗുരുവായൂരിലും പുതിയ അഥിതി മന്ദിരങ്ങള്‍ 2019 അവസാനം പൂര്‍ത്തിയാകും.

സംസ്ഥാനത്തെ 1664 വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് ആക്കുന്നതിനുളള പദ്ധതി ആരംഭിച്ചു. ഒരേ മാതൃകയിലുളള ഓഫീസുകളില്‍ ആധുനിക സൗകര്യങ്ങളെല്ലാം ഉണ്ടാകും.

201617ല്‍ 26 വില്ലേജ് ഓഫീസുകള്‍ പൂര്‍ത്തിയായി. ഈ സാമ്പത്തിക വര്‍ഷം 39 എണ്ണം സ്മാര്‍ട്ടാകും. ഘട്ടംഘട്ടമായി മുഴുവന്‍ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ടാവും.

ഭൂരേഖാ കമ്പ്യൂട്ടര്‍വല്‍ക്കരണം വേഗത്തില്‍ പുരോഗമിക്കുന്നു. ഇതിനകം 1257 വില്ലേജുകളില്‍ ഓണ്‍ലൈനില്‍ സേവനം ലഭ്യമാക്കുന്നുണ്ട്.

2 കോടി 44 ലക്ഷം രേഖകള്‍ ഡിജിറ്റൈസ് ചെയ്തു.

പാര്‍ക്കിംഗ് പദ്ധതി

സംസ്ഥാനത്തെ വാഹന പാര്‍ക്കിംഗ് പ്രശ്നം പരിഹരിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് ശ്രമം തുടങ്ങി. ആദ്യഘട്ടത്തില്‍ 6 കോര്‍പ്പറേഷനുകളില്‍ പാര്‍ക്കിംഗ് പദ്ധതി നടപ്പാക്കും.

ഇതിനുളള പഠനം ആരംഭിച്ചിട്ടുണ്ട്. പാര്‍ക്കിംഗ് നയം രൂപീകരിക്കാനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ഗ്രാമപഞ്ചായത്തുകളില്‍ സാമൂഹികസാമ്പത്തികമാനവിക സൂചിക തയ്യാറാക്കുന്ന നടപടികള്‍ ആരംഭിച്ചു. 2018 ആഗസ്റ്റില്‍ മുഴുവന്‍ കുടുംബങ്ങളുടെയും ഡാറ്റാബേസ് തയ്യാറാകും.

വൃദ്ധജനങ്ങള്‍ക്ക് പകല്‍വീട് നിര്‍മ്മിക്കുന്ന പദ്ധതി അടുത്ത വര്‍ഷം നടപ്പാക്കും. ഒരു പഞ്ചായത്തില്‍ ഒരു മാതൃകാ പകല്‍വീട് നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഭവനനിര്‍മ്മാണം

തിരുവനന്തപുരം ടെക്നോപാര്‍ക്കിനടുത്ത് ഭവനവകുപ്പ് പണിയുന്ന വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ 2020 ഡിസംബറിര്‍ പൂര്‍ത്തിയാകും. 10 നിലകളുളള കെട്ടിടത്തില്‍ 540 മുറികളുണ്ടാകും.

1300 പേര്‍ക്ക് താമസിക്കാം. ചെലവ് 102 കോടി രൂപ. മാനന്തവാടിയിലും വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ പണിയുന്നുണ്ട്. ഇത് 2018 ഒക്ടോബറില്‍ പൂര്‍ത്തിയാകും.

മത്സ്യബന്ധനം

ജനകീയ മത്സ്യകൃഷി രണ്ടാംഘട്ടത്തിന്റെ ഭാഗമായി 4027 കുളങ്ങളില്‍ മത്സ്യം വളര്‍ത്തല്‍ ആരംഭിച്ചു. 2475 പാഠശേഖരങ്ങളിലും മത്സ്യകൃഷി തുടങ്ങി.

2000 ചെമ്മീന്‍ കൃഷി കേന്ദ്രങ്ങള്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. മത്സ്യക്കുഞ്ഞ് ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ നിലവിലുളള ഹാച്ചറികള്‍ നവീകരിക്കുകയും പുതിയ ഹാച്ചറികള്‍ ആരംഭിക്കുകയും ചെയ്യും.

കടലില്‍ അപകടത്തില്‍ പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിന് മറൈന്‍ ആംബുലന്‍സ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് അനുയോജ്യമായ ബോട്ട് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് നിര്‍മ്മിച്ചു നല്‍കും.

അസംഘടിത തൊഴിലാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസം ഒരുക്കുന്നതിനുളള പദ്ധതി ആരംഭിച്ചു. അടിമാലിയില്‍ 216 യൂണിറ്റുളള അപ്പാര്‍ട്ടുമെന്റിന്റെ നിര്‍മ്മാണം 90 ശതമാനം പൂര്‍ത്തിയായി.

തോട്ടം മേഖലയില്‍ 3 സെന്റ് സ്ഥലമുളളവര്‍ക്ക് വീട് വെച്ചുനല്‍കുന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടിയുളള അപ്നാഘര്‍ പദ്ധതിയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഹോസ്റ്റലുകളില്‍ പാലക്കാട്ടെ ഹോസ്റ്റലിന്റെ പണി പൂര്‍ത്തിയായി.

രാമനാട്ടുകര, കളമശ്ശേരി എന്നിവിടങ്ങളിലും ഹോസ്റ്റല്‍ വരുന്നുണ്ട്. സംസ്ഥാനത്ത് 30 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളുണ്ട്.

അവര്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതിയും ചികിത്സാ പദ്ധതിയും നടപ്പാക്കുന്നുണ്ട്.

ഈ വര്‍ഷം അഞ്ചുലക്ഷം പേരെ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേര്‍ക്കും. കെട്ടിടനിര്‍മ്മാണത്തിലും മറ്റും അപകടകരമായ നിലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ എടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

പരിഷ്‌കൃത രാജ്യങ്ങളില്‍ ഇത്തരം സംവിധാനങ്ങളുണ്ട്. ജോലിസമയത്ത് തൊഴിലാളികളുടെ സുരക്ഷയുടെ ഉത്തരവാദിത്വം കരാറുകാരനായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലാ താലൂക്ക് ആശുപത്രികളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യം

സംസ്ഥാനത്തെ മുഴുവന്‍ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും പരിശോധനാ ലാബുകള്‍ സ്ഥാപിക്കും. 848 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാനുളള നടപടികള്‍ ആരംഭിച്ചു.

ഇതില്‍ 155 എണ്ണം അടുത്ത ജനുവരിയില്‍ പൂര്‍ത്തിയാകും. ജില്ലാ, താലൂക്കാശുപത്രികളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി, സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

8 ജില്ലാ ആശുപത്രികളില്‍ കാത്ത് ലാബ് സ്ഥാപിക്കും. എല്ലാ താലൂക്ക് ആശുപത്രികളിലും 44 ഡയാലിസിസ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

ജില്ലാ ആശുപത്രികളില്‍ പക്ഷാഘാത ചികിത്സയ്ക്കും കാന്‍സറിനുളള തുടര്‍ ചികിത്സയ്ക്കും സൗകര്യം ഒരുക്കും. ജില്ലാ ആശുപത്രികളില്‍ പാലിയേറ്റീവ് ക്ലിനിക്കുകള്‍ തുടങ്ങും.

കണ്ണൂരിലെ ഹോമിയോപതിക് ഫെര്‍ട്ടിലിറ്റി സെന്റര്‍ മികവിന്റെ കേന്ദ്രമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here