
തിരുവനന്തപുരം: സോളാര്‍ കേസില്‍ ,കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് അതികായന്‍മാരായ ഉമ്മന്‍ചാണ്ടിയ്ക്കും തിരുവഞ്ചൂരിനുമെതിരെ ക്രിമിനല്‍ കേസും വിജിലന്‍സ് അന്വേഷണവും വരുന്നത് A ഗ്രൂപ്പിനെ കടുത്ത പ്രതിരോധത്തിലാക്കുമെന്ന് വിലയിരുത്തല്‍.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള സര്‍ക്കാര്‍ നടപടിക്ക് വിധേയരാകുന്ന A ഗ്രൂപ്പ് നേതാക്കളെ തള്ളുന്ന നിലപാട് സ്വീകരിക്കാനാണ് I ഗ്രൂപ്പ് പാളയത്തിന്‍റെ തീരുമാനം.
എന്നാല്‍ റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ തീരുമാനം വരുംദിവസങ്ങളില്‍ A-I ഗ്രൂപ്പുകള്‍ തമ്മിലുള്ള കടുത്ത പോരിനായിരിക്കും വഴിവെയ്ക്കുകയെന്നും സൂചനയുണ്ട്.
അതേസമയം കോണ്‍ഗ്രസ്സിന്‍റെ മുൻമുഖ്യമന്ത്രിക്കെതിരായ അഴിമതി- ലൈംഗിക കേസുകൾ ദേശീയതലത്തിലും കോൺഗ്രസ്സിനെ സമ്മർദ്ദത്തിലാക്കിയേയ്ക്കും.
സര്‍ക്കാര്‍ തീരുമാന പ്രകാരം,സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് ,കൈക്കൂലി വാങ്ങിയതില്‍ വിജിലന്‍സ് കേസും ബലാല്‍സംഗം നടത്തിയെന്ന പരാതിയില്‍ ക്രിമിനല്‍ കേസും ആകും നേരിടേണ്ടിവരിക.
കൂടാതെ മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സോളാര്‍ കേസ് അന്വേഷണം അട്ടിമറിച്ചെന്ന കാരണത്താല്‍ ക്രിമിനല്‍ കേസ് ഉണ്ടാകും. കേരള രാഷ്ട്രീയത്തിലെ അതികായരിലൊരാളായ ഉമ്മൻചാണ്ടി രണ്ട്കേസുകളില്‍ അന്വേഷണം നേരിടേണ്ടിവരുമ്പോള്‍ അതിന്‍റെ കനത്ത പ്രഹരം ഏല്‍ക്കുക എഗ്രൂപ്പിനായിരിക്കും.
താന്‍ അതിശക്തനായി തിരിച്ചുവരുമെന്ന് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചെങ്കിലും സോളാറിലെ തുടർകേസുകൾ ഉമ്മൻചാണ്ടിയെ കടുത്ത പ്രതിരോധത്തിലാക്കുമെന്നും പറയുന്നു.
A ഗ്രൂപ്പിലെ മുന്‍നിരനേതാക്കളായ ചാണക്യതന്ത്രത്തിന്‍റെ ഉടമകള്‍ എന്ന് Iഗ്രൂപ്പ് വിശേഷിപ്പിക്കുന്ന ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും പിന്നെ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തരെന്നറിയപ്പെടുന്ന ആര്യാടന്‍ മുഹമ്മദിനും ബെന്നി ബെഹന്നാനുംമെതിരെ കടുത്ത നിലപാട് സ്വീകരിക്കാനാണ് I ഗ്രൂപ്പ് പാളയത്തിന്‍റെ തീരുമാനം.
തങ്ങളുടെ മുഖ്യശത്രുക്കളെ സോളാര്‍കേസെന്ന തുറുപ്പ് ചീട്ടിറക്കി വെട്ടിമാറ്റാനും I ഗ്രൂപ്പ് നേതാക്കള്‍ പദ്ധതിയിടുന്നുണ്ട്.എ ഗ്രൂപ്പ് നേതൃത്വം കേസില്‍ അന്വേഷണം നേരിടുന്നതിലൂടെ അവര്‍ നേടിയെടുക്കാമെന്ന് കരുതിയിരുന്ന KPCC അദ്ധ്യക്ഷ പദവിയാണ് അപ്രാപ്യമാക്കുന്നത്.
