
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതിയെ കുറിച്ച് പ്രസംഗിച്ച വൈദികന് സര്‍ക്കാരിന്‍റെ നിലപാട് വ്യക്തമാക്കിയുള്ള ഉപദേശവുമായി മുഖ്യമന്ത്രി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതി ചോദ്യം ചെയ്യാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ അത് ചെയ്യാതെ കൈക്കൂലി കൊടുത്തത് തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അര്‍ഹതപ്പെട്ടവ നേടിയെടുക്കാനായി ആരും ഒരു ഉദ്ദ്യോഗസ്ഥനും കൈക്കൂലി കൊടുക്കേണ്ട ആവശ്യമില്ലെന്നും അത്തരം നടപടി ഉണ്ടായാല്‍ അതിനെ ചോദ്യം ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തന്‍റെ കുടുംബത്തില്‍ വീട് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കേണ്ടിവന്നുവെന്നാണ് പാളയം സെന്‍റ്ജോസഫ്സ് കത്രീട്ടല്‍ വികാരി പ്രസംഗിച്ചത്.
വൈദികന്‍റെ അനുഭവം
ലോക കാഴ്ച ദിനാചരണത്തിന്‍റെ ഭാഗമായി പ്രോജക്ട് വിഷന്‍റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ബ്ലൈന്‍ഡ് വാക്ക് എന്ന പരിപാടിയുടെ ഉദ്ഘാടന വേളയിലാണ് വൈദികന്‍ തന്‍റെ കുടുംബത്തിനുണ്ടായ മുന്‍ അനുഭവം തുറന്നു പറഞ്ഞത്.
തന്‍റെ പിതാവ് ഒരു വീട് വയ്ക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസ് കയറി ഇറങ്ങി.ഒടുവില്‍ അര്‍ഹതപ്പെട്ട കാര്യം നേടിയെടുത്തത് സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥന് കൈക്കൂല് നല്‍കിയിട്ടാണെന്നും പാളയം സെന്‍റ് ജോസഫ്സ് കത്രീഡ്രല്‍ വികാരി ഫാദര്‍.ജോര്‍ജ്ജ് ജെ.ഗോമസ് സ്വാഗത പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
വൈദികന്‍ പറഞ്ഞ കാര്യത്തിന് കൃത്യമായ ഉപദേശം നല്‍കാന്‍ ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി മറന്നില്ല. മുന്‍പ് സംഭവിച്ച കാര്യത്തില്‍ ഇനിയെങ്കിലും പരാതി നല്‍കിയാല്‍ അതിന് ഈ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
അഴിമതിക്കാര്‍ക്കും കൈക്കൂലിക്കാര്‍ക്കുമെതിരെയുള്ള സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയപ്പോള്‍ സദസ്സില്‍ നിറഞ്ഞ കൈയ്യടിയായിരുന്നു.ലത്തീന്‍ കത്തോലിക്കാ സഭ അതീരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.സൂസാപാക്യം,പാളയം ഇമാം തുടങ്ങയിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here