അമ്പതു ലക്ഷത്തോളം ബാധ്യതയുണ്ടായിരുന്ന സൗമ്യ ഇന്നു കോടിപതി; ഈ പെണ്‍കുട്ടി ഒരു അത്ഭുതമാണ് ,മാതൃകയാണ്

ഈ പെണ്‍കുട്ടി ഒരു അത്ഭുതമാണ് ,മാതൃകയാണ്. എല്ലാം തകര്‍ന്ന്, വീട്ടുകാരുടെ മുന്നില്‍ അപമാനിതയായി കടംകൊണ്ടു വലഞ്ഞു നിന്ന ആ പെണ്‍കുട്ടി.

ജീവിതം തന്നെ കൈവിട്ടു പോകുമെന്ന അവസ്ഥയില്‍ നിന്നു, സ്വന്തം പരിശ്രമം കൊണ്ട് അതിജീവനത്തിന്റെ പടവുകള്‍ ചവിട്ടിക്കയറുകയായിരുന്നു ആ പെണ്‍കുട്ടി.

അവളുടെ ജീവിത കഥ എന്തിനെയും വെല്ലുവിളിക്കാന്‍ പര്യാപ്തമായിരുന്നു താനും.

മുംബൈ സ്വദേശിനിയായ സൗമ്യ ഗുപ്ത എന്ന പെണ്‍കുട്ടിയുടെ ജീവിതം വ്യത്യസ്തമാകുന്നതും ആ തിരിച്ചറിവു കണ്ടെത്തി മുന്നേറിയതുകൊണ്ടാണ്.

അമ്പതു ലക്ഷത്തോളം ബാധ്യതയുണ്ടായിരുന്ന സൗമ്യ സ്വന്തം പരിശ്രമത്തോടെ ഇന്നു കോടിപതി ആയിരിക്കുകയാണ്.താന്‍ ഒന്നിനും കൊള്ളാത്തവളാണെന്നും പരാജയമാണെന്നും കുടുംബക്കാര്‍ ചിത്രീകരിച്ചു.

വിഷാദരോഗത്തിന് അടിമപ്പെടുമെന്ന ഘട്ടം വരെയായി. ഒരുപരിധി കഴിഞ്ഞപ്പോള്‍ അച്ഛനും അമ്മയുംവരെ നിശബ്ദത മുറിച്ചു താന്‍ ജോലിക്കു പോയി തുടങ്ങണമെന്നു നിര്‍ദ്ദേശിച്ചു.

പക്ഷേ പ്ലസ്ടു മാത്രം പാസായ ഒരു പെണ്‍കുട്ടിക്ക് അത്രപെട്ടെന്നൊരു ജോലി കിട്ടുകയെന്നത് എളുപ്പമായിരുന്നില്ല.

അങ്ങനെ ഇരുപതാം വയസില്‍ സൗമ്യ കാള്‍സെന്ററില്‍ ജോലിക്കു കയറിത്തുടങ്ങി. ഇരുപതിനായിരം രൂപ പ്രതിഫലത്തിലായിരുന്നു തുടക്കം.

പക്ഷേ ഒരു തരിമ്പുപോലും താല്‍പര്യം ഇല്ലാതെ ചെയ്യുന്ന ജോലി നാള്‍ക്കുനാള്‍ മടുപ്പിക്കുന്നതായിരുന്നു.

അങ്ങനെ അമ്മയാണ് തനിക്കെന്താണ് ഇഷ്ടം ആ മേഖലയില്‍ ശ്രദ്ധ െകാടുക്കാന്‍ പറയുന്നത്. അന്നാണ് വസ്ത്രങ്ങളെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയത്.

കുറച്ചു വസ്ത്രങ്ങള്‍ വിറ്റഴിക്കാനുള്ള സ്ഥലം വീട്ടില്‍ തന്നെ ഒരുക്കണമെന്ന് അമ്മയോടു പറഞ്ഞു.

അന്ന് അമ്മ യെസ് പറഞ്ഞതോടെ ‘ടെന്‍ ഓണ്‍ ടെന്‍’ എന്ന സ്ഥാപനം തുടങ്ങുകയായി. വീട്ടുകാര്‍ക്ക് സാമ്പത്തികമായി തന്നെ സഹായിക്കാന്‍ കഴിയില്ലെങ്കിലും അവര്‍ മറ്റെല്ലാ കാര്യങ്ങള്‍ക്കും കൂടെ നിന്നു.

തുണിത്തരങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഒരാളെ കണ്ടെത്തി, പക്ഷേ വലിയ ബ്രാന്‍ഡുകള്‍ കയറ്റി അയക്കുന്ന അയാളില്‍ നിന്ന് ഒത്തിരി വസ്ത്രങ്ങള്‍ എടുക്കാനുള്ള പണമൊന്നും കയ്യിലുണ്ടായിരുന്നില്ല.

