ഉമ്മന്‍ചാണ്ടിയും നേതാക്കളും പൊതുപദവികള്‍ ഒഴിഞ്ഞ് മാന്യത കാട്ടണമെന്ന് കോടിയേരി; കുറ്റക്കാര്‍ക്കെതിരെ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം

തിരുവനന്തപുരം: സോളാര്‍ അഴിമതി കേസില്‍ ജുഡീഷ്യല്‍ കമീഷന്‍ ഗുരുതരമായ കുറ്റങ്ങള്‍ കണ്ടെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും പൊതുപദവികള്‍ ഒഴിഞ്ഞ് മാന്യത കാട്ടണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിവെച്ച് കുറ്റക്കാര്‍ക്കെതിരെ വിജിലന്‍സ് കേസും ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ധീരമായ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് വസ്തുനിഷ്ഠവും സൂക്ഷമതയുള്ളതുമാണ്.

സോളാര്‍ അഴിമതി പുറത്തുവന്നതിനെത്തുടര്‍ന്ന് നിയമസഭയ്ക്കകത്തും പുറത്തും എല്‍ഡിഎഫ് ഉന്നയിച്ച ആക്ഷേപങ്ങള്‍ സാധൂകരിച്ചിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സരിത എസ് നായരില്‍ നിന്നും ടീം സോളാര്‍ എന്ന അവരുടെ കമ്പനിയില്‍ നിന്നും മറ്റ് ചിലരില്‍ നിന്നുമായി കൈക്കൂലി വാങ്ങിയെന്നും കമീഷന്‍ കണ്ടെത്തിയിട്ടുണ്ട്.

അതുപോലെ തന്നെ സരിതയെ ലൈംഗിക പീഢനത്തിന് ഇവര്‍ വിധേയയാക്കിയെന്നും കമീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ലൈംഗിക ചൂഷണം അഴിമതിയായി കണ്ട് നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ്, ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം. കേരളത്തിലെ ജനങ്ങളുടെ ആഗ്രഹാഭിലാക്ഷങ്ങള്‍ക്ക് ഇണങ്ങുന്നതാണ് സര്‍ക്കാരിന്റെ ഈ തീരുമാനം.

സോളാര്‍ അഴിമതിക്കെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ നടന്ന ബഹുജന പ്രക്ഷോഭത്തിന്റെ വിജയമാണിത്. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് നിയമസഭയ്ക്കകത്തും പുറത്തും ഉജ്ജ്വലമായ പ്രക്ഷോഭമാണ് എല്‍ഡിഎഫ് നടത്തിയത്. ജുഡീഷ്യല്‍ അന്വേഷണത്തിന് വേണ്ടി സെക്രട്ടറിയേറ്റ് വളഞ്ഞ് ജനലക്ഷങ്ങളാണ് സമരം നടത്തിയത്.

ജുഡീഷ്യല്‍ അന്വേഷണത്തിന് സന്നദ്ധമാണെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം വന്നതിനെത്തുടര്‍ന്നാണ് അന്ന് ഉപരോധസമരം പിന്‍വലിച്ചത്. എന്നാല്‍ സമരം പരാജയപ്പെട്ടൂവെന്നും അന്നത്തെ ഭരണക്കാരുമായി ഒത്തുകളിച്ചുവെന്നും ചിലര്‍ പ്രചരിപ്പിച്ചിരുന്നു. അത്തരം കുപ്രചരണങ്ങളുടെ കള്ളി ഒരിക്കല്‍കൂടി പുറത്തായിരിക്കുകയാണ്.

മുഖ്യമന്ത്രിയേയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും പറ്റി അന്വേഷിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെ നിയോഗിച്ച ജുഡീഷന്‍ കമ്മീഷന്‍ സന്നദ്ധമായി. മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും സോളാര്‍ കേസില്‍ കുറ്റകരമായ പ്രധാന ഉത്തരവാദിത്തമുണ്ടെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തിയിരിക്കുകയാണ്.

എല്‍ഡിഎഫിനെതിരെ ഒത്തുകളി ആക്ഷേപം ഉന്നയിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും സര്‍ക്കാര്‍ നടപടികളും.

ഉമ്മന്‍ചാണ്ടിക്കു പുറമേ മുന്‍ മന്ത്രിമാര്‍, എംപി, എംഎല്‍എമാര്‍ എന്നിവരടക്കമുള്ളവര്‍ പ്രതികൂട്ടിലായിരിക്കുകയാണ്. കേരള രാഷ്ട്രീയത്തെ തന്നെ ഏറ്റവും മലീമസമാക്കിയ സംഭവമാണ് സോളാര്‍ അഴിമതി കേസ്.

രാഷ്ട്രീയരംഗം സംശുദ്ധീകരിക്കാനും ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനും കുറ്റം ചെയ്തവരെന്ന് കമ്മീഷന്‍ കണ്ടെത്തിയവര്‍ക്കെതിരെ മാതൃകാപരമായ നിയമ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.

വിജിലന്‍സ് കേസും ക്രിമിനല്‍ നടപടികളും നേരിടേണ്ടിവരുന്നവര്‍ പൊതുപദവികളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണ് അഭികാമ്യമെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News