യൂറോപ്യന്‍ ലീഗുകളില്‍ ഇന്ന് വീണ്ടും പന്തുരുളുന്നു; ആവേശത്തോടെ ഫുട്‌ബോള്‍ ആരാധകര്‍

ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയ താരങ്ങള്‍ തിരകി എത്തുന്നതോടെ യൂറോപ്യന്‍ ലീഗ് വീണ്ടും സജീവമാകുന്നു.

പ്രീമിയര്‍ ലീഗിലും ലീഗ് വണ്ണിലും ലാലീഗയിലും ബുണ്ടസ് ലീഗയിലും സിരി എയിലും ഇന്ന് മത്സരമുണ്ട്. അതേസമയം, തുടര്‍ച്ചയായ മത്സരങ്ങള്‍ താരങ്ങളെ ക്ഷീണിപ്പിക്കുകയും പരിക്ക് പേടിയിലാക്കുകയും ചെയ്തിട്ടുണ്ട്.

പ്രീമിയര്‍ ലീഗിലുള്ള കളിക്കാരാണ് കൂടുതലും പരിക്കിന്റെ പിടിയില്‍.

പ്രീമിയര്‍ ലീഗിലാണ് ഇന്ന് ഉഗ്രന്‍ പോരാട്ടം. പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലിവര്‍പൂളിനെ നേരിടുന്നതോടെയാണ് ഇപിഎല്‍ പുതിയ ഗെയിം വീക്ക് ആരംഭിക്കുക.

ലിവര്‍പൂളിന്റെ സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ വെച്ചാണ് മത്സരം. സൂപ്പര്‍ താരങ്ങളായ പോള്‍ പോഗ്ബ, ഫെല്ലയ്നി എന്നിവര്‍ പരിക്കേറ്റു പുറത്തിരിക്കുന്നതാകും യുണൈറ്റഡ് പരിശീലകന്‍ ജോസ് മൊറീഞ്ഞോയുടെ ആശങ്ക.

ഏഴ് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുള്ള ലിവര്‍പൂളിനു ഈ സീസണില്‍ ഇതുവരെ ട്രാക്കിലെത്താന്‍ സാധിച്ചിട്ടില്ല.

ഗ്രൂപ്പില്‍ ഒന്നാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്കു സ്റ്റോക്ക് സിറ്റിയാണ് എതിരാളി. രാത്രി 7.30നാണ് മത്സരം.

ഇതേസമയം തന്നെയാണ് ടോട്ടന്‍ഹാം-ബെണ്‍ മൗത്ത്, ക്രിസ്റ്റല്‍ പാലസ്-ചെല്‍സി, സ്വാന്‍സിസിറ്റി-ഹഡേഴ്സ്ഫീല്‍ഡ്, ബണ്‍ലി-വെസ്റ്റ്ഹാം എന്നീ പോരാട്ടങ്ങളും. രാത്രി പത്തിനാണ് ആഴ്സണല്‍ വാറ്റ്ഫോഡിനെ നേരിടുന്നത്.

സ്പാനിഷ് ലീഗിലും ഇന്ന് വമ്പന്‍ പോരാട്ടമാണ്. പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ബാഴ്സ ഈ സീസണിലെ ആദ്യ വെല്ലുവളിക്കാണൊരുങ്ങുന്നത്.

പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിന്റെ അവരുടെ പുതിയ മൈതാനത്ത് ചെന്ന് നേരിടുമ്പോള്‍ ശക്തമായ വെല്ലുവിളി നേരിടേണ്ടിവരുമന്നുറപ്പാണ്.

രാഷ്ട്രീയ പ്രാധാന്യം കൂടിയുള്ള ഇന്നത്തെ മത്സരം ബാഴ്സയെ അപേക്ഷിച്ചു ജയിക്കല്‍ നിര്‍ബന്ധമാണ്.
ലാലീഗയില്‍ അഞ്ചാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡും ഗറ്റാഫെയുമായുള്ള മത്സരം രാത്രി 7.45നാണ്. ചാംപ്യന്‍സ് ലീഗില്‍ ഫോമിലാണെങ്കിലും ലാലീഗയില്‍ ഇതുവരെ ഫോമിലേക്കെത്താന്‍ മാഡ്രിഡിനു സാധിച്ചിട്ടില്ല.

മാത്രവുമല്ല, ഏഴു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മാഡ്രിഡിന്റെ ഗോള്‍ മെഷീന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കു ഇതുവരെ ലാലീഗയില്‍ ഗോളൊന്നും സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. മുന്നേറ്റനിരയില്‍ ബെന്‍സെമ, ബെയില്‍ എന്നിവര്‍ക്കു പരിക്കേറ്റതും റയലിനു തിരിച്ചടിയാണ്.
ഫ്രഞ്ച് ലീഗ് വണില്‍ സൂപ്പര്‍ ക്ലബ്ബ് പിഎസ്ജി ഡിജോണ്‍ എഫ്സിഒയെ നേരിടും രാത്രി 8.30നാണ് മത്സരം. ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്ക് ഫ്രെബര്‍ഗിനെ രാത്രി ഏഴിനു നേരിടും.

സിരി എയില്‍ യുവന്റസും ഇന്നിറങ്ങും. ലാസിയോ ആണ് എതിരാളികള്‍. മത്സരം രാത്രി 9.30ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel