അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തിൽ കേരളം പങ്കുകൊള്ളുകയാണ്; ആപതാ മിത്രം പദ്ധതിയിലൂടെ

അന്താരാഷ്ട്ര ദുരന്ത ലൂഘൂകരണ ദിനത്തിൽ കേരളം പങ്കുകൊള്ളുകയാണ് – ആപത്താ മിത്രം പദ്ധതിയിലൂടെ. മുഖ്യമന്ത്രി എ‍ഴുതുന്നു

കേരളം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നേരിടുന്ന വരള്‍ച്ചയും അതോടനുബന്ധിച്ചുള്ള പ്രാദേശികപ്രശ്നങ്ങളും നമുക്ക് പല അര്‍ഥത്തിലും പുതുതാണ്. ശുദ്ധജല ലഭ്യതക്കുറവ്, വ്യാപക കാട്ടുതീ, മനുഷ്യനും വന്യമൃഗങ്ങളുംതമ്മിലുള്ള സംഘര്‍ഷം ഇവയെല്ലാം ഒരു നൂറ്റാണ്ടുകാലത്തെ അതീവരൂക്ഷതയില്‍ എത്തി. ദുരന്തങ്ങളുടെ ആഘാതം എങ്ങനെ ലഘൂകരിക്കാം എന്നതാണ് അന്താരാഷ്ട്ര ദുരന്തലഘൂകരണദിനത്തില്‍ ലോകരാജ്യങ്ങള്‍ ഒരുമിച്ച് ചിന്തിക്കുന്നത്. പ്രകൃതി എന്ന പ്രതിഭാസത്തിന്റെ അവിഭാജ്യഘടകമാണ് മനുഷ്യന്‍. മനുഷ്യന്‍ ഒന്നും പ്രകൃതി മറ്റൊന്നും എന്ന ചിന്ത വെടിഞ്ഞുകൊണ്ടേ നമുക്ക് പ്രകൃതിയെയും പ്രകൃതിദുരന്തങ്ങളെയും സമീപിക്കാനാകൂ. ഇക്കാര്യം തുടക്കത്തില്‍ത്തന്നെ മനസ്സിലുറപ്പിക്കണം. എങ്കില്‍മാത്രമേ ഏതു പ്രകൃതിദുരന്തത്തെയും ഫലപ്രദമായി സമീപിക്കാന്‍ സാധിക്കൂ.

കേരളത്തില്‍ ദുരന്തങ്ങള്‍ തീവ്രമാകുന്നതിന് കാലാവസ്ഥാവ്യതിയാനം, ഭൌമാന്തര്‍ഭാഗത്തെ പ്രതിഭാസങ്ങള്‍ എന്നീ കാരണങ്ങളൊക്കെയുണ്ടാകാം. എന്നാല്‍, ഇവ മാത്രമാണെന്നുപറയുന്നതില്‍ അര്‍ഥമില്ല. കാലവര്‍ഷക്കാലത്തുതന്നെ മഴ ഇല്ലാത്ത ദിവസങ്ങളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. കാലവര്‍ഷം ആരംഭിക്കാന്‍ വൈകുന്നുണ്ട്. മഴയുടെ അളവ് കുറയുന്നുണ്ട്. ഇതൊക്കെ ശാസ്ത്രീയമായി അംഗീകരിച്ചിട്ടുമുണ്ട്. ഇതൊക്കെ ഒരു വഴിക്ക് നടക്കുമ്പോള്‍ത്തന്നെ, മഴ കൂടുതല്‍ ലഭിക്കുന്ന വര്‍ഷങ്ങളിലും പ്രദേശങ്ങളിലുംതന്നെ പലപ്പോഴും ശുദ്ധജലക്ഷാമം അനുഭവപ്പെടുകയുംചെയ്യുന്നു. ഇതിനെന്തു കാരണം പറയും?

