അതെ , ഞങ്ങള്‍ തെമ്മാടികള്‍ തന്നെ; ഗോവാ മുഖ്യമന്ത്രിക്ക് കവിയുടെ മറുപടി

ഗോവ മുഖ്യമന്ത്രിയും ബി.ജെ.പി.നേതാവുമായ മനോഹർ പരീക്കർക്ക് കവി രൂപേഷ് ആര്‍ മുചുകുന്നിന്റെ  മറുപടി. കേരളം ഭരിക്കുന്നവർ തെമ്മാടികളാണെന്ന പരാമര്‍ശത്തിനാണ് രൂപേഷ് കവിതയിലൂടെ മറുപടി പറയുന്നത്.

അതെ ഞങ്ങള്‍ തെമ്മാടികള്‍ തന്നെയെന്ന്  രൂപേഷ് പറയുന്നു. ജന്മിത്വത്തിനും നാടുവാ‍ഴിത്തത്തിനുമെതിരെ പോരാടി ആധുനിക കേരളത്തെ സൃഷ്ടിച്ച തങ്ങളുടെ `തെമ്മാടി ചരിത്രം’ ഓര്‍മ്മപ്പെടുത്തിയാണ് പരീക്കര്‍ക്ക് മറുപടി പറഞ്ഞിരിക്കുന്നത്.

കവിത പൂര്‍ണ്ണമായും താ‍ഴെ വായിക്കാം:

തെമ്മാടികൾ

ജന്മിയുടെ
കളപ്പുരയിലേക്ക്
സ്വന്തം ഭാര്യയേയും
പെങ്ങളേയും
അയക്കാത്തവർ
തെമ്മാടികൾ .

രാവന്തിയോളം
പാടത്ത് പണിയെടുത്തിട്ടും
ഒരു പിടി നെല്ലും
വാങ്ങി കൂരയിലേക്ക്
ഓടും
പശി സഹിക്കാൻ
വയ്യാതെ തളർന്നുറങ്ങുന്ന
കിടാങ്ങൾ

നെല്ല് കുത്തി
ചേറി
കഞ്ഞി വെള്ളമാക്കി
മൺപാത്രത്തിൽ
ഒഴിച്ച്
അവറ്റകളെ വിളിച്ചുണർത്തി
കൊടുക്കുന്ന
അടിയാത്തിക്ക്

അരിവാളും
ചെങ്കൊടിയും കൊടുത്ത്
പ്രതിരോധിക്കാൻ
പഠിപ്പിച്ചവർ
തെമ്മാടികൾ

പാടത്ത്
ചവിട്ടി തേച്ച
അദ്ധ്വാന മൂല്യത്തെ
വിലപേശി വിൽക്കാൻ പഠിപ്പിച്ചവർ
തെമ്മാടികൾ

സ്കൂളുകളിലും
മാനേജരെ വീട്ടിലും
വിടുവേല ചെയ്ത ഗുരുക്കന്മാർക്ക്
നട്ടെല്ല് നൽകിയവർ

അവർ
നിവർന്ന് നിന്ന്
പാഠം പഠിപ്പിച്ചപ്പോൾ
ക്ലാസിലിരുന്ന തലമുറ
തെമ്മാടികൾ

ഇതെല്ലാം
ഇപ്പോഴും നടമാടുന്ന
നാട്ടിൽ നിന്ന് വരുന്നവർ
കീഴടക്കി ഭരിച്ച വൈദേശിക
രക്തത്തിന്റെ ചൂരുള്ളവർ
നമ്മേ നോക്കി
ഗർജ്ജിക്കുന്നു

‘തെമ്മാടികൾ ‘

അതെ
ഞങ്ങൾ തെമ്മാടികൾ!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News