ഗുജറാത്തിനു ശേഷം സംഘപരിവാര്‍ കേരളത്തെ പരീക്ഷണശാലയാക്കുന്നു

ആര്‍എസ്എസ് നയിക്കുന്ന ബിജെപി ഒടുവില്‍ അതിക്രമങ്ങള്‍ക്കെതിരെ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു.

ബാബറി മസ്ജിദ് പൊളിച്ചതിനുശേഷം 199293 കാലഘട്ടത്തില്‍ മുസ്‌ളിങ്ങള്‍ക്കെതിരെയും ഗുജറാത്തില്‍ 1998ല്‍ ക്രിസ്ത്യാനികള്‍ക്കെതിരെയും 2002ല്‍ മുസ്‌ളിങ്ങള്‍ക്കെതിരെയും 200708ല്‍ ഒഡിഷയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയും നടത്തിയ അതിക്രമങ്ങള്‍ക്കും കൂട്ടക്കുരുതിക്കും മാപ്പുചോദിച്ചുകൊണ്ടാണ് ഇതെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ തീര്‍ത്തും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു.
പശു, ലൌജിഹാദ്, ഘര്‍വാപ്‌സി എന്നിവയുടെയെല്ലാം പേരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ന്യൂനപക്ഷവേട്ടയ്‌ക്കെതിരായി ഏതെങ്കിലും തരത്തിലുള്ള പരിശോധന നടത്താനും ആര്‍എസ്എസ് ബിജെപി നേതാക്കള്‍ തയ്യാറായിട്ടില്ല.

ദളിതുകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാനോ കുറവുവരുത്താനോ ശ്രമമില്ല.

എന്നാല്‍, കേരളത്തില്‍മാത്രം സിപിഐ എം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ആര്‍എസ്എസിനും ബിജെപിക്കും എതിരായി അതിക്രമങ്ങള്‍ നടത്തുകയാണെന്നും ചുവപ്പുഭീകരതയാണെന്നുമാണ് പ്രചാരണം.

യുദ്ധം പ്രഖ്യാപനം കേരളസമൂഹത്തിനെതിരെ

ഹിന്ദുത്വ ബാനറിനു കീഴില്‍ കേന്ദ്രഭരണത്തിലിരിക്കുന്നവര്‍ ജനരക്ഷായാത്രയിലൂടെ കേരള സര്‍ക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. കേരള സര്‍ക്കാരിനെയോ അതിന് നേതൃത്വം നല്‍കുന്ന ഇടതുപക്ഷത്തെയോ സിപിഐ എമ്മിനെയോ മാത്രമല്ല ലക്ഷ്യം.

മറിച്ച്, കേരളസമൂഹത്തെ ഒന്നാകെയാണ്. കേരള സംസ്‌കൃതിയും സംസ്‌കാരവുമെല്ലാമാണ് ആക്രമിക്കപ്പെടുന്നത്. സിപിഐ എമ്മിന്റെ ‘ക്രൂരമായ അക്രമങ്ങള്‍’ എന്ന ആര്‍എസ്എസ് ബിജെപി നേതൃത്വത്തിന്റെ ആക്ഷേപം വിലപ്പോയില്ല.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായി നിരവധി കേസുകള്‍ യുപിയിലെ വിവിധ കോടതികളിലുണ്ട്. രാജ്യത്തിനാകെ ഭീഷണിയാകുന്ന ജിഹാദി ഭീകരതയുടെ ഫാക്ടറിയാക്കി കേരളത്തെ മാറ്റിയെന്നാണ് ആദിത്യനാഥ് ആരോപിക്കുന്നത്.

അതീവ ഗുരുതരമായ ആരോപണത്തെ സാധൂകരിക്കാനാവശ്യമായ തെളിവൊന്നുമില്ലാതെയാണ് ഈ ആക്ഷേപം. രാജ്‌നാഥ്‌സിങ്ങിന്റെ ആഭ്യന്തരവകുപ്പോ സിബിഐയോ ദേശീയ അന്വേഷണ ഏജന്‍സിയോ ഇന്റജിലന്‍സ് ബ്യൂറോയോ മറ്റേതെങ്കിലും ദേശീയ ഏജന്‍സികളോ ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ടും തയ്യാറാക്കിയിട്ടില്ല.

