
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിന് ദേശിയ തലത്തിലും വലിയ നാണക്കേടായിരിക്കുകയാണ്.
സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ നേതാവായ ഉമ്മന്‍ചാണ്ടിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ബലാത്സംഗക്കേസിലടക്കം പ്രതിയാകുന്നത് ദേശീയ രാഷ്ട്രീയത്തിലും വലിയ ചര്‍ച്ചയായിട്ടുണ്ട്.
സ്ത്രീപീഡനവും അഴിമതിയും ബലാത്സംഗവുമുള്ള കേസ് ദേശീയതലത്തില്‍ ബി ജെ പിയടക്കമുള്ളവര്‍ വിഷയമാക്കിയിട്ടുമുണ്ട്.
ഉമ്മന്‍ചാണ്ടിയെ തള്ളുമോ
ഈ സാഹചര്യത്തിലാണ് ശക്തമായ ഇടപെടലുകള്‍ നടത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും രാഹുല്‍ ഗാന്ധിയും തീരുമാനിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ പ്രതിയായ സാഹചര്യത്തില്‍ ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്നതും കോണ്‍ഗ്രസിനെ വട്ടം കറക്കുന്ന ചോദ്യമാണ്.
സോളാര്‍ കേസില്‍ നേതാക്കള്‍ പരസ്യപ്രതികരണം നടത്തുന്നതിന് ഇപ്പോള്‍ തന്നെ ഹൈക്കമാന്‍ഡ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കടുത്ത നടപടികളുണ്ടാകുമെന്നതിന്‍റെ സൂചനയാണ്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍, മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍ എന്നിവരെയാണ് ചര്‍ച്ചകള്‍ക്കായി രാഹുല്‍ വിളിപ്പിച്ചിരിക്കുന്നത്.
വിവാദം വന്നതിന് പിന്നാലെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. കേരള നേതാക്കളുമായി ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയും പങ്കെടുക്കും.
വെള്ളിയാഴ്ചയാണ് കേരള നേതാക്കളുമായി രാഹുലിന്റെ ചര്‍ച്ച. ഇതിനകം ദില്ലിയിലെത്തിക്കഴിഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി രാഹുല്‍ ഗാന്ധി ഇന്ന് തന്നെ കൂടിക്കാഴ്ച നടത്തുമെന്നാണ് വ്യക്തമാകുന്നത്. ചെന്നിത്തല എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
കെ.പി.സി.സി ഭാരവാഹി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാനാകാതെ തര്‍ക്കം തുടരുന്നതും കേരള നേതാക്കളുമായുള്ള ചര്‍ച്ചയില്‍ വിഷയമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here