ആരോഗ്യരംഗത്തെ കേരളത്തിന്‍റെ മുന്നേറ്റം അത്ഭുതപ്പെടുത്തുന്നതെന്ന് മഹാരാഷ്ട്രയിലെ ആരോഗ്യമന്ത്രി; കുമ്മനത്തിന്‍റെ ജാഥയിലൂടെ കേരളത്തെ അപമാനിക്കാനെത്തിയവര്‍ ഇത് കൂടി കേള്‍ക്കണം

കോ‍ഴിക്കോട്: ആരോഗ്യരംഗത്ത് കേരളം രാജ്യത്തിന് മാതൃകയെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി ഡോക്ടര്‍ ദീപക് സാവന്ത്. കേരള മോഡല്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നടപ്പാക്കാവുന്നതാണെന്നും ദീപക് സാവന്ത് പറഞ്ഞു.

കേരളത്തിലെ കുറഞ്ഞ ശിശുമരണ നിരക്കിനെ കുറിച്ച് പഠിക്കാനെത്തിയ മഹാരാഷ്ട്ര ആരോഗ്യമന്ത്രി, കോഴിക്കോട് കോട്ടപ്പറമ്പിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി സന്ദര്‍ശിച്ചു.

കേരളത്തിലെ കുറഞ്ഞ ശിശുമരണ നിരക്കിനെ കുറിച്ച് പഠിക്കാനും സര്‍ക്കാര്‍ ആശുപത്രി സംവിധാനങ്ങള്‍ നേരില്‍ കണ്ട് മനസിലാക്കാനുമാണ് മഹാരാഷ്ട്ര ആരോഗ്യമന്ത്രിയും ശിവസേന നേതാവുമായ ഡോക്ടര്‍ ദീപക് സാവന്ത് കോഴിക്കോടെത്തിയത്.

കേരളത്തിലെ ആരോഗ്യരംഗം രാജ്യത്തിന് മാതൃക

രാജ്യത്തെ തന്നെ ആദ്യ എന്‍ എ ബി എച്ച് സര്‍ക്കാര്‍ ആശുപത്രിയായ കോട്ടപ്പറമ്പിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെത്തിയ മന്ത്രി ഒരുമണിക്കൂറോളം ചെലവഴിച്ച് കാര്യങ്ങള്‍ മനസ്സിലാക്കി.

ഡി എം ഒ, വി ജയശ്രീ ആശുപത്രി സുപ്രണ്ട് ഡോക്ടര്‍ കെ സി രമേഷ് എന്നിവര്‍ ആരോഗ്യരംഗത്ത് കേരളം നടപ്പാക്കുന്ന പദ്ധതികള്‍ മന്ത്രിക്ക് മുമ്പാകെ വിശദീകരിച്ചു. ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ മഹാരാഷ്ട്ര ആരോഗ്യമന്ത്രി, കേരളത്തിലെ ആരോഗ്യമേഖലയെ വാനോളം പുകഴ്ത്തിയാണ് സംസാരിച്ചത്.

കേരളത്തിലെ ആരോഗ്യരംഗം രാജ്യത്തിന് മാതൃകയാണെന്ന് ഡോക്ടര്‍ ദീപക് സാവന്ത് പഞ്ഞു. മികച്ച സൗകര്യവും വൃത്തിയും കാത്തുസൂക്ഷിക്കുന്ന കോട്ടപ്പറമ്പ് ആശുപത്രി ജീവനക്കാരെ ദീപക് സാവന്ത് അഭിനന്ദിച്ചു.

ജില്ലയിലെ മറ്റ് ആശുപത്രികളും മന്ത്രി സന്ദര്‍ശിക്കും. കോട്ടപ്പറമ്പ് ആശുപത്രി സുപ്രണ്ട് അടക്കമുളളവരെ മഹാരാഷ്ടയിലേക്ക് ക്ഷണിച്ചാണ് ദിപക് സാവന്ത് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News