എന്നിട്ടും കേരളത്തെയും സര്‍ക്കാരിനെയും പരസ്യമായി അപകീര്‍ത്തിപ്പെടുത്തല്‍ തുടരുകയാണ്. മറ്റേതെങ്കിലും രാജ്യത്താണ് ഒരു വ്യക്തി ഇത്തരത്തില്‍ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്നതെങ്കില്‍ ജയിലിലടയ്ക്കപ്പെടുമായിരുന്നു.

ഹിന്ദുത്വത്തിന്റെ പുതിയ പ്രതീകമായി അവരോധിക്കപ്പെട്ടിരിക്കുന്ന ആദിത്യനാഥിന്റെ പ്രഖ്യാപനം കേരളത്തിന്റെ ചുവപ്പ് മാറി കാവിയാകാന്‍ സമയമെടുക്കില്ല എന്നാണ്. കേരളത്തെ ഒരു ‘സനാതന ഹിന്ദുരാഷ്ട്ര’മാക്കി മാറ്റുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

എട്ടാം നൂറ്റാണ്ടില്‍ ശങ്കരാചാര്യര്‍ എതിരാളികളെ തുടച്ചുനീക്കിയതുപോലെ കേരളത്തില്‍ ഇടതുപക്ഷത്തെ തുടച്ചുനീക്കുമെന്നാണ് പ്രഖ്യാപനം. വിദേശ കടന്നുയറ്റത്തില്‍നിന്ന് ഹിന്ദുത്വത്തെ സംരക്ഷിക്കാന്‍ ശങ്കരാചാര്യര്‍ ശുദ്ധീകരണം നടത്തിയതുപോലെ ഇന്നും കേരളത്തിലെ ഹിന്ദുത്വത്തെ രക്ഷിക്കാന്‍ നടപടിയുണ്ടാകുമെന്നാണ് അവകാശവാദം.

ഇസ്‌ളാമിക് ഭീകരത കേരളത്തിലുണ്ടെന്നും വിദേശ ആശയങ്ങളാണ് ഇടതുപക്ഷത്തെ നയിക്കുന്നതെന്നുമുള്ള പ്രചാരണം ഗുജറാത്തിനുശേഷം ഹിന്ദുത്വത്തിന്റെ പരീക്ഷണശാലയായി കേരളത്തെ മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണ്. കേരളത്തിലെ ന്യൂനപക്ഷത്തിന്റെ സ്വാധീനമാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്.

ആര്‍എസ്എസിന്റെ ആചാര്യനായ എം എസ് ഗോള്‍വാള്‍ക്കര്‍ 1960 ഡിസംബര്‍ 17ന് ഗുജറാത്ത് സര്‍വകലാശാലയുടെ സോഷ്യല്‍ സയന്‍സ് വിഭാഗത്തല്‍ നടത്തിയ പ്രസംഗത്തില്‍ ജാതിസിദ്ധാന്തം അവതരിപ്പിക്കുന്നതിനിടെ ഹിന്ദുസമൂഹത്തിലുണ്ടായിട്ടുള്ള സങ്കരയിന പ്രജനനത്തെക്കുറിച്ച് പറയുകയുണ്ടായി.

‘ഇന്ന് ഏതെങ്കിലും തരത്തിലുള്ള സങ്കരയിന പ്രജനനം നടക്കുന്നുണ്ടെങ്കില്‍ അത് ശാസ്ത്രീയമായിട്ടല്ല. മറിച്ച് ശാരീരിക ഭോഗേച്ഛയുടെ ഫലമായാണ്.

എന്നാല്‍, പൂര്‍വികര്‍ ഇത്തരം പരീക്ഷണം നടത്തിയിരുന്നു. കേരളത്തില്‍ സ്ഥിരതാമസമാക്കിയ ഉത്തരേന്ത്യന്‍ ബ്രാഹ്മണവിഭാഗക്കാര്‍ക്കിടയില്‍ ഒരു നിയമമുണ്ടായിരുന്നു. നമ്പൂതിരികുടുംബത്തിലെ മൂത്ത പുത്രന്‍ വൈശ്യ, ശൂദ്ര, ക്ഷത്രിയ തുടങ്ങിയ ഏതെങ്കിലുമൊരു വിഭാഗത്തില്‍നിന്നുമാത്രമേ വിവാഹം കഴിക്കാവൂ എന്നായിരുന്നു അത്.

