കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ രാമലീല പ്രതിസന്ധിയിലായിരുന്നു. രാമലീല ബഹിഷ്‌കരിക്കണമെന്ന ആവശ്യം ഒരു വശത്ത് ശക്തമായിരുന്നു.
റീലീസിംഗ് പോലും പ്രതിസന്ധിയിലായിരുന്ന വേളയില്‍ സിനിമ ഒരു പാട് പേരുടെ വിയര്‍പ്പിന്റെയും കഠിനാധ്വനത്തിന്റെയും ഫലമാണെന്നും ഒരാള്‍ ചെയ്ത കുറ്റത്തിന്റെ പേരില്‍ സിനിമയെ നശിപ്പിക്കരുതെന്നും മറുവശത്ത് അഭിപ്രായമുയര്‍ന്നിരുന്നു.
ഇതോടെ ചിത്രത്തിനെതിരെയും അനുകൂലമായും നിരവധിപേര്‍ രംഗത്തെത്തി. അതിനിടയിലാണ് രാമലീലയെന്ന ചിത്രത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് നടി മഞ്ജുവാര്യര്‍ രംഗത്തെത്തിയത്.
ആക്രമണത്തിനിരയായ നടിയുടെ അടുത്ത സുഹൃത്തും, നടിയുടെ പോരാട്ടം നയിക്കുകയും ചെയ്ത മഞ്ജുവിന്റെ നിലപാട് വലിയ തോതില്‍ ചര്‍ച്ചയായിരുന്നു.
രാമലീല തീയറ്ററുകളില്‍ ശ്രദ്ധിക്കപ്പെടാനുള്ള കാരണം മഞ്ജുവിന്റെ നിലപാട് കൂടിയായിരുന്നു. നടിയ്‌ക്കൊപ്പം നിലകൊള്ളുന്ന മഞ്ജുവിനില്ലാത്ത പ്രശ്‌നം ആരാധകര്‍ക്ക് എന്തിനാണെന്ന് ദിലീപ് ആരാധകര്‍ തന്നെ ചോദിച്ചിരുന്നു.
മഞ്ജു നിലപാട് വ്യക്തമാക്കി
സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിലെ മറ്റു അംഗങ്ങളൊന്നും രാമലീലയ്ക്ക് പരസ്യമായി പിന്തുണ നല്‍കാതിരുന്നപ്പോഴായിരുന്നു മഞ്ജുവിന്റെ പിന്തുണ. എന്തുകൊണ്ടാണ് രാമലീലയ്ക്ക് പിന്തുണ നല്‍കിയതെന്ന് വ്യക്തമാക്കി മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു നിലപാട് വ്യക്തമാക്കിയത്. സിനിമ എന്നാല്‍ ഒരു കൂട്ടായ്മയാണ്. നല്ല സിനിമകള്‍ വിജയിക്കുക എന്നത് സിനിമാ മേഖലയുടെ ആവശ്യമാണ്.
ഞാന്‍ അഭിനയിച്ച ഉദാഹരണം സുജാതയും ഒരു ടീം വര്‍ക്കാണ്. എല്ലാ സിനിമയ്ക്കും അത് അര്‍ഹിക്കുന്ന അംഗീകാരം കിട്ടണം എന്നാണ് എന്റെ ആഗ്രഹം. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയില്‍ എന്റെ ആഗ്രഹവും അതു തന്നെയാണ്. നല്ല ഉദ്ദേശത്തോടുകൂടി തന്നെയാണ് രാമലീലയ്ക്ക് പിന്തുണ നല്‍കിയതെന്നും മഞ്ജു വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here