കേരളത്തെ വിമര്‍ശിക്കുന്നവരോട്; ഞങ്ങള്‍ക്കും ചിലത് പറയാനുണ്ട്‌

പുരോഗമന കലാ സാഹിത്യം സംഘം ജനറൽ സെക്രട്ടറി പ്രൊ. വി. എൻ. മുരളിയുടെ ലേഖനം

ജനങ്ങളെ ശത്രുക്കളായി പ്രഖ്യാപിച്ച് വേട്ടയാടുന്നതാണ് ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും കുടിലതന്ത്രം.

ഇന്ത്യയില്‍ അഞ്ച് എമ്മുകള്‍ ശത്രുക്കളായുണ്ടെന്നാണ് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പ്രഖ്യാപിച്ചത്. മുസ്‌ളിം, മിഷണറിമാര്‍, മെറ്റീരിയലിസ്റ്റുകള്‍, മെക്കാളെയിസ്റ്റുകള്‍, മാര്‍ക്‌സിസ്റ്റുകള്‍- ഇത്രയുമാണ് അഞ്ച്’എമ്മുകള്‍.

ഈ അഞ്ച് മേഖലകളിലും ആക്രമണങ്ങളും കൊലപാതക പരമ്പരകളും നടത്തിക്കൊണ്ടാണ് വര്‍ഗീയ ഫാസിസം ഇന്ത്യയില്‍ അഴിഞ്ഞാടുന്നത്. ബീഫ് വിവാദത്തില്‍ 31 മുസ്‌ളിങ്ങളാണ് കൊലചെയ്യപ്പെട്ടത്.

ശാസ്ത്ര, യുക്തി ചിന്തകള്‍ പ്രചരിപ്പിക്കുന്ന ഭൌതികവാദികളെ വെടിവച്ചുകൊല്ലുകയാണ്.

ഡോ. നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, ഡോ. കലബുര്‍ഗി, ഗൌരി ലങ്കേഷ്, ശന്തനു ഭൌമിക് എന്നീ അഞ്ചു ഭൌതികവാദികള്‍ വെടിയേറ്റു മരിച്ചു.

ഇന്ത്യ ഭരിക്കുന്ന കക്ഷിയെ നയിക്കുന്ന ആര്‍എസ്എസ് ആഭ്യന്തരശത്രുക്കളെ പ്രഖ്യാപിച്ചുകൊണ്ട് നടത്തുന്ന ഈ കടന്നാക്രമണങ്ങള്‍ ഇന്ത്യയുടെ വരാന്‍ പോകുന്ന നാളുകള്‍ അശാന്തിയുടേതായിരിക്കുമെന്ന് പ്രഖ്യാപിക്കുകയാണ്.

സത്യത്തെയും യാഥാര്‍ഥ്യത്തെയും ഭയപ്പെടുന്നവരാണ് ഫാസിസ്റ്റുകള്‍. അതുകൊണ്ടാണ് അവര്‍ നിരന്തരം നിറംപിടിപ്പിച്ച നുണകള്‍ പ്രചരിപ്പിക്കുന്നത്.

നുണകളിലൂടെ രാജ്യം ഭരിക്കുക എന്നതായിരുന്നു ഗീബല്‍സിന്റെ തന്ത്രം. ജനങ്ങള്‍ മന്ദബുദ്ധികളാണെന്നും ഒരു നുണ പല നാവുകളിലൂടെ ആവര്‍ത്തിച്ചാല്‍ ജനങ്ങള്‍ അത് സത്യമാണെന്ന് വിശ്വസിച്ചുകൊള്ളുമെന്നും ഹിറ്റ്‌ലര്‍ പറഞ്ഞിട്ടുണ്ട്.

അത് നടപ്പാക്കുകയായിരുന്നു ഗീബല്‍സ്. കേരള സര്‍ക്കാര്‍ ജിഹാദികളെ പിന്തുണയ്ക്കുന്നുവെന്ന പെരുംനുണയാണ് മോഹന്‍’ഭാഗവത് ഒടുവില്‍ പറഞ്ഞത്.

സത്യത്തിന്റെ പിന്‍ബലമില്ലാത്ത പാഴ്‌വാക്കായേ കേരളീയര്‍ ഇതിനെ കാണുകയുള്ളൂ.

കേരളം ജിഹാദികളുടെ നാടെന്ന് മോഹന്‍’ഭാഗവത് ആക്ഷേപിക്കുന്നത് കേരളത്തിന്റെ ചരിത്രം അറിയാത്തതുകൊണ്ടാണ്. നബിയുടെ കാലത്തിന് തൊട്ടുപിന്നാലെയാണ് ഇസ്‌ളാം മതം കേരളത്തിലെത്തിയത്.

