കാനായിക്ക് കാനായിയുടെ ആദരം; ശില്‍പ്പി തന്നെ ശില്‍പ്പമാകുന്ന ശില്‍പ്പവുമായി ഉണ്ണി കാനായി

ശില്‍പ്പി തന്നെ ശില്‍പ്പമായാലോ? ലോക പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍റെ അസംഖ്യം ശില്‍പ്പങ്ങള്‍ മലയാളിക്ക് പരിചയമുണ്ട്. പക്ഷേ `അദ്ദേഹ’ ത്തിന്‍റെ ഒരു ശില്‍പ്പവും മലയാളി കണ്ടിട്ടുണ്ടാവില്ല. അങ്ങനെയൊരു അപൂര്‍വ്വ സര്‍ഗ്ഗമുഹുര്‍ത്തം സംഭവിക്കുകയാണ് ഇവിടെ കോ‍ഴിക്കോട് ലളിത കലാഅക്കാദമിയുടെ ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന ശതചിത്ര-ശില്‍പ്പ സംഗമത്തില്‍. ശില്‍പ്പി കാനായി കുഞ്ഞിരാമനാണ് ഇവിടെ ശില്‍പ്പമാകുന്നത്. ശില്‍പ്പിയാകട്ടേ ഉണ്ണി കാനായിയും.

കാനായി എന്ന സ്ഥലനാമം മലയാളി ശില്‍പ്പകലയ്ക്കൊപ്പം രണ്ടാമത് കേള്‍ക്കുന്നത് ഉണ്ണി കാനായിയുടെ പേരിനൊപ്പമാണ്. കേരളത്തിന്‍റെ ഏറ്റ‍വും വിഖ്യാതനായ ശില്‍പ്പിയുടെ വിനിതനായ ഉപാസകനും പിന്തുടര്‍ച്ചക്കാരനും മാത്രമാണ് താനെന്നേ ഈ യുവകലാകാരന്‍ അവകാശപ്പെടുന്നുള്ളൂ. മനസ്സില്‍ ഗുരുവായി പ്രതിഷ്ഠിച്ച ആ വലിയ കലാകാരനുള്ള ഒരു ശിഷ്യന്‍റെ എ‍ളിയ ഗുരുദക്ഷിണമാത്രമാണ് ഇതെന്ന് ഉണ്ണി പറയുന്നു.

കാനായി കുഞ്ഞിരാമനെ പൊലെ തെയ്യങ്ങള്‍ അരങ്ങുണര്‍ത്തുന്ന വടക്കേ മലബാറുകാരനാണ് ഉണ്ണി കാനായിയും. ജന്മനാടിന്‍റെ അനുഷ്ഠാനകലയായ തെയ്യങ്ങളുടെ നിറങ്ങളും ജാമിതീയ രൂപങ്ങളും നിറഞ്ഞ് നിന്ന വരകളും ശില്‍പ്പങ്ങളുമായാണ് കാനായി പാരീസില്‍ വരെ പേരെടുത്തിരുന്നത്. പയ്യന്നൂരിനടുത്ത കാനായിയിലാണ് തന്‍റെ കുടുബത്തിന്‍റെ വേരെന്ന് കാനായി കുഞ്ഞിരാമന്‍ തന്നെ പറഞ്ഞിട്ടുണ്ട്.

ആ കാനായിയില്‍ നിന്നാണ് തലമുറകളുടെ ഇങ്ങേ അറ്റത്ത് നിന്ന് ഉണ്ണിയും വളര്‍ന്ന് വരുന്നത്. കാനായിയെ പോലെ ഈ രണ്ടാമത്തെ കാനായിയും പൊതു സ്ഥലങ്ങള്‍ ഗാലറിയാക്കിയുള്ള വലിയ ശില്‍പ്പങ്ങളിലാണ് കലാജീവിതം സമര്‍പ്പിച്ചിരിക്കുന്നത്. അങ്ങനെ രണ്ട് കാനായിയെയും കൂട്ടിയിണക്കുന്ന കണ്ണികള്‍ പലതുണ്ടെങ്കിലും ഉണ്ണി കാനായി എന്ന ശില്‍പ്പി സ്വപ്രയത്നവും കഠിനാദ്ധ്വാനവും ഒന്നു കൊണ്ട് മാത്രമാണ് ഈ രംഗത്ത് പേരെടുത്തിരിക്കുന്നത്. ഒരു സാധാരണ കര്‍ഷകതൊ‍ഴിലാളി കുടുംബത്തില്‍ വളര്‍ന്ന ഈ കലാകാരന്‍ അന്തരിച്ച ശില്‍പ്പി കുഞ്ഞിമംഗലം നാരായണനില്‍ നിന്നാണ് ശില്‍പ്പകലയുടെ ഹരിശ്രീ കുറിച്ചത്.

കേരളത്തിന്‍റെ പ്രതിമാശില്‍പ്പങ്ങളുടെ തലസ്ഥാനം കൂടിയായ തിരുവനന്തപുരത്ത് വേളിയിലെ ശംഖും, ശംഖുമുഖത്തെ ജലകന്യകയും നിയമസഭയ്ക്ക് മുന്നിലെ ഇഎംഎസും ഉള്‍പ്പെടെ കാനായി കുഞ്ഞിരാമന്‍റെ മൂന്ന് ശില്‍പ്പങ്ങളുണ്ട്. അതിനിടയില്‍, തന്‍റെ ഒരു ശില്‍പ്പത്തിന് കൂടി സ്ഥാനം നല്‍കാനായത് വലിയ അംഗീകാരമായി കാണുന്നുണ്ട് ഉണ്ണി കാനായി.

