ജയ് ഷായുടെ കമ്പനികളെക്കുറിച്ച് അന്വേഷിക്കണം; പ്രകാശ് കാരാട്ട്

ജയ് ഷായുടെ കമ്പനികളെക്കുറിച്ച് അന്വേഷിക്കണം. സിബിഐയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും ഇതിനു നിയോഗിക്കണം: പ്രകാശ് കാരാട്ടിന്റെ ലേഖനം

കേന്ദ്ര സര്‍ക്കാര്‍ ഒന്നാം വര്‍ഷം പൂര്‍ത്തിയായ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അവകാശപ്പെട്ടിരുന്നത് തന്റെ സര്‍ക്കാരിനെതിരെ അഴിമതി വിഷയത്തില്‍ ആര്‍ക്കും ഒരു ചെറുവിരല്‍ പോലും ഉയര്‍ത്താന്‍ കഴിയില്ലെന്നായിരുന്നു.

മറ്റൊരു അവസരത്തില്‍ അഭിമാനത്തോടെ അദ്ദേഹം പറഞ്ഞു ‘ഞാന്‍ അഴിമതിക്കാരനാകില്ല; മറ്റുള്ളവരെ അഴിമതി നടത്താന്‍ അനുവദിക്കുകയുമില്ല’. പക്ഷേ, ഈ വാക്കുകള്‍ ഇപ്പോള്‍ മോഡിക്കെതിരെ തിരിഞ്ഞുകുത്തുകയാണ്.

ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷാ ചങ്ങാത്ത മുതലാളിത്ത കേസിന്റെ കേന്ദ്ര ബിന്ദുവായിരിക്കുകയാണിപ്പോള്‍. അന്യായമായി ബിസിനസ് നടത്തുന്നത് സംബന്ധിച്ച ചര്‍ച്ചയ്ക്കും ഈ കേസ് തുടക്കമിട്ടു. ഏറെ അന്വേഷണത്തിനുശേഷം ‘ദ വയര്‍’ എന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് ജയ് ഷായുടെ ഉടമസ്ഥതയില്‍ ടെമ്പിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുണ്ട്.

2014-15ല്‍ 50,000 രൂപ മാത്രം വിറ്റുവരവുണ്ടായിരുന്ന ഈ കമ്പനിയുടെ വരുമാനം 201516ല്‍ 16,000 ഇരട്ടി വര്‍ധിച്ച് 80.5 കോടി രൂപയായി. ഒരു ധനസ്ഥാപനത്തില്‍നിന്ന് 16.78 കോടി രൂപ അനധികൃതമായി വായ്പയും ലഭിച്ചു. 2016 ഒക്ടോബറില്‍ ഈ കമ്പനി പൊടുന്നനെ പൂട്ടുകയും ചെയ്തു.

കുസും ഫിന്‍സര്‍വ് എന്ന മറ്റൊരു കമ്പനിക്ക് 2015 ജൂലൈയില്‍ ജയ് ഷാ രൂപം നല്‍കി. ഓഹരി വ്യാപാരവും കയറ്റുമതി ഇറക്കുമതിയും ലക്ഷ്യമിട്ടാണ് ഈ കമ്പനി രൂപീകരിച്ചത്. എന്നാല്‍, ഈ കമ്പനി കാറ്റില്‍നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനത്തിലാണ് ഏര്‍പ്പെട്ടത്. ഏഴുകോടി രൂപയുടെ ഈടുവയ്പിന് ഒരു സഹകരണ സ്ഥാപനം ഈ കമ്പനിക്ക് 25 കോടി രൂപ വായ്പ നല്‍കി. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ അഞ്ചുകോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഉള്‍പ്പെടെ പണയംവച്ചാണ് ഈ വായ്പയെടുത്തത്.

ഇന്ത്യന്‍ റന്യൂവബള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സി എന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തില്‍നിന്ന് 10.35 കോടി രൂപയും വായ്പ ലഭിച്ചു. കാറ്റില്‍ നിന്നും 2.1 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പ്‌ളാന്റ് സ്ഥാപിക്കുന്നതിനു വേണ്ടിയായിരുന്നു ഈ വായ്പ.

