സോളാറില്‍ നൊട്ടോട്ടമോടി കോണ്‍ഗ്രസ്; കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി ഉമ്മന്‍ചാണ്ടി; മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന പരാതിയുമായി കെ സി ജോസഫ്

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ്-ക്രിമിനല്‍ കേസുകള്‍ ഉണ്ടാകുമെന്ന് ഉറപ്പായതോടെ നേതാക്കള്‍ നിയമ നടപടിക്കൊരുങ്ങുന്നു.

നിയമനടപടിയ്ക്ക് മുന്നോടിയായി സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയും മറ്റ് ചില കോണ്‍ഗ്രസ്സ് നേതാക്കളും വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരിക്കുകയാണ്.

അതേസമയം മുഖ്യമന്ത്രിക്കെതിരെ കെ.സി.ജോസഫ് എംഎല്‍എ അവകാശലംഘനത്തിന്
സ്പീക്കര്‍ക്ക് പരാതി നല്‍കി.

സോളാര്‍ കേസ് അന്വേഷണ റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ്സിലെ മുന്‍നിര നേതാക്കളും കൂട്ടത്തോടെ കുടുങ്ങിയ പശ്ചാത്തലത്തിലാണ് കേസില്‍ പെടുമെന്ന് ഉറപ്പായ നേതാക്കള്‍ നിയമനടപടിക്ക് തയ്യാറെടുക്കുന്നത്.

ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കേസും ബലാല്‍സംഗത്തിന് ക്രിമിനല്‍ കേസും എടുത്ത് അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചതിനാലാണ് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പിനായി ഉമ്മന്‍ചാണ്ടി അപേക്ഷ നല്‍കിയിരിക്കുന്നത്.

റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് RTI ആക്ട് പ്രകാരം നല്‍കണമെന്ന് കാട്ടി ഉമ്മന്‍ചാണ്ടി ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.

കൂടാതെ വിവരാവകാശനിയമ പ്രകാരം റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പിന് നേരത്തെ അപേക്ഷിച്ചിട്ട് ലഭിച്ചില്ലെന്നും എത്രയും വേഗം റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കണമെന്നും ചൂണ്ടിക്കാട്ടി ഉമ്മന്‍ചാണ്ടി മുഖ്യവിവരാവകാശ കമ്മീഷന് പരാതിയും കൈമാറിയിട്ടുണ്ട്.
റിപ്പോര്‍ട്ട് ലഭിച്ചാലെ റിപ്പോര്‍ട്ടിനെ കുറിച്ച് ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണോ എന്ന് അറിയാന്‍ സാധിക്കൂ എന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടി.

ഇക്കാര്യം വിശദീകരിച്ച് ഉമ്മന്‍ചാണ്ടി ഫെയ്സ്ബുക്കില്‍ പോസ്റ്റും ഇട്ടിട്ടുണ്ട്.അതേസമയം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍,ആര്യാടന്‍മുഹമ്മദ്,കെ.സി.വേണുഗോപാല്‍,ബെന്നിബെഹന്നാന്‍ തുടങ്ങിയ ,കേസില്‍ കുടുങ്ങിയ കോണ്‍ഗ്രസ്സ് നേതാക്കളും റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പിനായി തിരക്കിട്ട നീക്കം ആരംഭിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട ചില I ഗ്രൂപ്പ് നേതാക്കള്‍ നിയമോപദേശവും തേടിയിരിക്കുന്നു.ഇതിനിടെ കെസി ജോസഫ് എംഎല്‍എ മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.

നിയമസഭയില്‍ വയ്ക്കുന്നതിന് മുന്‍പ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത് അവകാശ ലംഘനമാണെന്ന് കെ.സി.ജോസഫ് സ്പീക്കര്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു.

കോണ്‍ഗ്രസ്സ് ഗ്രൂപ്പ് തലവന്‍മാരെ ഒന്നാകെ പിടിച്ചുകുലിക്കിയിരിക്കുകയാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശപ്രകാരമുള്ള കേസെടുക്കല്‍ നടപടികളെന്നാണ് കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കുന്നത്.

കേസെടുക്കല്‍ നടപടികളില്‍ സര്‍ക്കാരിന്‍റെ തീരുമാനമുണ്ടാകുന്നതിന് മുന്‍പ് തന്നെ പ്രഗത്ഭരായ അഭിഭാഷകരെ നിയോഗിക്കാനും A ഗ്രൂപ്പ് നേതാക്കള്‍ നീക്കം ആരംഭിച്ചുവെന്നും അറിയുന്നു.

സോളാര്‍ ചൂട് വരും ദിവസങ്ങളില്‍ ശക്തിയായി കോണ്‍ഗ്രസ്സ് നേതാക്കളില്‍ പതിക്കുമോ എന്ന ആശങ്കയ്ക്കും ആക്കം കൂടിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here