ഓര്‍മ്മയില്ലേ, കേരള രാഷ്ട്രീയത്തെ ത്രസിപ്പിച്ച ഇടതുമുന്നണിയുടെ രാപ്പകല്‍ സത്യഗ്രഹം; ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ട് ആ ഐതിഹാസിക സമരത്തിന്റെ വിജയം

തിരുവനന്തപുരം: കേരളത്തിനു കേട്ടുകേള്‍വിയില്ലാത്ത അഴിമതി കഥകളാണ് സോളാര്‍ തട്ടിപ്പ് കേസിലൂടെ ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരുന്നത്. കൈരളി പീപ്പിള്‍ ടിവിയുടെ പിവി കുട്ടന്‍ ജൂണ്‍ 11നാണ് സോളാര്‍ തട്ടിപ്പു വാര്‍ത്ത ജനശ്രദ്ധയില്‍ കൊണ്ടുവരുന്നത്.

12നുതന്നെ നിയമസഭയില്‍ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ അടക്കമുള്ള നേതാക്കള്‍ ഈ പ്രശ്‌നം ഉന്നയിച്ചു. 13ന് അടിയന്തരപ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രിക്കും തട്ടിപ്പുമായുള്ള ബന്ധം പുറത്തുവന്നു. തട്ടിപ്പിന് നേതൃത്വം കൊടുത്തവര്‍ മുഖ്യമന്ത്രിയെ മറയായി ഉപയോഗിച്ചതും വ്യക്തമായി.

പിന്നീടങ്ങോട്ട് ഐതിഹാസിക പ്രക്ഷോഭങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. സിപിഐഎമ്മിന്റെയും എല്‍ഡിഎഫിന്റെയും നേതൃത്വത്തില്‍ ഗ്രാമ നഗരങ്ങളിലലെല്ലാം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായ പ്രതിഷേധം ഉയര്‍ന്നു.

ജനനേതാക്കളും ജനപ്രതിനിധികളും കോരിച്ചൊരിയുന്ന മഴയത്ത് അണിനിരന്ന എല്‍ഡിഎഫ് രാപ്പകല്‍ സത്യഗ്രഹം കേരളത്തിന്റെ ചരിത്രത്തില്‍ പുതിയ അനുഭവം കുറിക്കുകയായിരുന്നു. അഴിമതിയുടെ ചെളിക്കുണ്ടില്‍ ആഴ്ന്നുപോയ ഭരണസംവിധാനത്തെ അടിമുടി പിടിച്ചുലച്ചായിരുന്നു സമരത്തിന്റെ തുടക്കവും ഒടുക്കവും.

മഴയും കൊടുംതണുപ്പും കൂസാതെ ജനസഹസ്രങ്ങള്‍ ഒഴുകിയെത്തിയതോടെ സെക്രട്ടറിയറ്റ് പരിസരം രാവും പകലും ഭേദമില്ലാതെ സമരാവേശത്തില്‍ മുങ്ങി. അഴിമതിയില്‍ പങ്കാളികളാണെന്ന് പകല്‍പോലെ തെളിഞ്ഞിട്ടും കസേരയില്‍ കടിച്ചുതൂങ്ങുന്ന ഭരണാധികാരികള്‍ക്കെതിരായ ജനതയുടെ താക്കീതായി രാപ്പകല്‍ സമരം.

നേതാക്കള്‍ക്കെതിരെ കേസെടുത്തും പന്തല്‍ പൊളിക്കാന്‍ കാക്കിപ്പടയെ നിയോഗിച്ചും സമരം കലക്കുമെന്ന ഭീഷണിക്കുമുന്നില്‍ മുട്ടുമടക്കാതെ ആയിരങ്ങളാണ് നേതാക്കള്‍ക്കൊപ്പം സമരത്തില്‍ അണിചേര്‍ന്നത്. നേതാക്കളുടെയും ജനപ്രതിനിധികളുടെയും ഉച്ചയൂണും ചായയും അത്താഴവുമെല്ലാം സമരപ്പന്തലില്‍ത്തന്നെ.