ജയ് ഷായുടെ ഈ ബിസിനസ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഈടില്ലാതെയുള്ള വായ്പ, വിറ്റുവരവിലുള്ള വന്‍ കുതിപ്പ്, പൊടുന്നനെ കമ്പനി പൂട്ടിയത്, ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിനല്‍നിന്ന് വായ്പ നേടിയത് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.

റോബര്‍ട്ട് വാധ്രയുടെ കേസുമായി ഇതിന് ചില സമാനതകളുണ്ടെന്ന് രാഷ്ട്രീയനീരീക്ഷകരുടെ പക്ഷം. വാധ്രയുടെ കേസിലും ഈടില്ലാത്ത വായ്പയും ഔദ്യോഗിക പക്ഷപാതിത്തവും ഉണ്ടായിരുന്നു. ബിജെപിയുടെയും മോഡി സര്‍ക്കാരിന്റെയും പ്രതികരണവും യുപിഎ സര്‍ക്കാരിന്റേതിനും കോണ്‍ഗ്രസിന്റേതിനും സമാനമാണ്.

ജയ് ഷാ ഒരു സ്വകാര്യ വ്യക്തിയാണെങ്കിലും അദ്ദേഹത്തിന് പ്രതിരോധം തീര്‍ക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ വാര്‍ത്താസമ്മേളനം നടത്തി. പാര്‍ടി അധ്യക്ഷന്റെ മകന്റെ കാര്യത്തില്‍ വഴിവിട്ടൊന്നും നടന്നിട്ടില്ലെന്ന് ബിജെപി നേതൃത്വവും വ്യക്തമാക്കി.

വിവിധ ബിസിനസുകാരും പ്രതിപക്ഷ രാഷ്ട്രീയനേതാക്കളും അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ആരോപണങ്ങളില്‍പെട്ടതിനെ തുടര്‍ന്ന് സമീപകാലത്ത് സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വിഭാഗം എന്നിവയുടെ അന്വേഷണം നേരിടേണ്ടിവന്നു. എന്നാല്‍, ജയ് ഷായുടെ കേസ് ഈ ഏജന്‍സികള്‍ കണ്ടതായി നടിച്ചില്ല.

മന്ത്രിമാരും പാര്‍ടി നേതാക്കളും മാത്രമല്ല ജയ് ഷാക്ക് പ്രതിരോധം തീര്‍ക്കാന്‍ രംഗത്തുവന്നത്. ‘ദ വയറി’നെതിരെ ജയ് ഷാ നല്‍കിയ മാനനഷ്ടക്കേസില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരാകാനും അനുമതി നല്‍കി. ന്യൂസ്‌പോര്‍ട്ടല്‍ അവരുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് രണ്ടുദിവസം മുമ്പു തന്നെ എല്ലാ നിയമങ്ങളും ചട്ടങ്ങളും മറികടന്ന് ഈ അനുവാദം നല്‍കിയിരുന്നു.

എന്നിട്ടും, യുപിഎ സര്‍ക്കാരില്‍നിന്നു വ്യത്യസ്തമായി തങ്ങളുടെ സര്‍ക്കാരിന്റെ കീഴില്‍ അഴിമതിയൊന്നുമില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപിയും. ബിജെപി ഉള്‍പ്പെട്ട അഴിമതിയുടെ നീണ്ടപട്ടികയില്‍ ഏറ്റവും അവസാനത്തേത് മാത്രമാണ് ജയ് ഷായുടെ കേസ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അഴിമതി ആരോപണങ്ങള്‍ വര്‍ധിക്കുകയാണ്.

ഇതില്‍ ഏറ്റവും വലുതാണ് വ്യാപം അഴിമതി. റിക്രൂട്ട്‌മെന്റ് പരീക്ഷയില്‍ കൃത്രിമം കാട്ടിയ കേസുകളില്‍ നിരവധി ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാനെതിരെ തന്നെ സംശയത്തിന്റെ കുന്തമുന ഉയരുകയും ചെയ്തു.