അങ്ങനെ മുപ്പതു പീസ് തുണികള്‍ മാത്രം വച്ച് വീട്ടില്‍ തന്നെ ചെറിയൊരു എക്സിബിഷന്‍ നടത്തി.

പതിയെ തുണിത്തരങ്ങളുടെ എണ്ണം വര്‍ധിക്കാനും ശരിയായ ബിസിനസിന്റെ പാതയിലേക്ക് ഉയരാനും തുടങ്ങി.തുടര്‍ന്നുള്ള നാളുകള്‍ തന്റെ വസ്ത്രങ്ങളെ എങ്ങനെ വിപണിയില്‍ പ്രശസ്തമാക്കാം എന്ന ചിന്തകളുടേതായിരുന്നു.

ഫാഷന്‍ പോര്‍ട്ടലുകളില്‍ തന്റെ ബ്രാന്‍ഡിന് ഇടംനേടണമെങ്കില്‍ വസ്ത്രങ്ങളുടെ നല്ല പടങ്ങള്‍ വേണമായിരുന്നു. പക്ഷേ അതെടുക്കാനുള്ള മികച്ച ക്യാമറ കയ്യിലില്ല താനും.

അങ്ങനെ ഒരു ഫൊട്ടോഗ്രാഫര്‍ സുഹൃത്തിനെ കണ്ട് കാര്യം അവതരിപ്പിച്ചു. അടുത്ത ഘട്ടം ഒരു മോഡലിനെ തിരയലായിരുന്നു.

പക്ഷേ അതിനുള്ള പണവും കയ്യിലില്ല അങ്ങനെ തന്റെ ചേച്ചിയുടെ സുഹൃത്തു കൂടിയായ മോഡല്‍ ബോസ്‌കി തയാറാണെന്ന് അറിയിച്ചു.

വിറ്റുവരവ് നല്ല രീതിയില്‍ കിട്ടാനായി മൂന്നുമാസത്തോളം എടുത്തു. പണം തിരിച്ചും മറിച്ചും മാക്സിമം പിശുക്കി ജീവിച്ചു.

വെറും ഇരുപത്തിയൊന്നു വയസു മാത്രം പ്രായമുള്ള പെണ്‍കുട്ടിയാണെന്ന് ഓര്‍ക്കണം.

ഒരു ലോണ്‍ പോലും എടുക്കാനുള്ള പ്രായം തികഞ്ഞിരുന്നില്ല. അങ്ങനെ കൊളേജ് വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് ഫൊട്ടോഷൂട്ട് നടത്തി.

പതിയെ ടെന്‍ ഓണ്‍ ടെണ്‍ പ്രസിദ്ധിയാര്‍ജിച്ചു തുടങ്ങി. 60 തുണിത്തരങ്ങള്‍ കൊണ്ടു തുടങ്ങിയ സ്ഥാനത്ത് ഇന്ന് ആറ് ലക്ഷമായി.

ബോംബെയുട ഹൃദയമധ്യത്തില്‍ തന്നെ സ്ഥാപനം തുടങ്ങുകയും ഐസ്ഒ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.

ഇന്ന് മാസം 1.25 കോടിയും വര്‍ഷത്തില്‍ 10-15 കോടിയുമാണ് ടെന്‍ ഓണ്‍ ടെന്നിന്റെ വിറ്റുവരവ്.

ചെറുപ്രായത്തില്‍ തന്നെ വിജയത്തിന്റെ ഔന്നത്യത്തില്‍ നില്‍ക്കുമ്പോഴും സൗമ്യ തന്റെ കഴിഞ്ഞകാലത്തെ മറക്കുന്നില്ല. സമൂഹത്തിനു നിങ്ങളുടെ തോല്‍വികള്‍ എണ്ണിപ്പറഞ്ഞ് കുറ്റപ്പെടുത്താന്‍ കഴിയും.

പക്ഷേ അതിലൊന്നും തളരാതെ മുന്നോട്ടു പോവുകയാണു വേണ്ടത്. മറ്റുള്ളവര്‍ എന്തു കരുതും എന്നതിനല്ല നിങ്ങളുടെ സന്തോഷത്തിനും ഇഷ്ടത്തിനുമാണ് പ്രാധാന്യം നല്‍കേണ്ടത്.

ലോകം നിങ്ങളുടെ വിജയത്തെ കാണാന്‍ ശ്രമിക്കുന്നതിനേക്കാള്‍ കുറവുകളിലാകും ശ്രദ്ധ ചെലുത്തുന്നത്. നിങ്ങള്‍ക്കൊരു സ്വപ്നമുണ്ടെങ്കില്‍ അതെന്തു തടസങ്ങളെയും മറികടന്ന് നേടിയെടുക്കുക തന്നെ ചെയ്യണം- സൗമ്യ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here