അബ്രാഹ്മണ ശാന്തിയ്ക്ക് ഇന്നും തൊട്ടുകൂടായ്മ

മാവേലിക്കര:അബ്രാഹ്മണ ശാന്തി നിയമനത്തിലൂടെ നിശബ്ദവിപ്ലവം നടത്തിയ സര്‍ക്കാര്‍ അറിയാന്‍ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ നിയമിതനായ അബ്രാഹ്മണ ശാന്തിയ്ക്ക് തൊട്ടുകൂടായ്മ.
ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം ക്ഷേത്രത്തില്‍ നിയമിതനായ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട സുധികുമാറിനാണ് ക്ഷേത്രം അധികാരികളില്‍ നിന്ന് അപ്രഖ്യാപിത തൊട്ടുകൂടായ്മ അനുഭവിക്കേണ്ടി വരുന്നത്.
കീഴ്ശാന്തിയായ സുധികുമാറിന് ഇന്നേവരെ ശ്രീകോവിലില്‍ പ്രവേശനം അനുവദിച്ചിട്ടില്ലെന്ന് പറയുന്നു. ഇതിന് പുറമെ തന്ത്രിയെ തൊട്ടുകൂട എന്നൊരു നിര്‍ദ്ദേശവുമുണ്ട്.
ദേവിക്ക് നേദിക്കാനുള്ളത് അകത്ത് തിടപ്പള്ളിയിലും വഴിപാടുകാര്‍ക്ക് നല്‍കാനുള്ള പായസം പുറത്തുമാണ് വയ്ക്കുന്നത്.
അകത്ത് നേദ്യം വച്ചാലും പുറത്ത് നേദ്യം വച്ചാലും അതില്‍ മണ്ണ് ആണെന്നും ഒക്കെ പറഞ്ഞ് പരാതികളാണ്. ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ സുധികുമാര്‍ കീഴ്ശാന്തിയായി ചുമതലയേറ്റത് ഒരാഴ്ച മുമ്പാണ്.
കഴിഞ്ഞ ജൂലൈ ഒന്നിന് ചുമതലയേല്‍ക്കേണ്ടിയിരുന്ന സുധികുമാറിന്റെ നിയമനം ദേവസ്വം ബോര്‍ഡ് കമ്മീഷ്ണര്‍ തടഞ്ഞുവച്ചത് വലിയ വിവാദമായിരുന്നു.
തീരുമാനം പുന:പരിശോധിക്കണമെന്ന് നിരന്തര ആവശ്യങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ഇക്കാര്യം ചര്‍ച്ച ചെയ്യുകയും സുധികുമാറിനെ ചെട്ടികുളങ്ങരയില്‍ തന്നെ കീഴ്ശാന്തിയായി നിയമിക്കാന്‍ ഉത്തരവിടുകയുമായിരുന്നു.
ഉത്തരവിട്ടതിന് അടുത്ത ദിവസം തന്നെ സുധികുമാര്‍ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ കീഴ്ശാന്തിയായി ചുമതലയേല്‍ക്കുകയും ചെയ്തു.
അബ്രാഹ്മണനെ ശാന്തിക്കാരനായി നിയമിച്ചാല്‍ ഗുരുതരമായ ദേവീകോപം നേരിടേണ്ടി വരുമെന്നും നൂറ്റാണ്ടുകളുടെ ആചാരലംഘനത്തിന് ഉത്തരം പറയേണ്ടി വരുമെന്നും കാണിച്ച് ക്ഷേത്രം തന്ത്രി ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു.
നിയമനവുമായി മുന്നോട്ട് പോയാല്‍ ക്ഷേത്രം കലാപഭൂമിയാകുമെന്ന് ക്ഷേത്രഭരണം നടത്തുന്ന ഹിന്ദു മത കണ്‍വെന്‍ഷന്‍ അംഗങ്ങളും അറിയിച്ചിരുന്നു. അബ്രാഹ്മണ ശാന്തിയെ നിയമിക്കുന്നതിനെതിരെ ഹിന്ദുമത കണ്‍വന്‍ഷന്‍ പ്രമേയവും പാസ്സാക്കി.
ഇതെല്ലാം കണക്കിലെടുത്താണ് നിയമനം തല്‍ക്കാലം നിര്‍ത്തിവക്കാന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ഉത്തരവിട്ടത്. എന്നാല്‍ ഇവരുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെും ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ ജാതിപ്പഴമയെന്ന വാദം നിലനില്‍ക്കില്ലൈന്ന് വിലയിരുത്തിയ ദേവസ്വം ബോര്‍ഡ് സുധികുമാറിനെ കീഴ്ശാന്തിയായി നിയമിക്കാന്‍ ഉത്തരവിടുകയായിരുന്നു. തന്ത്രിയുടെ വാദം ഹിന്ദുമത വിശ്വാസങ്ങള്‍ക്ക് നിരക്കുതല്ലെന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് എടുത്തത്.
ദേവസ്വത്തിന്റെ ഭരണപരമായ അവകാശങ്ങളില്‍ തന്ത്രിയുടെ അഭിപ്രായം ആവശ്യമില്ലെന്നും ജാതിപ്പഴമയെന്ന വാദം നിലനില്‍ക്കില്ലെന്നും നിയമനം ശരിവച്ചുകൊണ്ട് ബോര്‍ഡ് നിരീക്ഷിച്ചു.
അവകാശ പോരാട്ടങ്ങള്‍ക്കൊടുവില്‍ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ശാന്തിയാവുക എന്ന തന്റെ ജന്മാഭിലാഷം നിറവേറ്റിയ സുധികുമാര്‍ പക്ഷെ തനിക്ക് നേരിടേണ്ടി വരുന്ന അവഗണനയിലും തൊട്ടുകൂടായ്മയിലും താന്‍ അങ്ങേയറ്റം നിരാശനാണെന്ന് പറയുന്നു. ഇതിനിടെ ക്ഷേത്രത്തിലെ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ഹിന്ദുമത കണ്‍വന്‍ഷന്‍ പിരിച്ചുവിട്ട് ദേവസ്വം ബോര്‍ഡിന്റെ ഉപദേശക സമിതി വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്.എന്‍.ഡി.പി യുണിയന്‍ പ്രക്ഷോഭത്തിലാണ്. 36 അബ്രാഹ്മണരെ ശാന്തിമാരായി നിയമിച്ചിട്ടുണ്ട്.
ഇവര്‍ക്കും ഈ ഗതിയാകുമോ? അദ്വൈതത്തിന് പുണ്യാഹം തളിക്കുന്ന ആര്യമത തമ്പുരാക്കന്‍മാരെ നിലക്കു നിര്‍ത്തണമെന്നാണ് ഇവരുടെ ആവിശ്വം
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News