കാരണം അന്വേഷിക്കുമ്പോഴാണ് പ്രകൃതിയിലെ മാറ്റങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് ജീവിക്കാന്‍ നാം തയ്യാറാകുന്നില്ല എന്ന സത്യം തെളിയുന്നത്. നമ്മുടെ ‘ഭൂവിനിയോഗം ദുരന്തസാധ്യത വര്‍ധിപ്പിക്കുന്ന രീതിയിലാണ്. എന്നാല്‍, ഇതേക്കാളും വലിയ ദുരന്തം ഈ ബോധംപോലും നമ്മില്‍ ഇല്ലാതെയാകുന്നു എന്നതാണ്. സുസ്ഥിരവും പ്രകൃതിക്ക് അനുയോജ്യവുമായ പ്രവര്‍ത്തനങ്ങളാകണം പ്രാദേശികവികസനത്തിന്റെ ആധാരശില എന്നത് ജനസാമാന്യത്തിന്റെ ബോധമാക്കിമാറ്റാന്‍ കഴിയണം. ഇതിനായി വികസനവും നിര്‍മാണവും വേണ്ട എന്ന നിലപാടെടുക്കാനാകുമോ? അതുമില്ല. വേണ്ടത് ഒരു സമതുലിത സമീപനമാണ്. ശാസ്ത്രസാങ്കേതികവിദ്യയുടെ എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തി, അതത് പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള ഒരു വികസന-നിര്‍മാണ ചട്ടക്കൂട് രൂപീകരിക്കാന്‍ തദ്ദേശ-സ്വയംഭരണ സര്‍ക്കാരുകള്‍ തയ്യാറാകണം. പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാന്‍ ശാസ്ത്ര-സാങ്കേതിക സഹായത്തോടെ സാധിക്കുന്ന എല്ലാ മാര്‍ഗവും അവലംബിക്കണം. അതിനായി ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങണം.

മനുഷ്യനിര്‍മിത അപകടങ്ങളുമുണ്ട്. പുറ്റിങ്ങല്‍പോലെയുള്ള വലിയ ദുരന്തങ്ങള്‍. ഇവ രണ്ടും രണ്ടുരീതിയില്‍ കൈകാര്യംചെയ്യപ്പെടേണ്ടവയാണ്. ഇവയ്ക്ക് പുറമെയാണ് റോഡ് അപകടങ്ങള്‍, മുങ്ങിമരണം, കിണറുതേകാന്‍ ഇറങ്ങുമ്പോഴുണ്ടാകുന്ന മരണങ്ങള്‍ തുടങ്ങിയവ. വന്‍ അപകടങ്ങളും പ്രകൃതിദുരന്തങ്ങളുമല്ല, ശരിക്കും കേരളത്തിലെ ദുരന്തമരണങ്ങളിലെ പ്രധാന കുറ്റവാളി. റോഡ്— അപകടങ്ങളും മുങ്ങിമരണവുമാണ്.

വെള്ളത്തില്‍ മുങ്ങിമരിക്കാന്‍ പോകുന്നവരെ രക്ഷിക്കാന്‍ ഏതാനും മിനിറ്റുകളേ കിട്ടുകയുള്ളൂ. സേനകള്‍വന്ന് രക്ഷിക്കട്ടെ എന്നുപറഞ്ഞ് കാത്തിരിക്കാനാകില്ല. ഉടനടി നടപടിയുണ്ടാകണം. അത് ഏതുവിധത്തിലാകണം? അക്കാര്യം സംബന്ധിച്ച് ചില തത്വങ്ങള്‍ വിദഗ്ധര്‍ മുമ്പോട്ടുവച്ചിട്ടുണ്ട്. കൂടെ എടുത്തുചാടുകയല്ല, കരയില്‍നിന്ന് രക്ഷിക്കുകയാണ് വേണ്ടത് എന്ന് അവര്‍ പറയുന്നു. ‘കയറോ കമ്പോ തുണിയോ എറിഞ്ഞുകൊടുക്കുക, അതില്‍പിടിച്ചു കയറ്റുക. അതാണ് ശരിയായ രീതിയെന്നാണ് പറയുന്നത്.