പികെ ശ്രീമതി, ടിഎന്‍ സീമ എംപി എന്നിവരടക്കമുള്ള വനിതാ നേതാക്കളും പ്രവര്‍ത്തകരും സമരവേദിയില്‍ രാത്രിയിലും സജീവസാന്നിധ്യമായി. മുതിര്‍ന്ന നേതാക്കള്‍ക്ക് കട്ടിലൊരുക്കിയപ്പോള്‍ ജനപ്രതിനിധികള്‍ക്ക് നിലത്തുവിരിച്ചിട്ട പായയിലായിരുന്നു ഉറക്കം.

സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത രാപ്പകല്‍ സമരത്തില്‍ പലഘട്ടങ്ങളിലായി വിഎസ് അച്യുതാനന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, ആര്‍എസ്പി ദേശീയ സെക്രട്ടറി പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍ എന്നിവരും എത്തി. ജീവിതത്തിന്റെ നാനാതുറകളിലുള്ള നൂറുണക്കിന് പ്രവര്‍ത്തകരാണ് സമരപ്പന്തലില്‍ രാവിലെവരെ നിലയുറപ്പിച്ചത്.

ജില്ലാ കേന്ദ്രങ്ങളില്‍ നടത്തി വന്ന രാപ്പകല്‍ സമരം ആഗസ്റ്റ് നാലിന് അവസാനിപ്പിച്ചു. തുടര്‍ന്ന് അടുത്ത ഘട്ട സമരത്തിന്റെ ഭാഗമായി സര്‍ക്കാരിനെതിരെ അഞ്ച് മുതല്‍ 11 വരെ പ്രചരണ ജാഥകള്‍ നടത്തി. ഓഗസ്റ്റ് 12ന് രാവിലെ സെക്രട്ടറിയറ്റ് ഉപരോധ സമരം ആരംഭിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ ഉപരോധത്തില്‍ പങ്കു ചേര്‍ന്നു. ശക്തമായ സമരപരിപാടികളുമായി പ്രതിപക്ഷം മുന്നോട്ടുപോയ സാഹചര്യത്തില്‍ 2013 ഒക്ടോബര്‍ 28നാണ് റിട്ട. ജഡജി ജസ്റ്റിസ് ജി ശിവരാജനെ അന്വേഷണകമീഷനായി നിശ്ചയിച്ച് ഉത്തരവിറങ്ങിയത്.

തട്ടിപ്പ് പുറത്തു വന്ന അന്നുമുതല്‍ സിപിഐഎമ്മും എല്‍ഡിഎഫും പുലര്‍ത്തിയ ജാഗ്രതമൂലമാണ് കേസ് മൂടിവെയ്ക്കപ്പെടാതിരുന്നത്. 2015 ജനുവരി 12നാരംഭിച്ച സാക്ഷിവിസ്താരം 2017 ഫെബ്രുവരി 15നാണ് അവസാനിച്ചത്.

രണ്ടുവര്‍ഷവും ഒരു മാസവും നീണ്ട കാലയളവിനുള്ളില്‍ 216 സാക്ഷികളെ വിസ്തരിച്ചു. 893 രേഖകള്‍ കമീഷന്‍ അടയാളപ്പെടുത്തി. ഏപ്രില്‍ ആദ്യംവരെ വാദം നീണ്ടു. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിക്ക് കമീഷനുമുന്നില്‍ തുടര്‍ച്ചയായി 14 മണിക്കൂര്‍ മൊഴി നല്‍കേണ്ടിവന്നു.

പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ കുറ്റങ്ങള്‍ ഇടതുമുന്നണിയുടെ നിലപാടുകള്‍ ശരിവയ്ക്കുന്നതുമായി. സമാനതകളില്ലാത്ത അഴിമതി ഭരണത്തിന് സമാനതകളില്ലാത്ത സമരങ്ങള്‍ നല്‍കിയ മറുപടിയാണ് പുതിയ കണ്ടെത്തലുകള്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here