റോഹിംഗ്യന്‍ അഭയാര്‍ഥികളെ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ തിരിച്ചയക്കരുതെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി; നിഷ്‌കളങ്കരായ ആ സ്ത്രീകളുടെയും കുട്ടികളുടെയും ദുരിതം കണ്ടില്ലെന്ന് നടിക്കരുത്

ദില്ലി: റോഹിംഗ്യന്‍ അഭയാര്‍ഥികളെ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ തിരിച്ചയക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതിയുടെ നിര്‍ദേശം.

സന്തുലിതമായ പരിഹാരമാണ് വേണ്ടത്

നിഷ്‌കളങ്കരായ റോഹിംഗ്യന്‍ സ്ത്രീകളുടെയും കുട്ടികളുടെയും ദുരിതം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അഭയാര്‍ഥി വിഷയത്തില്‍ സന്തുലിതമായ പരിഹാരമാണ് വേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് നവംബര്‍ 21ന് വീണ്ടും കോടതി പരിഗണിക്കും.

റോഹിംഗ്യന്‍ അഭയാര്‍ഥികളെ മ്യാന്‍മാറിലേയ്ക്ക് തിരിച്ചയക്കണമെന്ന് നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ അഭയാര്‍ത്ഥികളില്‍ പലര്‍ക്കും തീവ്രവാദ ബന്ധമുണ്ടെന്നും കേന്ദ്രം അവകാശപ്പെട്ടിരുന്നു.

ഇവര്‍ കൂട്ടത്തോടെ ഐഎസ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകളില്‍ ചേരാന്‍ സാധ്യതയുണ്ടെന്നും റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും കേന്ദ്രം വാദിച്ചിരുന്നു.

ഇന്ത്യയില്‍ അഭയം തേടിയ ഇവരെ മ്യാന്‍മാറിലേയ്ക്ക് തിരിച്ചയ്ക്കാനുള്ള നീക്കത്തിനെതിരെ നേരത്തെ ഐക്യരാഷ്ട്ര സംഘടനയും മനുഷ്യാവകാശ കമ്മീഷനും രംഗത്ത് എത്തിയിരുന്നു. അഭയാര്‍ത്ഥികളോട് മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്നാണ് ആദ്യം മുതലേ സുപ്രീംകോടതിയും ആവശ്യപ്പെട്ടത്.
റോഹിംഗ്യന്‍ അഭയാര്‍ഥികളെ അപമാനിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.

മ്യാന്‍മറില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ച റോഹിംഗ്യകള്‍ അഭയാര്‍ത്ഥികളല്ലെന്നും ഭീകരബന്ധമുള്ളവരാണെന്നുമാണ് യോഗിയുടെ കണ്ടെത്തല്‍. റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ വലിഞ്ഞുകയറി വന്നവരാണെന്നും യോഗി പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here