ദുബായിലെ രണ്ടു റോഡുകളില്‍ വേഗതാ നിയന്ത്രണം ഇന്ന് മുതല്‍

ദുബായിലെ പ്രധാനപ്പെട്ട റോഡുകളായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് റോഡിലൂടെയും എമിറേറ്റ്‌സ് റോഡിലൂടെയുമുള്ള വാഹനങ്ങളുടെ വേഗത നിയന്ത്രണം ഇന്ന് മുതല്‍ നിലവില്‍ വരും.

മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയുണ്ടായിരുന്നത് 110 ആയാണ് കുറച്ചത്. അപകടങ്ങള്‍ കുറയ്ക്കുന്നതിനും റോഡ് സുരക്ഷയ്ക്കുമായാണ് പുതിയ നടപടി.

ഈ റോഡുകളില്‍ മുന്‍ വര്‍ഷങ്ങളിലുണ്ടായ അപകടനിരക്ക് പഠനവിധേയമാക്കിയപ്പോള്‍ 60 ശതമാനം അപകടങ്ങള്‍ക്കും കാരണം അമിത വേഗമാണെന്ന് കണ്ടെത്തിയിരുന്നു.

ഈ വര്‍ഷം ആറു മാസത്തിനിടെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലുണ്ടായ 99 അപകടങ്ങളില്‍ ആറു പേര്‍ മരിക്കുകയും 78 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷം 196 അപകടങ്ങളില്‍ 33 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

249 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. എമിറേറ്റ്‌സ് റോഡില്‍ ആദ്യ ആറു മാസത്തിനിടെ 40 അപകടങ്ങളില്‍ പത്തു പേര്‍ മരിക്കുകയും 75 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷം 86 അപകടങ്ങളില്‍ 29 പേര്‍ മരിച്ചു. 147 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും സുരക്ഷയ്ക്കുമായി ആര്‍ടിഎയും ദുബായ് പൊലീസും നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

വേഗം കുറയ്ക്കുന്നതോടെ അപകടനിരക്ക് പിടിച്ചു നിര്‍ത്താനാകുമെന്നാണ് ആര്‍ടിഎ വിലയിരുത്തല്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here