എനിക്ക് വിശക്കുന്നേ; എനിക്ക് വിശക്കുന്നേ; എപ്പോഴും വിശക്കുന്നവര്‍ ശ്രദ്ധിക്കുക; എന്താണ് ഈ വിശപ്പിനു പിന്നിലുള്ള കാരണങ്ങള്‍?

നിര്‍ജലീകരണം ശരീരത്തെ ബാധിച്ചിരിക്കുന്നതിന്‍റെ ഏറ്റവും മൃദുവായ ലക്ഷണമാണ് വിശപ്പായി എല്ലാപേര്‍ക്കും തോന്നുന്നത്. അതായത് ഒരാളുടെ ശരീരത്തിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വെള്ളം ആവശ്യമാണെന്നു ചുരുക്കം.

വിശപ്പും ദാഹവുമെല്ലാം നിയന്ത്രിക്കുന്ന തലച്ചോറിലെ ഹൈപ്പോതലാമസാണ് ഇതിനു പിന്നില്‍. ഒരു ബോട്ടില്‍ വെള്ളം കുടിക്കുന്നതിനെക്കാള്‍ നല്ലത് എന്തെങ്കിലും ജങ്ക്ഫുഡ് കഴിക്കുന്നതാണെന്ന തോന്നല്‍ ഉളവാക്കുകയാണ് ചെയ്യുന്നത്.

വെള്ളം എപ്പോഴും നല്‍കുക

ഇതിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല പോംവഴി നിര്‍ജലീകരണം തടയാന്‍ വേണ്ട വെള്ളം എപ്പോഴും നല്‍കുക എന്നതു മാത്രമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.വിശപ്പു തോന്നുമ്പോള്‍ ഓര്‍ക്കുക, ആവശ്യത്തിനു വേണ്ട വെള്ളം ഇന്നു നിങ്ങളുടെ ശരീരത്തില്‍ എത്തിയിട്ടില്ലെന്ന്. ഇങ്ങനെ തോന്നുമ്പോള്‍ ആദ്യം ഒരു ഗ്ലാസ് വെള്ളം കുടിക്കുക, ശേഷം 15-20 മിനിട്ടു വരെ കാത്തിരിക്കുക.

വിശപ്പ് താനേ ശമിക്കുന്നതു കാണാെമന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയാണ്. തലേദിവസം രാത്രി ആവശ്യത്തിനുള്ള ഉറക്കം ലഭിച്ചിട്ടില്ലെങ്കില്‍ പിറ്റേ ദിവസം രാവിലെ നിങ്ങളെ വരവേല്‍ക്കുന്നത് കടുത്ത വിശപ്പായിരിക്കും. രാത്രി ഉറക്കം നഷ്ടമാകുകയാണെങ്കില്‍ വിശപ്പിനെ ഉദ്ദീപിപ്പിക്കുന്ന ഹോര്‍മോണായ ഗ്രെലിന്റെ(Ghrelin) അളവ് ശരീരത്തില്‍ കൂടുകയും തല്‍ഫലമായി വിശപ്പ് അനുഭവപ്പെടുകയും ചെയ്യും.

ഉറക്കം ഉറപ്പാക്കണം

ക്ഷീണത്തില്‍ നിന്നു സംരക്ഷിക്കുന്ന ഹോര്‍മോണായ ലെപ്റ്റിന്‍റെ അളവു കുറയുകയും ചെയ്യുന്നു. ഇതാകട്ടെ ക്ഷീണത്തിലേക്കും തളര്‍ച്ചയിലേക്കുമൊക്കെ നിങ്ങളെ കൊണ്ടെത്തിക്കുകയും ചെയ്യും.ഇതൊഴിവാക്കാന്‍ ദിവസവും ഏ‍ഴു മുതല്‍ എട്ടു മണിക്കൂര്‍ വരെ സുഗമമായ ഉറക്കം ഉറപ്പാക്കണം.