അക്രമകാരികളായിട്ടല്ല, വ്യാപാരികളായിട്ടാണ് അവര്‍ ചരിത്രത്തില്‍ സ്ഥാനം നേടിയത്. പിന്നീടവര്‍ സാമൂതിരി എന്ന ഹിന്ദു’രാജാവിന്റെ പടയാളികളും സംരക്ഷകരുമായി.

ഡച്ചുകാരോടും പോര്‍ച്ചുഗീസുകാരോടും അവര്‍ സാമൂതിരിക്കുവേണ്ടി ഏറ്റുമുട്ടി. കേരള ജാതിഘടനയില്‍ കച്ചവടവര്‍ഗമായ വൈശ്യന്മാരോ ബനിയമാരോ ഉണ്ടായിരുന്നില്ല.

ആ സ്ഥാനം നിര്‍വഹിച്ചത് മുസ്‌ളിങ്ങളാണ്. അതുകൊണ്ടാണ് പില്‍ക്കാല കേരളചരിത്രത്തില്‍ അവരില്‍നിന്ന് മൂലധനശക്തികളും പണ്ഡിതരും എഴുത്തുകാരും ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥരുമെല്ലാം ഉയര്‍ന്നുവന്നത്.

മറ്റ് സംസ്ഥാനങ്ങളിലെ മുസ്‌ളിങ്ങള്‍ കൃഷിക്കാരും കന്നുകാലിവളര്‍ത്തി ജീവിക്കുന്നവരും കൈത്തൊഴിലുകാരും അടങ്ങുന്ന പാവപ്പെട്ട ജനസമൂഹമാണ്.

അവരുടെമേല്‍ സംഘപരിവാര്‍ കാലാകാലങ്ങളായി ആക്രമണങ്ങളും കൂട്ടക്കൊലകളും നടത്തുകയും ചെയ്യുന്നു. ആ രീതി കേരളത്തില്‍ നടപ്പാക്കാന്‍ ആര്‍എസ്എസിന് കഴിയാത്തത് ഇവിടെ ശക്തമായ ഇടതുപക്ഷമുള്ളതുകൊണ്ടാണ്.

തലശേരിക്കലാപ കാലത്ത് വര്‍ഗീയതയെ പ്രതിരോധിച്ച് രക്തസാക്ഷിയായത് കമ്യൂണിസ്റ്റുകാരാണ്. സംഘപരിവാറിന്റെ വര്‍ഗീയ അജന്‍ഡയെ ചെറുക്കുന്നതുകൊണ്ടാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ ജിഹാദികളെ വളര്‍ത്തുന്നുവെന്ന് മോഹന്‍’ഭാഗവത് വിലപിക്കുന്നത്.

ക്രിസ്തുമതം കേരളത്തിലെത്തിയതും വാണിജ്യമാര്‍ഗത്തിലൂടെയാണ്. കേരളത്തില്‍ വിദ്യാലയങ്ങള്‍ സ്ഥാപിച്ചതും മലയാളഭാഷയ്ക്ക് വ്യാകരണവും നിഘണ്ടുക്കളും നിര്‍മിച്ചുനല്‍കിയതും ക്രിസ്തീയ പുരോഹിതരും മതവിശ്വാസികളുമാണ്.

അവരെ ഒരിക്കലും ന്യൂനപക്ഷമായി കേരളസമൂഹം കണ്ടിട്ടില്ല. മാനുഷരെല്ലാം ഒന്നുപോലെ എന്ന ഓണസങ്കല്‍പ്പം വച്ചുപുലര്‍ത്തുന്ന കേരളീയ മനസ്സില്‍ വര്‍ഗീയതയുടെ അസുരവിത്തുകള്‍ വിതയ്ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ പിശാചുക്കളുടെ നാടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കേരളീയര്‍ ഒറ്റക്കെട്ടായി നിലകൊള്ളുകയും അതിന്റെ സന്ദേശം മറ്റ് സംസ്ഥാനങ്ങളില്‍ എത്തിക്കുകയും വേണം.

നമ്മള്‍ ‘ഭാരതീയര്‍, നമുക്ക് ജാതിഭേദമോ മതദ്വേഷങ്ങളോ ഇല്ല എന്ന മഹത്തായ വീക്ഷണം കേരളത്തിലൂടെ ഇന്ത്യയാകെ മുഴങ്ങിനില്‍ക്കട്ടെ.

മതരാഷ്ട്രീയവാദം ഉയര്‍ത്തി ഇന്ത്യയെ നെടുകെയും കുറുകെയും കീറിമുറിക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയഭ്രാന്തന്മാരെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും നേരിടാന്‍ കെല്‍പ്പുള്ള ഒരേയൊരു ശക്തി ഇന്ന് ഇടതുപക്ഷമാണ്, സിപിഐ എമ്മാണ്.

