സംഘപരിവാര്‍ സദാചാരത്തിനെതിരെ വിദ്യാര്‍ത്ഥികള്‍; സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും സമരം കത്തിപ്പടരുന്നു

കൊല്‍ക്കത്ത; കൊല്‍ക്കത്തിയിലെ സത്യജിത്ത് റെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി സമരം ശക്തമാകുന്നു. കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്ത ചര്‍ച്ച അലസിപ്പിരിഞ്ഞതോടെയാണ് സമരം ശക്തമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്.

ഹോസ്റ്റലില്‍ പുതുതായി നടപ്പിലാക്കിയ പരിഷ്‌കാരങ്ങളില്‍ പ്രതിഷേധിച്ച് സമരം ചെയ്തതിന് പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കില്ലെന്ന് മാനേജ്‌മെന്റ് നിലാപട് എടുത്തതോടെയാണ് പ്രശ്‌നം വഷളായത്.

ക്യാമ്പസില്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിന് എതിരെയാണ് സമരമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

 വിദ്യാര്‍ത്ഥികളെ ഇനിയും പുറത്താക്കുമെന്നു ഡയറക്ടര്‍

പിരിച്ചു വിട്ടവരെ ഒരു കാരണവശാലും തിരിച്ചെടുക്കില്ലെന്നും അവരെ പുറത്തിരുത്തുന്നതിന് വേണ്ടി ഇനിയും വിദ്യാര്‍ത്ഥികളെ പുറത്താക്കുമെന്നും ഡയറക്ടര്‍ ദേബമിത്ര ഭീഷണിപ്പെടുത്തി.

മാനേജ്‌മെന്റ് നടപടികള്‍ അംഗീകരിക്കാന്‍ കഴിയാത്തവര്‍ കാമ്പസ് വിട്ടു പോകണമെന്നും ദേബമിത്ര പറഞ്ഞു. പ്രതിഷേധത്തില്‍ ഹോസ്റ്റല്‍ കയ്യേറിയെന്നാരോപിച്ച് പത്ത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

ഹോസ്റ്റല്‍ കയ്യേറിയെന്ന ഡയറക്ടറുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. സമരം ചെയ്തതിന് പതിനാല് പെണ്‍കുട്ടികളെ ഹോസ്റ്റലില്‍നിന്നും കാമ്പസില്‍നിന്നും പിരിച്ചു വിട്ടിട്ടുണ്ട്. 22 ആണ്‍കുട്ടികളെ ഹോസ്റ്റലില്‍നിന്നും സസ്‌പെന്റ് ചെയ്തു.

അതേസമയം, ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളെ പിരിച്ചുവിട്ടതിനെതിരെ സമരം ശക്തമാക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. കാമ്പസിലെ 90 ശതമാനം വിദ്യാര്‍ത്ഥികളും സമരത്തിനുണ്ടെന്നും സമരക്കാര്‍ പറഞ്ഞു.

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി 20 കൊല്ലത്തോളം ഇല്ലാത്ത ഭരണ പരിഷ്‌കാരങ്ങളാണ് ഡയറക്ടര്‍ ഇപ്പോള്‍ എടുത്തിട്ടുള്ളത്. കോളജ് ഹോസ്റ്റലില്‍നിന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും മാറിത്താമസിക്കണമെന്നു തുടങ്ങിയ പരിഷ്‌കാരങ്ങളാണ് മാനേജ്‌മെന്റ് നടപ്പിലാക്കിയത്.

പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേദിച്ച വിദ്യാര്‍ത്ഥികളേയാണ് പുറത്താക്കിയത്.

കോളജ് ഡയറക്ടറായി ദേബമിത്ര എത്തിയതിനു ശേഷമാണ് സദാചാര നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതെന്നും ഫിലിം മേഖലയുമായി ഒരു ബന്ധവുമില്ലാത്ത വ്യക്തിയാണ് ദേബമിത്രയെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

സംഘപരിവാര്‍ ബന്ധത്തിന്റെ പേരിലാണ് ദേബമിത്രയെ ഡയറക്ടറായി നിയമിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here