എന്നാല്‍, കേരളത്തില്‍ നീന്തലില്‍ വൈദഗ്ധ്യമുള്ളവര്‍ മുങ്ങിത്താഴുന്നവരെ ഏതാണ്ട് ശാസ്ത്രീയമായ രീതിയില്‍ത്തന്നെ നീന്തിച്ചെന്ന് രക്ഷപ്പെടുത്തിക്കൊണ്ടുവന്ന സംഭവങ്ങളുണ്ട്. ഇത്തരം രക്ഷപ്പെടുത്തലിനുള്ള വൈദഗ്ധ്യം സ്വന്തമാക്കിയിട്ടുള്ളവര്‍ രക്ഷാശ്രമങ്ങളില്‍ അത് ഉപയോഗിക്കാതിരിക്കുന്നത് ശാസ്ത്രീയമാണോ എന്ന കാര്യം വേറെ ചിന്തിക്കണം. ഇക്കാര്യത്തില്‍ കേരളത്തില്‍ ഉണ്ടായിട്ടുള്ള വിജയകരമായ രക്ഷാശ്രമങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ ഉപസമിതിയുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതുണ്ട്. ഇന്ന് പുതിയ കുട്ടികളില്‍ വലിയ ഒരു വിഭാഗത്തിന് നീന്താനറിയില്ല എന്ന സ്ഥിതിയുണ്ട്. ഈ അവസ്ഥ മാറണം. കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ വീട്ടുകാര്‍തന്നെ പ്രത്യേക ശ്രദ്ധവയ്ക്കണം. യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡും സ്പോര്‍ട്സ് വകുപ്പും ഇതിന് നേതൃത്വം നല്‍കണം. മണ്ണിലും വെള്ളത്തിലും തൊടീക്കാതെ കുട്ടികളെ വളര്‍ത്തുന്ന രീതി മാറ്റണം.

ഉരുള്‍പൊട്ടലുണ്ടായാല്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാകും സ്വാഭാവികമായും രക്ഷാപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നടത്തുക. റോഡപകടമാണ് ഉണ്ടാകുന്നതെങ്കില്‍ റോഡ് സേഫ്റ്റി അതോറിറ്റിയായിരിക്കും ഏകോപനം ഉറപ്പുവരുത്തുക. ഒരേ വിധത്തിലുള്ള പ്രതികരണം രണ്ടില്‍നിന്നും പ്രതീക്ഷിക്കരുത്. ഡാമിന്റെയും അഗ്നിശമനത്തിന്റെയും കാര്യങ്ങളിലും ഇത്തരം വേര്‍തിരിവുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷമാണ് കേരളത്തിലെ ആദ്യ ദുരന്തലഘൂകരണ പദ്ധതി അംഗീകരിച്ചത്. ആ പദ്ധതിയില്‍ കേരളത്തില്‍ 22 മനുഷ്യജന്യ ദുരന്തസാധ്യതകളും 17 പ്രകൃതിജന്യ ദുരന്തസാധ്യതകളും രേഖപ്പെടുത്തിയിട്ടുണ്ട്. നിസ്സാരമായ ചെറിയ പിഴവുകളില്‍നിന്നാണ് പലപ്പോഴും വലിയ ദുരന്തങ്ങളുണ്ടാകുന്നത്.

ആധുനിക ഗൃഹനിര്‍മാണശൈലി

ഏതൊക്കെ ദുരന്തങ്ങളില്‍ എന്തൊക്കെ നാശനഷ്ടങ്ങള്‍ക്ക് ദുരന്ത പ്രതികരണനിധി ഉപയോഗപ്പെടുത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍/ഉരുള്‍പൊട്ടല്‍/പാറവീഴ്ച, വരള്‍ച്ച, ആലിപ്പഴവര്‍ഷം, മേഘസ്ഫോടനം, ഭൂമികുലുക്കം, സുനാമി, കാട്ടുതീ, ശൈത്യതരംഗം, കീടബാധ എന്നിവ രാജ്യം ദുരന്തമായി അംഗീകരിച്ചിട്ടുണ്ട്. കേരളത്തിലെ സവിശേഷസാഹചര്യത്തില്‍ ശക്തമായ കാറ്റ്, ഇടിമിന്നല്‍, തീരശോഷണം, കുഴലീകൃത മണ്ണൊലിപ്പ് എന്നിവ സംസ്ഥാന അതോറിറ്റി ദുരന്തമായി അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രധാനമായും ഇടപെടുന്നത് ഈ ദുരന്തങ്ങളുടെ ആഘാതലഘൂകരണത്തിനാണ്.
നാം സ്വീകരിക്കുന്ന ഗൃഹനിര്‍മാണശൈലിപോലും ദുരന്തലഘൂകരണത്തെ മുന്നില്‍ കണ്ടുകൊണ്ടാണോ എന്ന് ഗൌരവമായി ചിന്തിക്കണം. വെള്ളപ്പൊക്ക-വരള്‍ച്ചാ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതില്‍ നമ്മുടെ ആധുനിക ഗൃഹനിര്‍മാണശൈലി വളരെ വലിയ അളവില്‍ പങ്കുവഹിക്കുന്നുണ്ട്.