അതുകൊണ്ടാണ് സിപിഐ എം ഭരിക്കുന്ന കേരളത്തിനെതിരെ ആര്‍എസ്എസ് കൊലവിളി നടത്തുന്നത്. സംഘപരിവാറിനും അവരെ പോറ്റിവളര്‍ത്തുന്ന കോര്‍പറേറ്റ് മൂലധനശക്തികള്‍ക്കും എതിരെ വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യയിലെ മറ്റു രാഷ്ട്രീയപാര്‍ടികള്‍ക്കൊന്നും കഴിയുന്നില്ല.

ഫ്യൂഡല്‍- മുതലാളിത്ത താല്‍പ്പര്യങ്ങളുടെയും ജാതി- മത താല്‍പ്പര്യങ്ങളുടെയും സംരക്ഷകരായി ആ പാര്‍ടികള്‍ മാറിക്കഴിഞ്ഞു. മാത്രമല്ല, പല പ്രാദേശികപാര്‍ടികളും സാമുദായിക- മൂലധന ശക്തികളുടെയും സംഘടനകളുടെയും കൈപ്പിടിയിലാണ്.

കോണ്‍ഗ്രസാണ് കേന്ദ്രം ഭരിക്കുന്നതെങ്കില്‍ ബിജെപി വിരോധവും ജനാധിപത്യസംരക്ഷണ പരിവേഷവും എടുത്തണിഞ്ഞ് ഇവര്‍ കോണ്‍ഗ്രസ് മുന്നണിയിലേക്ക് പോകും. ബിജെപി അധികാരത്തില്‍ വരുമ്പോള്‍ അവരുടെ പിന്നാലെ പോകും.

ഇക്കാര്യത്തില്‍ ദളിത്- പിന്നോക്ക- മുന്നോക്ക ഭേദങ്ങളൊന്നുമില്ല. വാസ്തവത്തില്‍ ഇവര്‍ ആരുടെ താല്‍പ്പര്യമാണ് സംരക്ഷിക്കുന്നത്?

ഈ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയുന്ന ഉത്തരേന്ത്യയിലെ ദളിത് യുവജനവിഭാഗങ്ങള്‍ സര്‍വകലാശാല ക്യാമ്പസുകളിലും പുറത്തും ഇടതുപക്ഷവുമായി കൈകോര്‍ക്കുമ്പോഴുണ്ടാകുന്ന മുന്നേറ്റങ്ങള്‍ ഫാസിസ്റ്റുകളെ പേടിപ്പെടുത്തുന്നുണ്ട്.

മതേതരശക്തികള്‍ക്ക് നേതൃത്വം നല്‍കുന്ന സിപിഐ എമ്മിനെ അവര്‍ വ്യാജപ്രചാരണങ്ങളും പെരുംനുണകളുംകൊണ്ടാണ് കടന്നാക്രമിക്കുന്നത്.

ഇന്ത്യയിലെ ജനാധിപത്യവാദികളും പൌരസമൂഹവും ലിബറല്‍ ഇടതുപക്ഷബുദ്ധിജീവികളും എഴുത്തുകാരുമെല്ലാം അല്‍പ്പം വൈകിയാണെങ്കിലും വര്‍ഗീയ ഫാസിസത്തിന്റെ അപകടം തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ഡോ. നരേന്ദ്ര ധാബോല്‍ക്കര്‍മുതല്‍ ശന്തനു ഭൌമിക്വരെയുള്ളവരെ വെടിവച്ചുകൊന്നപ്പോള്‍ പ്രതിഷേധം ഉയര്‍ത്തിയത് ഇടതുപക്ഷപ്രസ്ഥാനമാണ്. അടിയന്തരാവസ്ഥക്കാലത്ത് സമഗ്രാധിപത്യ പ്രവണതകള്‍ ഭരണരൂപത്തില്‍ കാണിച്ചിട്ടുള്ള കോണ്‍ഗ്രസിന് ഫാസിസത്തെ പ്രതിരോധിക്കാനുള്ള ആശയപരമായ അടിത്തറയില്ല.

മാത്രമല്ല, കോണ്‍ഗ്രസിന്റെയും സംഘപരിവാര്‍ശക്തികളുടെയും സാമ്പത്തികതാല്‍പ്പര്യങ്ങള്‍ ഒന്നായതിനാല്‍ ഖദറില്‍നിന്ന് കാവിയിലേക്ക് മാറാന്‍ ഇവര്‍ക്ക് മനസ്സാക്ഷിക്കുത്തുമില്ല. ബിജെപി ഭയക്കുന്നത് കോണ്‍ഗ്രസിനെയല്ല.