ഒരു കുക്കീസ് കഴിച്ചു കഴിയുമ്പോള്‍ ഒരിക്കലും ആ ഒരെണ്ണം കൊണ്ട് സംതൃപ്തരാകാതെ കൂടുതല്‍ എണ്ണം അകത്താക്കുന്ന കാര്യം നിങ്ങള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഇതിനു പിന്നിലും തലച്ചോറു തന്നെ. കുക്കീസ്, ബിസ്കറ്റ് തുടങ്ങി മധുരപലഹാരങ്ങളിലുള്ള സ്റ്റാര്‍ച്ചും കാര്‍ബോഹൈഡ്രേറ്റും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുന്നു.

ക്രമാതീതരമായി ഗ്ലുക്കോസിന്‍റെ അളവ് കൂടുമ്പോള്‍ കൂടുതല്‍ മധുരം അകത്താക്കാനുള്ള കൊതി ഉണ്ടാകുന്നു.അതുകൊണ്ട് മധുരപലഹാരങ്ങള്‍ കഴിക്കാനുള്ള നിങ്ങളുടെ ആഗ്രഹത്തിന് അല്‍പം ശമനം നല്‍കുക എന്ന ഉപദേശവും ഡോക്ടര്‍മാര്‍ നല്‍കുന്നുണ്ട്.

ഇതിനു പകരം കോംപ്ലക്സ കാര്‍ബോഹൈഡ്രേറ്റുകള്‍ കൂടുതലായുള്ള ആപ്പിള്‍, ബദാം, അണ്ടിപ്പരിപ്പ് തുടങ്ങിയവ കഴിക്കാം. ഇവയാകട്ടെ, നമ്മുടെ വിശപ്പ് ശമനത്തിന് ആവശ്യമായ സംതൃപ്തി നല്‍കുകയും ചെയ്യും.

ജീവിതത്തില്‍ ഇതേവരെ യാതൊരുവിധ സമ്മര്‍ദമോ, ടെന്‍ഷനോ പിരിമുറുക്കമോ ഒന്നും അനുഭവിച്ചിട്ടില്ലാത്ത ഭാഗ്യവാന്‍മാര്‍ ഉണ്ടാകുമോ? അങ്ങനെ ഉള്ളവര്‍ക്ക് വിശപ്പ് എന്ന വികാരവും അധികം ഉണ്ടായി കാണില്ല. നിങ്ങള്‍ ടെന്‍ഷനിലായിരിക്കുമ്പോള്‍ സ്ട്രെസ് ഹോര്‍മോണുകളായ കോര്‍ട്ടിസോളിന്‍റെയും അള്‍ഡ്രിനാലിന്‍റെയും ഉല്‍പ്പാദനം കൂട്ടാനുള്ള താല്‍പര്യം ശരീരത്തിനുണ്ടാകുന്നു.

അപായ സൂചന

ശരീരം നല്‍കുന്ന അപായ സൂചനയാണ് അപ്പോഴുണ്ടാകുന്ന വിശപ്പ്. ആ സമയത്ത് നിങ്ങള്‍ക്ക് കൂടുതല്‍ എനര്‍ജി വേണമെന്നു സാരം. ഈ സമയത്ത് യഥാര്‍തത്തില്‍ വിശപ്പ് ഇല്ലെങ്കിലും ശരീരം അങ്ങനെയൊരു തോന്നല്‍ ഉളവാക്കുകയാണ് ചെയ്യുന്നത്.

ഇതിനെ മറികടക്കാന്‍ സ്ട്രെസ് ലെവല്‍ കണ്‍ട്രോള്‍ ചെയ്യുക. ഒന്നു നന്നായി ശ്വാസം എടുക്കുകയോ യോഗാ ക്ലാസുകളിലും മറ്റും പങ്കെടുത്ത് മനസിനെ ശാന്തമാക്കുകയോ ചെയ്യാവുന്നതാണ്.ആല്‍ക്കഹോളിന്റെ ഉപയോഗം ശരീരത്തെ നിര്‍ജലീകരണത്തിലേക്കു നയിക്കും. നിര്‍ജലീകരണമാകട്ടെ വിശപ്പിലേക്കും. ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ വെള്ളം കുടിച്ച്‌ നിര്‍ജലീകരണം തടയേണ്ടതാണെന്നും വിദഗ്ധര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News