പഴമക്കാര്‍ വീടിന്റെ മേല്‍ക്കൂരയില്‍ വീഴുന്ന വെള്ളം വീടിനുള്ളില്‍ത്തന്നെ നടുത്തളത്തില്‍ ഭൂമിയിലേക്ക് ഇറങ്ങാന്‍ അനുവദിച്ചിരുന്നു. കര്‍ഷകര്‍ അവരുടെ കൃഷിഭൂമിയിലും പരിസരത്തും ലഭിക്കുന്ന ഒരു തുള്ളിപോലും പാഴാകാതിരിക്കാന്‍ കുളങ്ങളും മറ്റും കുഴിച്ച് പരമാവധി ജലം ശേഖരിച്ചുവയ്ക്കാന്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍, ഇന്ന് ഒരുതുള്ളി വെള്ളംപോലും സ്വന്തം വീടിന്റെ പരിസരത്തെങ്ങും താഴ്ന്നിറങ്ങരുത് എന്ന ചിന്തയോടുകൂടി വീടുകളുടെ മുറ്റം പൂര്‍ണമായി കോണ്‍ക്രീറ്റ് ചെയ്യുകയാണ്.

കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഇന്ന് ലോക ശ്രദ്ധ നേടിയിരിക്കുന്നു. അന്തര്‍ദേശീയതലത്തിലെ വിദഗ്ധര്‍പോലും അതോറിറ്റിയുടെ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിക്കുന്നു, ഇതിന് കാരണം അവര്‍ സര്‍ക്കാരിന്റെ ജനങ്ങളോടുള്ള കരുതലും വികസനത്തോടുള്ള കാഴ്ചപ്പാടും ഉള്‍ക്കൊണ്ട്— കാര്യക്ഷമതയോടെ, ചിട്ടയോടെ, സമയബന്ധിതമായി പ്രവര്‍ത്തിക്കുന്നു എന്നതിനാലാണ്. വരള്‍ച്ചയ്ക്കും വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും പ്രതിരോധ-പ്രതികരണസംവിധാനങ്ങള്‍ സജ്ജമാക്കാന്‍ ഇന്ന് അതോറിറ്റിക്ക് കഴിയുന്നു. ഇടിമിന്നല്‍, ശക്തമായ മഴ എന്നിവയുടെ പ്രവചനത്തിനുള്ള സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടികള്‍ അതോറിറ്റി സ്വീകരിച്ചുകഴിഞ്ഞു. ഭൂകമ്പ നിരീക്ഷണ സംവിധാനവും ദുരന്തസാഹചര്യവിശകലന സാങ്കേതികവിദ്യയും ഇന്ന് അതോറിറ്റിക്ക് ലഭ്യമാണ്. സംസ്ഥാന-ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനായി കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയുടെ സാമ്പത്തികസഹായത്തോടെ, ഈ സര്‍ക്കാര്‍ 12 സാങ്കേതിക തസ്തികകള്‍ അനുവദിച്ചു. എല്ലാ ജില്ലയിലും ഒരു സാങ്കേതികവിദഗ്ധന്റെ സേവനവും ഇടുക്കി, വയനാട്, എറണാകുളം എന്നിവിടങ്ങളില്‍ ഉപഗ്രഹാധിഷ്ഠിത വിവരസംവേദന സാങ്കേതികവിദ്യ സ്ഥാപിക്കുകയും അധികമായി ഓരോ കമ്യൂണിക്കേഷന്‍സ് എന്‍ജിനിയറെയും നിയമിക്കുകയുംചെയ്തു.ദുരന്തപ്രതികരണത്തിനുള്ള പ്രാദേശിക സന്നദ്ധസേനകളെ സജ്ജമാക്കുന്നതിലും ദുരന്തങ്ങള്‍ സംഭവിക്കുന്നതിനുമുമ്പ് നേരിടാന്‍ തയ്യാറെടുക്കുന്നതിലും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിലും ദുരന്തശേഷമുള്ള ആശ്വാസപ്രവര്‍ത്തനങ്ങളില്‍ സേനയെ വിനിയോഗിക്കുന്നതിലും ജനപ്രതിനിധികള്‍ക്ക് നിര്‍ണായകമായ പങ്കാണുള്ളത്.