ഭാരതത്തില്‍ രൂപംകൊള്ളാവുന്ന ഫാസിസ്റ്റുവിരുദ്ധ മുന്നണിയുടെ നേതൃത്വമായി ഉയരുന്ന ഇടതുപക്ഷത്തെ, പ്രത്യേകിച്ചും സിപിഐഎമ്മിനെ തകര്‍ക്കാന്‍ പറ്റുമോ എന്നാണ് അവരുടെ നോട്ടം.

കോര്‍പറേറ്റിസവും ഭരണകൂടവും ഒത്തുചേരുന്നതാണ് ഫാസിസമെന്ന് മുസ്സോളിനിതന്നെ പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ കോര്‍പറേറ്റ് മുതലാളിത്തവും ഭയക്കുന്നത് ഇടതുപക്ഷത്തെയാണ്. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി സാമ്പത്തികത്തകര്‍ച്ചയും അസമത്വവും അഭയാര്‍ഥിപ്രവാഹവും നിരന്തരം വര്‍ധിച്ചുവരികയാണ്.

അതിനെതിരെയുള്ള പ്രതിഷേധമെന്ന വ്യാജേന നവഫാസിസ്റ്റുകള്‍ രംഗത്ത് വന്നുകൊണ്ടിരിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈയിടെ നടന്ന തെരഞ്ഞെടുപ്പുകള്‍ ഇതിന്റെ സൂചനയാണ്. ഇന്ത്യയിലെ സ്ഥിതി തീര്‍ത്തും ഭീതിജനകമാണ്. നോട്ട് പിന്‍വലിക്കല്‍, ജിഎസ്ടി, ജിഡിപിയുടെ വളര്‍ച്ച ഇടിവ് എന്നീ സാമ്പത്തികദുരിതങ്ങളിലേക്ക് ഇന്ത്യ ചെന്നുവീണിരിക്കുകയാണ്.

കാര്‍ഷികമേഖല തകര്‍ന്നുകൊണ്ടിരിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില അടിക്കടി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതൊക്കെയാണ് ഇന്ത്യയുടെ ഭൌതികാവസ്ഥ.

ഇത് വിളിച്ചുപറയുന്നവരാണ് യഥാര്‍ഥ ഭൌതികവാദികള്‍. നാട് നശിപ്പിക്കുന്ന കോര്‍പറേറ്റുകളുടെ കൂലിപ്പട്ടാളമായ സംഘപരിവാര്‍, ഇത്തരം ഭൌതികവാദികളെ വെടിവച്ചുകൊല്ലാന്‍ നില്‍ക്കുകയാണ്.

1925ല്‍ ആര്‍എസ്എസ് രൂപീകരിക്കുന്നതിനുമുമ്പും ഇന്ത്യയില്‍ മതങ്ങളും ക്ഷേത്രങ്ങളും ഉത്സവങ്ങളും ആത്മീയതയും ഒക്കെ ഉണ്ടായിരുന്നു. മതവൈരത്തിന്റെ പേരില്‍ ജനങ്ങള്‍ പരസ്പരം കൊന്നൊടുക്കിയതായി ചരിത്രകാരന്മാരാരും രേഖപ്പെടുത്തിയിട്ടില്ല.

പക്ഷേ, ഇന്നതല്ല സ്ഥിതി. ജനങ്ങളെ ഭക്തിയുടെ പേരില്‍ സംഘടിപ്പിച്ച് അന്യമതവിദ്വേഷം കുത്തിവയ്ക്കുകയാണ് സംഘപരിവാര്‍.

യുക്തിസഹമായി കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയാലേ ഫാസിസത്തിനുപിന്നാലെ പോകുന്ന ജനതയെ തിരിച്ചുകൊണ്ടുവരാന്‍ കഴിയൂ. മതത്തെയോ ദൈവവിശ്വാസത്തെയോ നിരോധിക്കുന്നതല്ല മതേതരത്വം.

മതത്തെ കൊലവെറിയായി ഉപയോഗിക്കുന്നതിന്റെ അപകടം ചൂണ്ടിക്കാട്ടുകയാണ് മതേതരവാദികള്‍ ചെയ്യുന്നത്.

നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും’എന്നതിനുപകരം, നിന്റെ വിശ്വാസം നിന്നെ കൊല്ലും’എന്ന ദുരവസ്ഥയെ എതിര്‍ക്കാതിരിക്കാനാകില്ല.

ജീവിത യാഥാര്‍ഥ്യങ്ങള്‍ പ്രത്യക്ഷാനുഭവങ്ങളാകയാല്‍ അത് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുമാത്രമേ ഫാസിസ്റ്റ് പ്രചാരണങ്ങളെ നേരിടാന്‍ കഴിയൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News