ഉണ്ണിയുടെ ശില്‍പ്പങ്ങള്‍

തിരുവനന്തപുരം പട്ടത്ത് ഉണ്ണിയുടെ എകെജി പ്രതിമയുടെ അനാഛാദനം നിര്‍വ്വഹിച്ചത് വിഎസ് അച്ചുതാനന്ദനായിരുന്നു. തൃശൂരില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ലീഡര്‍ കെ കരുണാകരന്‍റെ പ്രതിമാശില്‍പ്പവും ഉണ്ണിയുടേതാണ്. തലശ്ശേരിയില്‍ സ്ഥാപിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്‍റെ പ്രതിമയും പ്രസിദ്ധമാണ്. കമ്മ്യൂണിസ്റ്റ് നേതാവ് സിഎച്ച് കണാരന്‍റെ മിനുക്ക് പണിയിലാണ് ഇപ്പോള്‍ ഉണ്ണി.

ശൈലീകൃതമായ അനവധിയായ കുഞ്ഞുകുഞ്ഞു കലാശില്‍പ്പങ്ങളുടെ നടുവില്‍ ചെമ്പ് വര്‍ണ്ണത്തില്‍ മറ്റൊരു വലിയ ശില്‍പ്പമായി കാനായിയുടെ മുഖം- അതാണ് ഉണ്ണി കാനായിയുടെ കാനായി കുഞ്ഞിരാമന്‍ ശില്‍പ്പം. ശില്‍പ്പം പൂര്‍ണ്ണമായി കാ‍ഴ്ച്ചയ്ക്ക് മുന്നിലെത്തിയാല്‍ പിന്നെ ശില്‍പ്പി വിസ്മൃതനാകുന്നതാണ് സാധാരണ പതിവ്. ഇവിടെ ശില്‍പ്പത്തേക്കാള്‍ വളര്‍ന്ന് ശില്‍പ്പിയുടെ മുഖം ഉയര്‍ന്ന് നില്‍ക്കുന്നു.

ശില്‍പ്പങ്ങളുെട ചരിത്രത്തില്‍ ശില്‍പ്പിയുടെ ജീവിതത്തെയും സ്ഥാനപ്പെടുത്താനുള്ള മറ്റൊരു ശില്‍പ്പിയുടെ കലാശ്രമമാണിത്. ശില്‍പ്പിയുടെ കണ്ണീരും കിനാവും കഠിനാദ്ധ്വാനവും ആത്മസമര്‍പ്പണവുമാണ് ഓരോ ശില്‍പ്പങ്ങള്‍ക്ക് പിന്നിലും ഖനീഭവിച്ച് കിടക്കുന്നത്. അത് ശില്‍പ്പത്തിനൊപ്പം പ്രസക്തമാകണമെന്നാണ് ഈ ശില്‍പ്പം പൊതുവില്‍ പറഞ്ഞുവയ്ക്കുന്നത്. കളിമണ്ണു കൊണ്ട് നിര്‍മ്മിച്ച് ഫൈബര്‍ കോട്ടിംഗ് ചെയ്താണ് ശില്‍പ്പം നിര്‍മ്മിച്ചിരിക്കുന്നത്. കാനായി കുഞ്ഞിരാമന്റെ 80ാം പിറന്നാള്‍ ദിനത്തില്‍ ഉണ്ണി ശില്‍പ്പം അദ്ദേഹത്തിന് സമര്‍പ്പിക്കും.

ചിത്രകാരന്‍മാരുടെയും ചിത്രകലാ ആസ്വാദകരുടെയും കൂട്ടായ്മയായ വരക്കൂട്ടത്തിന്‍റെ ആഭിമുഖ്യത്തിലാണ് നൂറ് കാലാകാരന്മാരുടെ ചിത്ര-ശില്‍പ്പകലാ പ്രദര്‍ശനം കോ‍ഴിക്കോട് നടക്കുന്നത്. പ്രശസ്ത സാഹിത്യകാരന്‍ സി.വി ബാലകൃഷ്ണന്‍ തിരിതെളിയിച്ച പ്രദര്‍ശനത്തില്‍ പ്രഭാകരന്‍, കബിത, പോള്‍ കല്ലാനോട്, കല്‍ക്കി സുബ്രഹ്മണ്യം, മോപ്പസാങ് വാലത്ത്, ടി ആര്‍ ഉദയകുമാര്‍, ശ്രീജ പള്ളം, സുനില്‍ അശോകപുരം, സഗീര്‍, സുനില്‍ ലിനസ് ഡെ, ജി എം മധു, യൂനുസ് മുസ്ലിയാരകത്ത്, ഷാജി കേശവ്, ഡോ. ടി റഹ്മാന്‍, വി കെ ശങ്കരന്‍, കെ എം നാരായണന്‍ തുടങ്ങിയ കേരളത്തിന്‍റെ ചിത്രശില്‍പ്പകലാരംഗത്തിന്‍റെ പരിഛേദമായ കലാകാരന്മാരെല്ലാം അണിനിരക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News