അതിനേക്കാള്‍ കര്‍ക്കശമായ മറ്റൊരു നിയമമുണ്ടായിരുന്നു. വിവാഹിതയായ ഒരു സ്ത്രീക്ക് ആദ്യം പിറക്കുന്ന കുഞ്ഞിന്റെ പിതാവ് നിര്‍ബന്ധമായും ഒരു നമ്പൂതിരി ആയിരിക്കണം. അതിനുശേഷം മാത്രമേ അവള്‍ക്ക് അവളുടെ ഭര്‍ത്താവിന്റെ കുഞ്ഞിനെ പ്രസവിക്കാന്‍ കഴിയുമായിരുന്നുള്ളൂ.

ഇത്തരം പരീക്ഷണങ്ങള്‍ ഇന്ന് വ്യഭിചാരമെന്ന് വിളിക്കപ്പെടും. എന്നാല്‍, ആദ്യ കുഞ്ഞിനെ ഇത്തരത്തില്‍ പ്രസവിക്കുന്നത് വ്യഭിചാരത്തിന്റെ ഗണത്തില്‍ വരുമായിരുന്നില്ല.”

പല തരത്തിലും ആശങ്കയുളവാക്കുന്നതാണ് ഗോള്‍വാള്‍ക്കറുടെ ഈ പ്രസ്താവന. ഒന്നാമത്, ഇന്ത്യയില്‍ ഒരു ഉന്നത ജാതിയും താഴ്ന്ന ജാതിയും നിലനില്‍ക്കണമെന്നും താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ ഉന്നതകുലജാതന്റെ വംശത്താല്‍ അഭിവൃദ്ധിപ്പെടണമെന്നുമാണ് ഗോള്‍വാള്‍ക്കര്‍ ആഗ്രഹിച്ചത്.

ഉത്തരേന്ത്യയില്‍നിന്നുള്ള ബ്രാഹ്മണര്‍ ഉന്നതകുലജാതരാണെന്നാണ് ഗോള്‍വാള്‍ക്കറുടെ വിശ്വാസം. കേരളത്തിലെ താഴ്ന്ന ജാതിയില്‍പ്പെട്ടവരുടെ വംശാവലിയെ മഹത്തരമാക്കാന്‍ ഉത്തരേന്ത്യന്‍ ബ്രാഹ്മണരെ നിയോഗിച്ചിരുന്നു എന്നാണ് പറഞ്ഞുവയ്ക്കുന്നത്.

ലോകത്തെമ്പാടുമുള്ള ഹിന്ദുക്കളുടെ ഐക്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാള്‍ ഇത്തരം ആശയങ്ങള്‍ പിന്തുടര്‍ന്നുവെന്നത് ഏറെ രസകരവുമാണ്. പുരുഷമേധാവിത്വ മനസ്സിനുടമായായിരുന്നു ഗോള്‍വാള്‍ക്കര്‍ എന്നതാണ് ഇതിലുടെ വെളിപ്പെടുന്ന മൂന്നാമത്തെ കാര്യം.

ഉത്തരേന്ത്യയില്‍നിന്നുള്ള ബ്രാഹ്മണര്‍ക്കുമാത്രമേ ദക്ഷിണേന്ത്യയിലെ താഴേക്കിടയിലുള്ള ജാതിക്കാരുടെ വംശത്തെ അഭിവൃദ്ധിപ്പെടുത്താന്‍ കഴിയൂ എന്നായിരുന്നു അദ്ദേഹം വിശ്വസിച്ചത്. ഒരു ബന്ധവുമില്ലാത്ത ഒരു നമ്പൂതിരിയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ട് കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍ മാത്രമുള്ളതാണ് കേരളത്തിലെ ഹിന്ദുസ്ത്രീകളുടെ ഗര്‍ഭപാത്രമെന്നും അതിന് മറ്റൊരു പവിത്രതയുമില്ലെന്നുമാണ് ഗോള്‍വാള്‍ക്കറുടെ മനസ്സിലുണ്ടായിരുന്നത്.

