ഫ്രീക്കേഴ്‌സ് ജാഗ്രതൈ; രൂപമാറ്റം വരുത്തിയ കാറുകളും ബൈക്കുകളും പിടികൂടാന്‍ പൊലീസ്

കോഴിക്കോട്: രൂപമാറ്റം വരുത്തിയ കാറുകളും ബൈക്കുകളും പിടികൂടാന്‍ കോഴിക്കോട്ട് പൊലീസ് തയ്യാറെടുക്കുന്നു. ഇത്തരം വാഹനങ്ങള്‍ വഴിയുണ്ടാകുന്ന റോഡപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷനും റദ്ദാക്കും.

വിവിധതരത്തില്‍ രൂപമാറ്റം വരുത്തിയ ബൈക്കുകളും കാറുകളും പിടികൂടാനാണ് സിറ്റി പൊലീസ് നടപടി ആരംഭിച്ചത്. റോഡപകടങ്ങള്‍ കൂടാന്‍ ഇത്തരം വാഹനങ്ങള്‍ കാരണമാകുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് നടപടി ആരംഭിച്ചത്.

ഇതിന്റെ ഭാഗമായി ഇത്തരം വാഹനങ്ങള്‍ കൂടുതല്‍ എത്തുന്ന കോഴിക്കോട് ബീച്ച്, മിന ബൈപ്പാസ്, വെളളയില്‍ ബീച്ച്, വെളളിമാട്കുന്ന് എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കും.

ബൈക്കുകളും മറ്റ് വാഹനങ്ങളും നിയമവിരുദ്ധമായി രൂപമാറ്റം വരുത്തി നല്‍കുന്ന നഗരത്തിലെ ചില സ്ഥാപനങ്ങള്‍ ഇതിനകം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വര്‍ക്ക്‌ഷോപ്പുകളോട് ചേര്‍ന്നാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെടുമെന്നും വിവരമുണ്ട്.

നഗരത്തിലെ ചില ബൈക്ക് സ്റ്റണ്ടിംഗ് ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പുതിയ ബൈക്കുകള്‍ക്ക് പുറമെ പഴക്കം ചെന്ന ബൈക്കുകളും രൂപമാറ്റം വരുത്തി നിരത്തിലിങ്ങുന്നു. ലോറി സ്റ്റാന്റിനോട് ചേര്‍ന്നുളള ബൈക്കിന്റെ പാര്‍ട്‌സ് വില്‍ക്കുന്ന കടകളിലാണ് രൂപമാറ്റം വരുത്താനാവശ്യമായ സാധനങ്ങള്‍ വില്‍പ്പന നടത്തുന്നത്.

ബൈക്കുകളില്‍ സൈലന്‍സറും ഹാന്‍ഡ്‌ലും ഹെഡ്‌ലൈറ്റുമാണ് പ്രധാനമായും മാറ്റം വരുത്തുന്നത്. ഹെഡ്‌ലൈറ്റുകള്‍ പൂര്‍ണ്ണമായി അഴിച്ചുമാറ്റി അപകടത്തില്‍ തകര്‍ന്ന നിലയിലാക്കുന്നതും യുവാക്കള്‍ക്കിടയില്‍ ഫാഷനായിട്ടുണ്ട്. ആര്‍സി ബുക്കില്‍ പറയുന്നതിന് വിരുദ്ധമായ നിറവും വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്.

സൈലന്‍സറുകള്‍ അമിതമായി വലിപ്പം കൂട്ടിയും നന്നേ കുറച്ചും വന്‍ ശബ്ദം പുറപ്പെടുവിക്കുന്ന് തരത്തിലാക്കുകായണ്. പൊട്ടിത്തെറിക്കുന്ന ശബ്ദത്തോടെ ചീറിപ്പായുന്ന ബൈക്കുകള്‍ മറ്റ് ഇരുചക്ര വാഹനങ്ങള്‍ക്ക് വലിയ ഭീഷണിയാവുന്നു. എയര്‍ഹോണിന് സമാനമായ അമിത ശബ്ദമുളള ഹോണുകളും ഇത്തരം ഇത്തരം ബൈക്കുകളില്‍ സ്ഥാപിക്കുന്നു.

കാറുകളിലും ജീപ്പുകളിലും രൂപമാറ്റം വരുത്തുന്ന സംഘങ്ങളും നഗരത്തിലുണ്ട്. മുകളില്‍ കൂടുതല്‍ ലൈറ്റുകള്‍ ഘടിപ്പിക്കുക, വീലുകള്‍ വലുതാക്കുക, കയര്‍ ചുറ്റിയിടുക എന്നിവയാണ് നാലുചക്രവാഹനങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍. പരിശോധനയില്‍ പിടികൂടുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുളള നടപടികള്‍ പൊലീസ് സ്വീകരിക്കും.

നഗരത്തിലെ ചില കോളേജുകള്‍ കേന്ദ്രീകരിച്ചും ഇത്തരം വാഹനങ്ങളുടെ ഉപയോഗം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിശോധന നടത്തനാണ് പൊലീസ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News