ശബരിമല സ്ത്രീപ്രവേശനം; ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടു; സ്ത്രീകള്‍ക്കുളള നിയന്ത്രണം ലിംഗ വിവേചനമാണോയെന്ന് പരിശോധിക്കും

ദില്ലി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.

സ്ത്രീകള്‍ക്കുളള നിയന്ത്രണം ലിംഗ വിവേചനമാണോയെന്നും ക്ഷേത്രപ്രവേശന നിയമങ്ങളുടെ ഭരണഘടനാ സാധുതയും ബെഞ്ച് പരിഗണിക്കും.

പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതിലെ ഭരണഘടന പ്രശ്‌നമാണ് പ്രധാനമായും പരിഗണിക്കുക.

സന്നിധാനത്ത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യംങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയാണ് ഭരണഘടനാ ബെഞ്ചിന് വിട്ടത്. കേസില്‍ ദേവസ്വം ബോര്‍ഡിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ സംഘടനകളുടെയും ഭാഗം കോടതി പരിശോധിച്ചിരുന്നു.

സന്നിധാനത്ത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കാത്തത് ഭരണഘടന ലംഘനമാണെന്ന് കോടതി വാക്കാല്‍ പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.

പ്രവേശനത്തെ അനുകൂലിച്ച് 2007ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ ഈ സത്യവാങ്മൂലം പരിഗണിക്കരുതെന്നും, സന്നിധാനത്ത് കാലങ്ങളായി തുടരുന്ന ആചാരങ്ങള്‍ ലംഘിക്കാനാകില്ല എന്നും വ്യക്തമാക്കി മുന്‍ യുഡിഎഫ് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു.

എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ 2007ലെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും, സന്നിധാനത്ത് എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിക്കണമെന്നും കോടതിയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News