എസ് ഡി പി ഐ മുന്നേറ്റം നല്‍കുന്ന പാഠമെന്ത്; വേങ്ങര ഫലത്തിന് ശേഷം ഇത് ചര്‍ച്ചയാകുന്നു

മലപ്പുറം: വേങ്ങരയില്‍ എസ് ഡി പി ഐ നേടിയ വോട്ടുകള്‍ വര്‍ഗിയ രാഷ്ട്രീയം എങ്ങനെ വോട്ടായി മാറുന്നുവെന്നതിന് ഉദാഹരണമാകുകയാണ്. മതവികാരം ഉയര്‍ത്തിയുള്ള ബിജെപിയുടെ തീവ്രപ്രചാരണത്തെ അതേ നാണയത്തില്‍ തന്നെ എതിര്‍ക്കുകയാണ് എസ് ഡി പി ഐ ചെയ്തത്.

ന്യൂനപക്ഷത്ത് നിന്നും തീവ്രരാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നവര്‍ക്ക് പിന്നില്‍ അണിനിരക്കാന്‍ ചിലര്‍ക്കെങ്കിലും പ്രേരണയാകും എന്ന പാഠം കുടിയാണ് വേങ്ങര നല്‍കുന്നതെന്നാണ് വിലയിരുത്തലുകള്‍.

വേങ്ങരയില്‍ ബി ജെപിയെയും പിന്നിലാക്കി മൂന്നാം സ്ഥാനത്തേക്കാണ് എസ് ഡി പി ഐ എത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ ഇരട്ടിയലധികം വോട്ടും അവര്‍ സ്വന്തമാക്കി. മണ്ഡലം രൂപീകരിച്ചതിന് ശേഷം ആദ്യമായി നടന്ന 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 4683 വോട്ടാണ് ഇവര്‍ക്ക് ലഭിച്ചത്.

എന്നാല്‍ കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമായ 2016 ലെ തിരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ ഉയര്‍ത്തിയ തീവ്രരാഷ്ട്രീയത്തെ വേങ്ങരയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. 3049 വോട്ടുകളിലേക്ക് എസ് ഡി പി ഐ ഒതുങ്ങി.

8648 വോട്ടുകള്‍

എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ 8648 വോട്ടുകള്‍ക്കൊപ്പം മൂന്നാംസ്ഥാനവും എസ് ഡി പി ഐക്ക് സ്വന്തമായി. 5599 വോട്ടുകളാണ് ഇക്കുറി വര്‍ദ്ധിച്ചത്. ഒരു വശത്ത് സംഘപരിവാര്‍ രാഷ്ട്രീയത്തിലൂടെ ബി ജെ പി മുന്നോട്ട് വെച്ച തീവ്രരാഷ്ട്രീയമാണ് എസ് ഡി പി ഐക്ക് വോട്ട് വിഹിതം കൂടാനുള്ള കാരണമെന്നാണ് വിലയിരുത്തലുകള്‍.

സംഘപരിവാര്‍ ഭീകരത ഉയര്‍ത്തിയുള്ള പ്രചരണങ്ങള്‍ തന്നെയാണ് എസ് ഡി പി ഐ മണ്ഡലത്തിലുടനീളം നടത്തിയത്. മുസ്ലിം ലീഗിന് വോട്ടുകുറഞ്ഞതും അതേ വോട്ടുകളില്‍ ചിലത് എസ് ഡി പി ഐയുടെ പെട്ടിയില്‍ വീഴുന്നതിനുമാണ് വേങ്ങര സാക്ഷ്യം വഹിച്ചിരിക്കുന്നത്.

ബിജെപിയുടെ തീവ്രരാഷ്ട്രീയ പ്രചാരണം ശക്തമാകുന്ന കാലഘട്ടത്തില്‍ ന്യൂനപക്ഷത്ത് നിന്നും തീവ്രരാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നവര്‍ക്ക് പിന്നില്‍ അണിനിരക്കാന്‍ ചിലരെങ്കിലും തയ്യാറാകുന്നത് കേരളരാഷ്ട്രീയത്തെ ആശങ്കപ്പെടുത്തുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News