താന്‍ KPCC അദ്ധ്യക്ഷനാകാനില്ലെന്ന് പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടിയുടെ നോമിനികളായ തീരുവഞ്ചൂരും ബെന്നിബെഹന്നാനും ഇനി കളരിക്ക് പുറത്താകുമെന്നും സൂചനയുണ്ട്.
കേസില്‍ ഉള്‍പ്പെടാന്‍ പോകുന്ന അടൂര്‍ പ്രകാശ്,ഹൈബി ഈഡന്‍,കെ.സി.വേണുഗോപാല്‍,എ.പി.അനില്‍ കുമാര്‍ എന്നിവരെ പരമാര്‍ശിച്ച് ആക്രമണം പ്രതിരോധിക്കാമെന്നാണ് A ഗ്രൂപ്പിന്‍റെ കണക്ക് കൂട്ടല്‍.
എന്നാല്‍ സോളാര്‍ കേസില്‍ I ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെയും കേസുണ്ടാകുമെങ്കിലും മകന്‍ മരിച്ചാലും വേണ്ടീല മരുമകളുടെ കണ്ണീര് കണ്ടാല്‍മതിയെന്ന നിലപാടിലെത്തിയിരിക്കുകയാണ് ഇപ്പോള്‍ I ഗ്രൂപ്പ് നേതൃത്വം എന്നും വിലയിരുത്തപ്പെടുന്നു.
അതേസമയം സോളാര്‍ കേസില്‍ പരസ്യപ്രതികരണത്തിന് തയ്യാറാകാത്ത വിഎം.സുധീരന്‍റെയും അണികളുടെയും നിലപാടും A ഗ്രൂപ്പിന് തിരിച്ചടിയാകും.പഴയ പ്രതികാരം തീര്‍ക്കാന്‍ അവസരം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് സുധീരപക്ഷമെന്നും അറിയുന്നു.
അവസരം മുതലെടുക്കാന്‍ കരുനീക്കം
കിട്ടിയ അവസരം മുതലെടുത്ത് കാര്യങ്ങള്‍ AICC നേതൃത്വത്തെ ധരിപ്പിച്ച് തങ്ങള്‍ക്ക് കൂടുതല്‍ സ്ഥാനമാനങ്ങള്‍ നേടിയെടുക്കാനാണ് I ഗ്രൂപ്പ് തലവന്‍റെ തീരുമാനം.I ഗ്രൂപ്പിന്‍റെ പ്രതിനിധിയായി വി.മുരളീധരനെ KPCC അദ്ധ്യക്ഷനാക്കാനുള്ള തിരക്കിട്ട നീക്കവും അണിയറയില്‍ ഗ്രൂപ്പ് നേതൃത്വം ആരംഭിച്ചു.
ഉമ്മൻചാണ്ടി സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിന്മേൽ ഉമ്മൻചാണ്ടിക്കെതിരെ തന്നെ വരുന്നത് ഗുരുതരകേസുകൾ സോളാർ കാലത്ത് കേട്ട ആരോപണങ്ങളെല്ലാം കേസായി മാറുന്ന സ്ഥിതി.
പാർട്ടിയിലെ A-I ഗ്രൂപ്പ് പോരിനായിരിക്കും സോളാർ വീണ്ടും ചൂട് പകരുമെന്നതിൽ സംശയം ഒട്ടുമില്ല.സോളാറിലെ തുടർ നിയമ-രാഷ്ട്രീയപ്പോരിൽ ഉമ്മന്‍ചാണ്ടിയുടെയും A ഗ്രൂപ്പിന്‍റെയും സ്ഥിതി എന്താകുമെന്നത് കാത്തിരുന്നു കാണണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here