സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വെക്കും; പ്രത്യേക നിയമസഭായോഗം നവംബര്‍ 9ന്‌

തിരുവന്തപുരം: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിയമ സഭയില്‍ വെക്കും .

മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്

കേരളത്തെ പിടിച്ചുകുലിക്കിയ സോളാര്‍ തട്ടിപ്പും അതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയുെട മേശപ്പുറത്ത് വയ്ക്കുന്നതിനായാണ് പ്രത്യേക സഭാ സമ്മേളനം ചേരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

റിപ്പോര്‍ട്ടിന്‍ മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളടക്കം വിശദമാക്കുന്ന കുറിപ്പ് സഹിതമായിരിക്കും സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുക.

റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ച് അതില്‍ സ്വീകരിച്ച തുടര്‍ നടപടി സഹിതം 6 മാസത്തിനകം നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കണമെന്നതാണ് ചട്ടം.

എന്നാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു.

ഇതെ തുടര്‍ന്നാണ് അടിയന്തരമായി സഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ മന്ത്രിസഭാ യോഗം റിപ്പോര്‍ട്ട് അംഗീകരിക്കുകയും പുതിയ അന്വേഷണ സംഘത്തെ കൊണ്ട് ആക്ഷേപങ്ങള്‍ അന്വേഷിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങില്ല.

അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്റ്റര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശം സര്‍ക്കാര്‍ ഇതില്‍ നേരത്തെ തേടിയിരുന്നു.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ സംബന്ധിച്ച് മുന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസും സുപ്രീം കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് അരിജിത്ത് പസായത്തില്‍ നിന്നും വിദഗ്ദ്ധ നിയമോപദേശം തേടാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇതിന് ശേഷം മന്ത്രിസഭാ യോഗം പരിഗണിച്ച ശേഷമെ ഉത്തരവിറങ്ങുകയുള്ളു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here