
തിരുവനന്തപുരം: വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ കേരളം പഴയ രീതികള്‍ മാറ്റി പുതിയ പാതയില്‍. സപ്തംബര്‍ മാസത്തോടെ ഭരണാനുമതി പൂര്‍ത്തിയാകുന്നതുകൊണ്ട് തികഞ്ഞ ആസൂത്രണത്തോടെ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുന്നു. സംസ്ഥാന പദ്ധതികളിലും കേന്ദ്രാവിഷ്കൃത പദ്ധതികളിലും ഒരു പോലെ ഈ മാറ്റം പ്രകടനമാണ്.
സംസ്ഥാന വാര്‍ഷിക പദ്ധതിയില്‍ (2017-18) വിവിധ വകുപ്പുകള്‍ ഇതിനകം 40.36 ശതമാനം തുക ചെലവഴിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പദ്ധതി നിര്‍വഹണത്തില്‍ ഗണ്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 21 ശതമാനം തുകയാണ് ചെലവഴിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തേക്കുളള 93 ശതമാനം പദ്ധതികള്‍ക്കും ഭരണാനുമതി നല്‍കി.
അവശേഷിക്കുന്ന 7 ശതമാനം പദ്ധതികള്‍ക്ക് ഒക്ടോബറില്‍ തന്നെ ഭരണാനുമതി നല്‍കണമെന്ന് ബുധനാഴ്ച നടന്ന പദ്ധതി അവലോകനത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. പദ്ധതി നിര്‍വഹണത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കിയതിന് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
2017-18 വര്‍ഷത്തേക്ക് 34,538 കോടിയുടെതാണ് കേരളത്തിന്‍റെ വാര്‍ഷിക പദ്ധതി. ഇതില്‍ 20,272 കോടി രൂപ സംസ്ഥാന വിഹിതം. ഇതിന്‍റെ 40.37 ശതമാനമാണ് ഇതുവരെ ചെലവഴിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം 6,227 കോടി രൂപയും കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതം 8,039 കോടി രൂപയുമാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 21 ശതമാനമാണ്. കഴിഞ്ഞവര്‍ഷം ഈ കാലയളവില്‍ ഒരു ശതമാനം മാത്രമായിരുന്നു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചെലവ്. കേന്ദ്രാവിഷ്കൃത പദ്ധതിയില്‍ ചെലവ് 29 ശതമാനം.
മുന്‍ വര്‍ഷം 17 ശതമാനം. മൊത്തം പദ്ധതി അടങ്കലിന്‍റെ (34,538 കോടി രൂപ) 34 ശതമാനമാണ് ഇതുവരെ ചെലവഴിച്ചത്. മുന്‍വര്‍ഷം 16 ശതമാനം മാത്രമായിരുന്നു മൊത്തം ചെലവ്.
സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനമാകുമ്പോള്‍ ഒരുവിധ മുന്നൊരുക്കവുമില്ലാതെ എങ്ങനെയെങ്കിലും പണം ചെലവഴിക്കുന്ന പദ്ധതി നിര്‍വഹണ അരാജകത്വത്തിനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നശേഷം അറുതി വന്നത്.
ഇപ്പോള്‍ ഓരോ മൂന്നു മാസം കൂടുമ്പോഴും മുഖ്യമന്ത്രി നേരിട്ട് പദ്ധതി അവലോകനം ചെയ്യുകയാണ്. കേരളത്തെ സംബന്ധിച്ച് ഈ രീതി നടാടെയാണ്.
സപ്തംബര്‍ മാസമാകുമ്പോഴേക്കും പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിക്കഴിയുന്നതുകൊണ്ട് നടപ്പാക്കാന്‍ ആറുമാസം കിട്ടുന്നു. പദ്ധതിനിര്‍വഹണത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുന്നു എന്നതാണ് ഇതിന്‍റെ പ്രധാന നേട്ടം.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പദ്ധതികളില്‍ പൊതുമരാമത്ത് വകുപ്പിന് ചുമതലയുളള കെട്ടിടനിര്‍മ്മാണ രംഗത്താണ് കാലതാമസം പ്രധാനമായി വരുന്നത്. എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും മാസങ്ങള്‍ എടുക്കുന്നു.
