ആധാറുമായി ലിങ്ക് ചെയ്യാത്തതിനാല്‍ ബിജെപി സര്‍ക്കാര്‍ റേഷന്‍ നിഷേധിച്ചു; പതിനൊന്നുകാരി പട്ടിണി കിടന്ന് മരിച്ചു; പ്രതിഷേധം കത്തിപ്പടരുന്നു

റാഞ്ചി: ആധാറുമായി ലിങ്ക് ചെയ്യാത്തതിന്റെ പേരില്‍ റേഷന്‍ കാര്‍ഡ് നിഷേധിച്ചതോടെ പതിനൊന്നുകാരി പട്ടിണി കിടന്ന് മരിച്ചു. ജാര്‍ഖണ്ഡിലെ സിംദേഗ ജില്ലയിലാണ് രാജ്യത്തിന് അപമാനകരമായ സംഭവം നടന്നത്. സന്തോഷ് കുമാരി എന്ന പെണ്‍കുട്ടിയാണ് ദാരുണമായി മരിച്ചത്.

ദുര്‍ഗാ പൂജയ്ക്ക് സ്‌കൂള്‍ അവധിയായതിനാല്‍ സ്‌കൂളില്‍ നിന്നും ഭക്ഷണം ലഭിച്ചിരുന്നില്ല. പെണ്‍കുട്ടി കഴിഞ്ഞ എട്ടു ദിവസമായി പട്ടിണിയിലായിരുന്നുവെന്ന് സ്ഥലത്തെത്തിയ ഫുഡ് ക്യാംപയിന്‍ ആക്ടിവിസ്റ്റുകള്‍ പറഞ്ഞു.

കഴിഞ്ഞ ആറ് മാസമായി റേഷന്‍ കാര്‍ഡിനു വേണ്ടി കുടുംബം ശ്രമിച്ചു വരികയായിരുന്നു. എന്നാല്‍ ആധാറുമായി ബന്ധിപ്പിച്ചില്ല എന്ന കാരണം പറഞ്ഞ് കാര്‍ഡ് നിഷേധിക്കുകയായിരുന്നുവെന്നും ആക്ടിവിസ്റ്റുകള്‍ പറഞ്ഞു.

കുടുംബം റേഷന്‍ കാര്‍ഡിന് യോഗ്യരായിരുന്നു

സെപ്തംബര്‍ 28നായിരുന്നു സന്തോഷ് കുമാരി മരിച്ചത്. എന്നാല്‍ വാര്‍ത്ത വേണ്ട വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. സിംദേഗ ജില്ലയിലെ കരിമാതി ഗ്രാമത്തിലാണ് സന്തോഷ് കുമാരിയുടെ കുടുംബം.

തീര്‍ത്തും ദരിദ്രരായ അവര്‍ക്ക് സ്വന്തമായി ഭൂമിയോ മാതാപിതാക്കള്‍ക്ക് ജോലിയോ ഇല്ല. നാഷണല്‍ ഫുഡ് സെക്യൂരിറ്റി ആക്ട് പ്രകാരം പെണ്‍കുട്ടിയുടെ കുടുംബം റേഷന്‍ കാര്‍ഡിന് യോഗ്യരുമായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമല്ലെന്ന 2013 ലെ സുപ്രീംകോടതി വിധിയുടെ ലംഘനമാണ് സന്തോഷ് കുമാരിയുടെ കുടുംബത്തോട് അധികാരികള്‍ സ്വീകരിച്ചത്.

എന്നാല്‍ സംഭവത്തിനു ശേഷവും ആധാര്‍ ബ്ന്ധിപ്പിക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തവരെ നവംബറോടെ റേഷന്‍ വിതരണ പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്ന് ലത്തേഹാര്‍ ജില്ലയിലെ സപ്‌ളൈ ഓഫീസര്‍ ഉത്തരവിട്ടിട്ടുണ്ട്.

സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ശക്തമായി മുന്നോട്ട് പോകാനാണ് ഫുഡ് ക്യാംപയിന്‍ ആക്ടിവിസ്റ്റുകളുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News