മധ്യകാലഘട്ടത്തില്‍ നിലനിന്നിരുന്ന, പുരുഷകേന്ദ്രീകൃതവും ഉന്നതജാതിക്കാര്‍ പിന്തുടര്‍ന്നതുമായ ഒരു പിന്തിരിപ്പന്‍ സമ്പ്രദായത്തിന് നിയമസാധുത കൊടുക്കാനാണ് അദ്ദേഹം ശ്രമിച്ചത്. താഴ്ന്ന വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ വിവാഹം കഴിഞ്ഞാല്‍ ആദ്യരാത്രി ഉന്നതജാതിക്കാരനായ ഒരു പരപുരുഷനൊപ്പം ചെലവഴിക്കണമെന്ന് നിര്‍ബന്ധിച്ചിരുന്ന സമ്പ്രദായത്തിനാണ് ഗോള്‍വാള്‍ക്കാര്‍ നിയമസാധുത കല്‍പ്പിക്കാനൊരുങ്ങിയത്.

കേരളത്തിലെ ഹിന്ദുസ്ത്രീകളെ മോശമായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ഇത്തരം ആശയങ്ങളാണ് ആര്‍എസ്എസ് പിന്‍പറ്റിയത്. എന്നിട്ടിപ്പോള്‍ ഹൈന്ദവരുടെ രക്ഷകരായി സ്വയം അവതരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

വിദ്വേഷത്തിന്റെ ഗുരു എന്ന വിശേഷണമുള്ള ഗോള്‍വാള്‍ക്കര്‍ ‘ആഭ്യന്തര ഭീഷണികള്‍’ എന്ന ലേഖനത്തില്‍ മൂന്ന് ഭീഷണികളെക്കുറിച്ച് പറയുന്നുണ്ട്. മുസ്‌ളിങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരുമാണത്.

സോഷ്യലിസം ഈ മണ്ണിന്റെ ഉല്‍പ്പന്നമല്ലെന്നും അത് നമ്മുടെ രക്തത്തിന്റെയോ ദേശീയതയുടെയോ ആചാരങ്ങളുടെയോ ഭാഗമല്ലെന്നുമാണ് വാദം.

സോഷ്യലിസ്റ്റ് ഇന്ത്യ കെട്ടിപ്പടുക്കണമെന്നാഗ്രഹിച്ച് ഒടുവില്‍ ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ച് രക്തസാക്ഷികളായ ഭഗത്സിങ്, ചന്ദ്രശേഖര്‍, ആസാദ്, സുഖ്‌ദേവ്, രാജ്ഗുരു, അഷ്ഫഖുള്ള ഖാന്‍ എന്നിവരെയല്ലാം നിന്ദിക്കുന്ന വാദമാണിത്. ‘ഞാനൊരു സോഷ്യലിസ്റ്റാണ്

. അതൊരു തികഞ്ഞ സംവിധാനമാണെന്ന് കരുതുന്നില്ലെങ്കിലും ഭക്ഷണമില്ലാതിരിക്കുന്നതിനേക്കാള്‍ ഭേദമാണ് അരക്കഷണം റൊട്ടി കിട്ടുന്നത്”എന്നായിരുന്നു സ്വാമി വിവേകാനന്ദന്‍ അഭിപ്രായപ്പെട്ടത്. ഇതുപോലും വിസ്മരിച്ചാണ് അന്യമായ ആശയമെന്ന് സോഷ്യലിസത്തെ വിശേഷിപ്പിക്കാന്‍ ഗോള്‍വാള്‍ക്കര്‍ മുതിര്‍ന്നത്.

കേരളത്തിന്റെ ചില പ്രദേശങ്ങളിലുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ യാദൃച്ഛികമായി സംഭവിക്കുന്നതല്ല. മറിച്ച്, ഇന്ത്യയിലെ മറ്റ് ഹിന്ദുഭൂരിപക്ഷമേഖലകളില്‍ അധീശത്വം സ്ഥാപിച്ചതിനു സമാനമായ തന്ത്രങ്ങളുടെ ഭാഗമാണ്.

ആര്‍എസ്എസിന്റെ ഈ തന്ത്രത്തില്‍ വീണുപോകാതെ കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളെയും സംഘടിപ്പിച്ച് ‘സനാതന ഹിന്ദുരാഷ്ട്ര’മെന്ന ദേശവിരുദ്ധ പദ്ധതിക്കും ജാതീയതയ്ക്കും വംശീയതയ്ക്കും അസമത്വത്തിനും മനുവാദത്തിനുമെതിരായ പോരാട്ടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇടതുപക്ഷത്തിന്റെ ഇന്നത്തെ കടമ

(ഡല്‍ഹി സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അധ്യാപകനാണ് ലേഖകന്‍. കടപ്പാട്: സബ്രംഗ് ഇന്ത്യ)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News