രാജസ്ഥാനില്‍ 2015ല്‍ ഖനിയുമായി ബന്ധപ്പെട്ട് വ്യാപകമായ അഴിമതി ആരോപണം ഉയര്‍ന്നു. അനധികൃതമായി 653 ഖനികള്‍ പാട്ടത്തിനു നല്‍കിയത് വഴി 45,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

ഖനി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ അശോക് സിങ്വിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍, ഈ കേസിലുള്ള രാഷ്ട്രീയബന്ധം മറച്ചുവച്ചു.

മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരിലെ രണ്ടാമനായ ഏകനാഥ് ഖഡ്‌സെക്ക് അഴിമതിക്കേസില്‍പെട്ട് രാജിവയ്‌ക്കേണ്ടി വന്നു. പുണെയില്‍ അനധികൃതമായി ഭൂമിയിടപാട് നടത്തിയ കേസിലാണ് ഖഡ്‌സെക്ക് രാജിവയ്‌ക്കേണ്ടി വന്നത്. 206 കോടി രൂപയുടെ കരാറുകള്‍ അനധികൃതമായി അനുവദിച്ച കേസില്‍ പങ്കജ്് മുണ്ടെ എന്ന മന്ത്രിയും അഴിമതിക്കുരുക്കില്‍ കുടുങ്ങി.

ഏറ്റവും അവസാനമായി അഴിമതി പുറത്തുകൊണ്ടുവന്നത് അസമിലെ തേസ്പുരില്‍നിന്നുള്ള ബിജെപി എംപി ആര്‍ പി ശര്‍മയാണ്. കരാറുകള്‍ നല്‍കുന്നതിന് അസമിലെ എല്ലാ മന്ത്രിമാരും 10 ശതമാനം കെക്കൂലി വാങ്ങുന്നുവെന്നാണ് സ്റ്റിങ് ഓപ്പറേഷനിലൂടെ ശര്‍മ പുറത്തുകൊണ്ടുവന്നത്. ഒരു കരാര്‍ ലഭിക്കുന്നതിന് ശര്‍മയുടെ മകനില്‍നിന്ന് ജലവിഭവ മന്ത്രി രണ്‍ജിത് ദത്ത 8,70,000 രൂപ കൈക്കൂലി വാങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.

പാര്‍ടിക്ക് ഭരണമില്ലാത്ത കേരളത്തില്‍പോലും ബിജെപി നേതാക്കള്‍ എങ്ങനെയാണ് അഴിമതി നടത്തുന്നതെന്ന് നാം കണ്ടു. ഒരു സ്വകാര്യ മെഡിക്കല്‍കോളേജിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം നേടിക്കൊടുക്കാമെന്നു പറഞ്ഞ് ഒരു ബിജെപി നേതാവ് 5.6 കോടി രൂപയാണ് കൈക്കൂലി വങ്ങിയത്. ഒരു ബാങ്ക് നിയമനം ശരിയാക്കുന്നതിന് മലപ്പുറത്തുനിന്നുള്ള ബിജെപി നേതാവ് 10 ലക്ഷം വാങ്ങിയതിന് അറസ്റ്റിലാകുകയും ചെയ്തു.

അതായത് താഴെത്തട്ടുമുതല്‍ മുകളില്‍വരെ ബിജെപിയുടെ വിവിധ നേതാക്കള്‍ അവര്‍ സര്‍ക്കാരിന്റെ ഭാഗമായാലും അല്ലെങ്കിലും അഴിമതിയില്‍ മുങ്ങിത്താഴ്ന്നിരിക്കുകയാണ്.

എന്നാല്‍, അഴിമതി ആരോപണങ്ങള്‍ ഉയരുമ്പോള്‍ അത് നിഷേധിക്കുകയെന്ന പൊതുസമീപനമാണ് ബിജെപി കൈക്കൊള്ളുന്നത്. ജയ് ഷായുടെ കമ്പനികളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ മോഡി സര്‍ക്കാര്‍ തയ്യാറാകണം.

സാമ്പത്തിക കുറ്റങ്ങള്‍ക്കെതിരെ പക്ഷപാതപരമായല്ല ഈ ഏജന്‍സികളെ ഉപയോഗിക്കുന്നതെന്ന് ബോധ്യപ്പെടുത്താനെങ്കിലും സിബിഐയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും ഈ ചുമതല ഏല്‍പ്പിക്കണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here