ദില്ലി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ജനരക്ഷ യാത്രയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ബിജെപി ദില്ലി ഘടകം നടത്തിയ എകെജി ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം.

സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്നതിനിടെയായിരുന്നു ബിജെപി പ്രതിഷേധം. ബാരിക്കേഡുകള്‍ തള്ളി മാറ്റിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

ബാരിക്കേഡിന് മുകളില്‍ കയറി ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. എകെജി ഭവന് 300 മീറ്റര്‍ അകലെ പൊലീസും സിആര്‍പിഎഫും മാര്‍ച്ച് തടഞ്ഞു.

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്‌തെങ്കിലും എകെജി ഭവനിലേക്കുള്ള മാര്‍ച്ചില്‍ പങ്കെടുത്തില്ല. കുമ്മനത്തിന്റെ ജനരക്ഷ യാത്ര അവസാനിക്കുന്ന ചൊവ്വാഴ്ച്ച വരെ ബിജെപിയുടെ എകെജി ഭവന്‍ മാര്‍ച്ച് തുടരും.