വില്ലേജ് ഓഫീസ് പോലുളള ചെറിയ കെട്ടിടങ്ങള്‍ മുതല്‍ വലിയ ബഹുനില കെട്ടിടങ്ങള്‍ വരെ ഇത്തരം കാലതാമസം നേരിടുന്നു. അതുകൊണ്ട് തന്നെ ഒരു വര്‍ഷത്തെ പദ്ധതിയില്‍ അനുവദിക്കുന്ന കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാക്കാന്‍ ഒന്നോ രണ്ടോ വര്‍ഷങ്ങളെടുക്കുന്ന സ്ഥിതിയാണ്.
പിഡബ്ല്യുഡിയുടെ മേല്‍നോട്ട ചുമതല നിലനിര്‍ത്തിക്കൊണ്ട് ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.
നബാര്‍ഡ് വഴിയുളള ഗ്രാമീണ പശ്ചാത്തല സൗകര്യവികസന ഫണ്ടിനുളള പദ്ധതികള്‍ നേരത്തെ തയ്യാറാക്കാന്‍ എല്ലാ വകുപ്പുകളോടും മുഖ്യമന്ത്രി നിര്‍ദേശിച്ചു. നബാര്‍ഡ് അനുമതി ലഭിക്കുന്ന ഉടനെ ടെണ്ടര്‍ വിളിക്കാന്‍ കഴിയുന്ന തരത്തില്‍ വിശദമായ പദ്ധതി തയ്യാറാക്കണം.
കിഫ്ബി ഫണ്ടിന് വേണ്ടി തയ്യാറാക്കിയതും എന്നാല്‍ കിഫ്ബിയുടെ അംഗീകാരം ഇതുവരെ ലഭിക്കാത്തതുമായ പദ്ധതികള്‍ നബാര്‍ഡിന് സമര്‍പ്പിക്കാവുന്നതാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ ഒരു രൂപപോലും സംസ്ഥാനത്തിന് നഷ്ടപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
10 കോടി രൂപയിലധികം ചെലവ് വരുന്ന 85 പദ്ധതികളാണ് ഈ സാമ്പത്തിക വര്‍ഷമുളളത്. അവയുടെ മൊത്തം അടങ്കല്‍ 5,190 രൂപയാണ്. ഈ പദ്ധതികള്‍ മുഖ്യമന്ത്രി പ്രത്യേകമായി അവലോകനം ചെയ്യും.
ഓരോ വര്‍ഷവും ഡിസംബര്‍ മാസമാകുമ്പോഴേക്കും പദ്ധതിയുടെ 67 ശതമാനം ചെലവഴിച്ചിരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. അവസാന മൂന്നുമാസത്തേക്ക് 33 ശതമാനമേ ബാക്കി നിര്‍ത്താവൂ എന്ന് അദ്ദേഹം പറഞ്ഞു.
ധനമന്ത്രി തോമസ് ഐസക്, ചീഫ് സെക്രട്ടറി ഡോ. കെ.എം. അബ്രഹാം, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി (കോഓര്‍ഡിനേഷന്‍) വി.എസ് സെന്തില്‍, മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി എം. ശിവശങ്കര്‍ എന്നിവരും അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും സെക്രട്ടറിമാരും വാര്‍ഷിക പദ്ധതി അവലോകന യോഗത്തില്‍ പങ്കെടുത്തു.
ഡല്‍ഹി-കേരള സാംസ്കാരികോത്സവത്തിന് കേജ്രിവാളിന്‍റെ പ്രശംസ
ഡല്‍ഹിയില്‍ ഒക്ടോബര്‍ 14 മുതല്‍ 16 വരെ കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരള-ഡല്‍ഹി സാംസ്കാരിക പൈതൃക ഉത്സവം ഇരു സംസ്ഥാനങ്ങളിലേയും ജനങ്ങള്‍ തമ്മിലുളള സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. കേരള-ഡല്‍ഹി മുഖ്യമന്ത്രിമാര്‍ സംയുക്തമായാണ് 14-ന് സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യുന്നത്.
ഡല്‍ഹിയിലെ ജനങ്ങളെ സംബന്ധിച്ച് ഈ സാംസ്കാരിക പരിപാടി അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ കേജ്രിവാള്‍ പറഞ്ഞു. കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് ഡല്‍ഹിയിലെ ജനങ്ങള്‍ കൂടുതല്‍ അറിയാന്‍ ഈ പരിപാടി സഹായിക്കും.
പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കേരളം സന്ദര്‍ശിക്കാന്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് സാംസ്കാരികോത്സവം പ്രചോദനമാകും. ജനങ്ങള്‍ തമ്മില്‍ അടുത്ത ബന്ധം ഉണ്ടാവാന്‍ അതു സഹായിക്കുമെന്നും കേജ്രിവാള്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here