നീലക്കുറിഞ്ഞി പൂക്കുന്ന മാസങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കി കേരള സര്‍ക്കാര്‍

നീലക്കുറിഞ്ഞി പൂക്കുന്ന 2018 ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുളള നാലുമാസം മൂന്നാറിലേക്കുളള വിനോദസഞ്ചാരികളുടെ വന്‍ തിരക്ക് മുന്നില്‍ കണ്ട് ഒരുക്കങ്ങള്‍ നടത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഇത് സംബന്ധിച്ച ബുധനാഴ്ച ചേര്‍ന്ന ഉന്നതതല യോഗമാണ് തീരുമാനം എടുത്തത്. 12 വര്‍ഷത്തിലൊരിക്കലാണ് നീലക്കുറിഞ്ഞി പൂവിടുന്നത്.

പ്രതീക്ഷിക്കുന്നത് എട്ടു ലക്ഷം വിനോദസഞ്ചാരികളെ

അടുത്ത വര്‍ഷം ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ നീലക്കുറിഞ്ഞി പൂത്തുനില്‍ക്കുന്ന കാലമാണ്. ഈ സീസണില്‍ ഏകദേശം എട്ടു ലക്ഷം വിനോദസഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്.

മൂന്നാറില്‍ പലസ്ഥലങ്ങളിലും കുറിഞ്ഞി പൂക്കുമെങ്കിലും ടൗണില്‍നിന്ന് എട്ടു കിലോമീറ്റര്‍ അകലെയുളള ഇരവികുളം ദേശീയോദ്യാനമാണ് പ്രധാന ആകര്‍ഷണ കേന്ദ്രം.

സഞ്ചാരികളുടെ അഭൂതപൂര്‍വമായ തിരക്ക് കണക്കിലെടുത്ത് മുന്‍കരുതലുകളും തയ്യാറെടുപ്പുകളും നടത്താനാണ് തീരുമാനം.
മാലിന്യനിര്‍മാര്‍ജനത്തിന് സംവിധാനമൊരുക്കാത്ത റിസോര്‍ട്ടുകള്‍ക്കെതിരെ നടപടിയെടുക്കണം.

കുറിഞ്ഞി പൂക്കുന്ന സീസണില്‍ മൂന്നാര്‍ പ്രദേശം ഏറ്റവും വൃത്തിയായി സൂക്ഷിക്കണം. അതിനാവശ്യമായ ശുചീകരണ ജോലിക്കാരെ നിയോഗിക്കണം.

വേണ്ടത്ര ടോയ്‌ലറ്റുകള്‍ ഏര്‍പ്പെടുത്തണം. റോഡുകളെല്ലാം പൊതുമരാമത്ത് വകുപ്പ് റിപ്പയര്‍ ചെയ്യണം. അടിയന്തര ചികിത്സയ്ക്ക് സംവിധാനമുണ്ടാക്കണം. ദുരന്തങ്ങള്‍ നേരിടുന്നതിനും തയ്യാറെടുപ്പ് വേണം.

സീസണില്‍ എത്രത്തോളം വാഹനങ്ങള്‍ വരുമെന്നതിനെ കുറിച്ച് പഠനം നടത്താന്‍ നാറ്റ്പാക്കിനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.

ഈ പഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയന്ത്രണങ്ങള്‍. വഴിയോര കച്ചവടം ക്രമാതീതമായി വര്‍ദ്ധിക്കാനിടയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here