എല്ലാം പെണ്ണിന്റെ പിഴയെന്ന് പറയുന്ന സാമൂഹികാവസ്ഥയുടെ മുഖത്തടിക്കുന്ന രൂക്ഷ പ്രതികരണവുമായി സജിതാ മഠത്തില്‍

ആഗോളതലത്തില്‍ വലിയ തരംഗമായി മാറിക്കഴിഞ്ഞ മീ ടു ക്യാംപെയിനിനെ പരിഹസിക്കുന്നവര്‍ക്കെതിരെ രൂക്ഷപ്രതികരണവുമായി പ്രശസ്ത നടി സജിതാ മഠത്തില്‍ രംഗത്തെത്തി. എല്ലാം സ്ത്രിയുടെ തെറ്റാണെന്ന് പറയുന്ന സമൂഹത്തിന്റെ മുഖത്തടിക്കുന്ന നിലപാടുമായാണ് സജിത രംഗത്തെത്തിയിരിക്കുന്നത്.

സജിതയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

എന്റെ പിഴ
എനിക്കും ആ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് ലോകത്തെല്ലായിടത്തുമുള്ള സ്ത്രീകൾക്കൊപ്പം പറയുക എന്ന ഒരു കാര്യം മാത്രമെ ഞാൻ #Metoo കാമ്പയിനിങ്ങിൽ പങ്കെടുക്കുമ്പോൾ ഞാൻ ഉദ്ദേശിച്ചിരുന്നുള്ളൂ. എന്റെ സുഹുത്ത് ഏലിയാമ്മ വിജയന്റെ പോസ്റ്റ് അതേപടി ഞാൻ എന്റെ പേജിലും ചേർത്തു. പിന്നീട് ഒട്ടനവധി സ്തീകൾ അതേ പോസ്റ്റ് ഷെയർ ചെയ്തു. ഓൺലൈൻ മാധ്യമങ്ങൾ പതിവുപോലെ കൂടുതൽ എരിവുകയറ്റി വാർത്തകൾ ചമഞ്ഞു. ഇപ്പോൾ എന്റെ പോസ്റ്റിെന്റ കമന്റുകളിൽ വലിയ പങ്കും “വീണ്ടും വീണ്ടും പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ മോശക്കാരി ആയതു കൊണ്ടു മാത്രമാണ്, നീ ആളെ പറയടി “തുടങ്ങിയ ആക്രോശങ്ങളാണ്
“എന്തു പറ്റി “എന്ന സ്നേഹാന്വേഷണങ്ങൾ വെറെയും ‘എന്റെ സുഹുത്തുക്കളെ ഏലിയാമ്മ വിജയന്റെ പോസ്റ്റിനോട് ഞാൻ യോജിക്കുന്നതിനാലാണ് ഞാൻ അത് പോസ്റ്റിയത്.
ക്ഷമിക്കണം
എന്റെ പിഴ
ഡാൻസ് ക്ലാസ്സ് വിട്ടു വരുമ്പോൾ തുണി പൊക്കി കാണിച്ചവനെ കണ്ടു പിടിച്ച് പേരൊന്നു ചോദിക്കണം
എന്റെ പിഴ
ബസ്സിൽ സീറ്റിന്റെ ഇടയിലൂടെ കൈ ഇട്ട് മുലക്കു പിടിച്ചവനെ മുഖത്തടിച്ചതിനിടയിൽ ഓടിപ്പോയത് എന്റെ കുഴപ്പം തന്നെ .
എന്റെ പിഴ
ട്യൂഷ്യൻ പഠിപ്പിച്ച മാഷ് പാവാടക്കിടയിലൂടെ കൈയിട്ടതിന് പോലീസ് സ്റ്റേഷനിൽ പോവേണ്ടതായിരുന്നു.
എന്റെ പിഴ
ഒരിക്കലും പ്രതീക്ഷിക്കാത്ത എന്റെ കൂട്ടുകാരൻ വാട്ട്സപ്പിലൂടെ എഴുതിയ അശ്ലീല വാക്കുകൾ എഴുതിയത്
എന്റെ പിഴ
തൊട്ടടുത്ത ബന്ധു കുളിമുറിക്കുള്ളിലേക്ക് തള്ളിയിട്ട് അമർത്താൻ ശ്രമിച്ചത്
എന്റെ പിഴ
ദില്ലിയിലെ തിരക്കൊഴിഞ്ഞ റോഡിൽ പകൽ നടന്നു പോയ എന്നെ ‘മദ്യപിച്ച ആൺകൂട്ടം കയറി പിടിച്ചതും ഞാൻ ഓടി രക്ഷപ്പെട്ടതും
എന്റെ പിഴ
ഇപ്പോൾ അവൾക്കൊപ്പം നിൽക്കുന്നതിന് നിങ്ങൾ ചൊരിയുന്ന ഈ തെറിയും ഭീഷണിയും
എന്റെ പിഴ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News