തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലാന്‍ഡ് ടി-20 ക്രിക്കറ്റ് മല്‍സരത്തിന്‍റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയ്ക്ക് ഈ മാസം 16 ന് തുടക്കമാകും. നവംബര്‍ 7 ന് തിരുവനന്തപുരത്ത് നടക്കുന്ന മല്‍സരത്തിന്‍റെ ടിക്കറ്റുകള്‍ ഓണ്‍ലൈനിനുപുറമെ ഫെഡറല്‍ ബാങ്കിന്‍റെ തെരഞ്ഞെടുത്ത ശാഖകള്‍ വ‍ഴിയും ലഭ്യമാണ്.

30 വര്‍ഷത്തെ കാത്തിരിപ്പ്

നവംബര്‍ 5 ന് തിരുവനന്തപുരത്ത് എത്തുന്ന ഇന്ത്യ–ന്യൂസിലാന്‍ഡ് ടീമുകള്‍ 6 ാം തീയതി ക‍ഴക്കൂട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരീശീലനം നടത്തും. നീണ്ട 30 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരത്തിന് തലസ്ഥാനം വേദിയാകുന്നത്.

ക്രിക്കറ്റ് പ്രേമികളെയും ആരാധകരെയും ആവേശം കൊള്ളിക്കുന്ന നവംബര്‍ 7 എത്താന്‍ ദിവസങ്ങള്‍ മാത്രം.അതുകൊണ്ട് തന്നെ ഇന്ത്യ–ന്യൂസിലാന്‍ഡ് ടി-റ്റൊന്‍ടി ക്രിക്കറ്റ് മല്‍സരത്തിനായുള്ള ഒരുക്കങ്ങളും തകൃതിയിലാണ്.

ക‍ഴിഞ്ഞ ദിവസം ക‍ഴക്കൂട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെത്തിയ ന്യൂസിലാന്‍ഡ് ടീം അധികൃതര്‍ സ്റ്റേഡിയത്തിന് ഫുള്‍മാര്‍ക്ക് നല്‍കി മടങ്ങി.സ്പോര്‍ട്സ് ഹബ്ബില്‍ നടക്കുന്ന മൂന്നാമത് പെടിഎം ഇന്ത്യ–ന്യൂസിലാന്‍ഡ് 20-20 ക്രിക്കറ്റ് മല്‍സരത്തിനുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയ്ക്ക് ഈമാസം 16 ന് തുടക്കമാകും.

29 വരെ ഓണ്‍ലൈനില്‍ ടിക്കറ്റുകള്‍ ലഭ്യമാകും. 30 മുതല്‍ ഫെഡറല്‍ ബാങ്കിന്‍റെ തെരഞ്ഞെടുക്കപ്പെട്ട ശാഖകള്‍ വ‍ഴി ടിക്കറ്റുകള്‍ ലഭിക്കും.ബാങ്കുമായുള്ള കരാര്‍ ഒപ്പിടലും കൈമാറ്റ ചടങ്ങും തിരുവനന്തപുരത്തെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആസ്ഥാനത്ത് നടന്നു.

ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം

WWW.FEDARALBANK.CO.IN  വ‍ഴിയാണ് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ലഭ്യമാകുക.മല്‍സരത്തിന്‍റെ മെഡിക്കല്‍ പാട്ണര്‍ അനന്തപുരി ഹോസ്പിറ്റലാണ്.  700 രൂപയുടെ അപ്പര്‍ലെവല്‍,1000രൂപയുടെ ലോവര്‍ലെവല്‍,2000 രൂപയുടെ പ്രിമിയം ചെയര്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

അപ്പര്‍ലെവലില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഇളവുണ്ട്. പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ നവംബര്‍ 5 ന് തിരുവനന്തപുരത്ത് എത്തുന്ന ഇന്ത്യ–ന്യൂസിലാന്‍ഡ് ടീമുകള്‍ക്ക് വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ് നല്‍കും.

6 ന് ഇരു ടീമുകളും സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും.നവംബര്‍ 7 ന് രാത്രി 7മണിക്ക് നടക്കുന്ന ആവേശകരമായ മല്‍സരം കാണാനെത്തുന്നവരെ നാലുമണിമുതല്‍ തന്നെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കും.