2016 നവംബറില്‍ ദുരന്തലഘൂകരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ മിനിസ്റ്റീരിയല്‍ കോണ്‍ഫറന്‍സില്‍ പ്രധാനപ്പെട്ട ഒരു തീരുമാനം എടുത്തിരുന്നു. ദുരന്തങ്ങളില്‍നിന്നുള്ള നാശനഷ്ടം ഗണ്യമായി കുറയ്ക്കാന്‍ പ്രാദേശികതലത്തില്‍ ആവശ്യമായ സംവിധാനങ്ങള്‍ 2030നുമുമ്പ് രൂപപ്പെടുത്തും എന്നതാണത്. സാമൂഹ്യാധിഷ്ഠിത ജനരക്ഷാസംവിധാനങ്ങളൊരുക്കാന്‍ കേരളം സജ്ജമായി എന്ന് സന്തോഷത്തോടെ നിങ്ങളെ അറിയിക്കുന്നു. 2016 സെപ്തംബറില്‍ അംഗീകരിച്ച സംസ്ഥാനത്തെ ആദ്യ ദുരന്തലഘൂകരണ പദ്ധതിയില്‍ ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കാന്‍ പ്രാദേശികമായ അവബോധപ്രവര്‍ത്തനങ്ങളും സന്നദ്ധസേനകളും ആവശ്യമാണെന്ന് എടുത്തുപറഞ്ഞിട്ടുണ്ട്.കേരളത്തില്‍ വളരെ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ അഗ്നിസുരക്ഷാ വകുപ്പ് മേധാവിയെ സാമൂഹ്യാധിഷ്ഠിത ദുരന്തപ്രതികരണ സേനയുടെ മേധാവിയായിക്കൂടി പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യമായ ഒരു നടപടിയും ഈ സന്നദ്ധസേനയുടെ രൂപീകരണത്തിന് എടുക്കപ്പെട്ടില്ല എന്ന വ്യസനകരമായ വസ്തുത ഉണ്ട്. സര്‍ക്കാരിന്റെ ഈ വിഷയത്തിലുള്ള സവിശേഷശ്രദ്ധയും കരുതലും ഉള്‍ക്കൊണ്ട്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഇതിനായി സന്നദ്ധമായിക്കഴിഞ്ഞു. തൃശൂര്‍ കേന്ദ്രീകരിച്ച് സിവില്‍ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചിട്ടുണ്ട്. ഈ കേന്ദ്രം പ്രവര്‍ത്തനസജ്ജമാക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തങ്ങള്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അഗ്നിസുരക്ഷാ വകുപ്പും ഏറ്റെടുത്തിട്ടുണ്ട്.

ഇന്ന്, 2017ലെ ഈ അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനത്തില്‍, കേരളത്തിലെ സാമൂഹ്യാധിഷ്ഠിത ദുരന്തപ്രതികരണ സേനയുടെ രൂപീകരണത്തിനുള്ള ആദ്യ നിര്‍ണായക ചുവടുവയ്പ് നാം ഒറ്റക്കെട്ടായി എടുക്കുകയാണ്. ജനങ്ങളുടെ സേവനമനോഭാവത്തെ കേന്ദ്ര സിവില്‍ ഡിഫന്‍സ് നിയമത്തിന്റെ വെളിച്ചത്തില്‍ സാമൂഹ്യാധിഷ്ഠിത ദുരന്തപ്രതികരണസേനയുടെ രൂപത്തില്‍ ഏകോപിപ്പിച്ച് എല്ലാ താലൂക്കിലുമായി ഏകദേശം 3000 എശൃ ഞലുീിറലൃ അടുത്ത 5 വര്‍ഷംകൊണ്ട് വാര്‍ത്തെടുക്കുക എന്നതാണ് സംസ്ഥാന അതോറിറ്റി ഏറ്റെടുത്തിരിക്കുന്ന ലക്ഷ്യം. ഇതിനായി കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തോടെ, “ആപത്താ മിത്രാ’ പദ്ധതി പ്രകാരം കോട്ടയം ജില്ലയില്‍നിന്ന് തെരഞ്ഞെടുത്ത 200 സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ദുരന്തസമയ പ്രതികരണപ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കാനുള്ള പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് നിര്‍വഹിക്കപ്പെടുകയാണ്.ഇത് ദുരന്തനിവാരണ രംഗത്തെ ഒരു പുതിയ ചുവടുവയ്പാണ്. സുരക്ഷിതകേരളത്തിനായി നമുക്ക് ഒരുമിച്ച് മുന്നേറാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News