ഇത് കേരളം; സംഘപരിവാറുകാരുടെ ഒരു വേലത്തരവും ഇവിടെ നടപ്പില്ല; ഓര്‍ക്കേണ്ടവര്‍ ഓര്‍ത്താല്‍ നന്ന്; കേരളത്തെ അപമാനിക്കാനെത്തിയവര്‍ക്കെല്ലാം മുഖ്യമന്ത്രിയുടെ തകര്‍പ്പന്‍ മറുപടി

തിരുവനന്തപുരം: ഈ സംസ്ഥാനത്ത് വന്ന് ആര് എന്തുവിളിച്ചുപറഞ്ഞാലും അതൊക്കെ ജനം വിശ്വസിക്കുമെന്ന് കരുതുന്നത് വെറുതെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത് കേരളമാണ്. അത്തരം അപകീര്‍ത്തി പ്രചാരണം ഇവിടെ വിലപോവില്ല. കേരളത്തെ ആകെ കീഴ്പ്പെടുത്തികളയാം എന്നുകരുതി ജനരക്ഷായാത്ര നടത്തിയ ബിജെപിക്കും സംഘപരിവാരുകാര്‍ക്കും അക്കാര്യം ശരിക്കും മനസിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഗവ. പ്രസ് എപ്ളോയീസ് അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മനോഹര്‍ പരീക്കര്‍ക്കും മുഖ്യമന്ത്രി ചുട്ടമറുപടി

കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്ന് പറഞ്ഞ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്കും മുഖ്യമന്ത്രി ചുട്ടമറുപടി നല്‍കി. വലിയ വിദ്യാഭ്യാസമുണ്ടെന്നൊക്കൊ കരുതിയ വ്യക്തിയായിരുന്നു ഈ പരീക്കര്‍. അതെല്ലാം തെറ്റിദ്ധരണയായിരുന്നെന്ന് ഇപ്പോഴല്ലെ മനസിലായത്. അല്ലെങ്കില്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ ഒരാള്‍ മറ്റൊരു സംസ്ഥാനത്തിന്റെ ഭരണത്തിലുള്ളവരെ ഇങ്ങനെ അവഹേളിക്കുമോ. അവിടെ ഗോവ ഭരിക്കുന്നത് മാന്യന്‍മാര്‍. ഇവിടെ കേരളം ഭരിക്കുന്നത് തെമ്മാടികള്‍. ഇങ്ങനെ വിളിച്ചുപറയുവാനാണ് അദ്ദേഹം ഇവിടെ വന്നത്. എന്തൊരു വിരോധാഭാസമാണത്.

അതുമാത്രമോ ബിജെപിയുടെ ദേശീയ നേതാക്കളും ഭരണഘടനാ പദവിയിലുള്ളവരുമെല്ലാം ഇവിടെവന്ന് ഈ സംസ്ഥാനത്തിനെതിരെ കുപ്രചാരണം നടത്തുകയല്ലെ ചെയ്തത്.ഒരു രാഷ്ട്രീയ പാര്‍ടിക്കെതിരെ ആരോപണവും വിമര്‍ശനവും മറ്റ് രാഷ്ട്രീയ പാര്‍ടികളില്‍ ഉള്ളവര്‍ ഉന്നയിക്കുന്നത് മനസിലാക്കാം അതുപോലെയാണോ ഒരു സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്നത്.

ഇവിടത്തെ കൊലപാതക രാഷ്ട്രീയത്തിന് മറുപടി പറയേണ്ടത് ആര്‍എസ്എസ് ആണ്. അവരെന്തെല്ലാം ചെയ്തുകൂട്ടിയിട്ടും ഈ നാടിനെ അവരുടെ വരുതിക്കാക്കാന്‍ കഴിയുന്നില്ല. അതിനാല്‍ ഏതെങ്കിലും വിധത്തില്‍ അപകീര്‍ത്തിപെടുത്തിയെങ്കിലും കാല്‍കീഴിലാക്കാമോ എന്നാണ് നോക്കുന്നത് . എന്നാല്‍ അത് വെറുതെയാണ്. ഇത് കേരളമാണ്. അതിനാലാണ് വലിയ സന്നാഹവുമായി വന്ന അമിത് ഷാക്കും സംഘത്തിനും ഒരു ചലനവും ഇവിടെ സൃഷ്ടിക്കാന്‍ സാധിക്കാതിരുന്നത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി

ഇനി ജാഥയെന്ന് പറഞ്ഞ് ആരെല്ലാമാണ് ഇവിടെ വന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി വന്നിട്ട് പറയുകയാണ്. നിങ്ങള്‍ ഉത്തര്‍പ്രദേശിലേക്ക് വരു ഞങ്ങളുടെ ആശുപത്രി കാണൂ എന്നെല്ലാം. പ്രാണവായു കിട്ടാതെ കുട്ടികള്‍ മരിച്ച ഗോരഖ് പുരിലെ ആശുപത്രിയാണോ ഞങ്ങള്‍ കാണേണ്ടത്. ഏത് വികസന സൂചികയെടുത്താലും കേരളം എത്രയോ മുന്നിലാണ്. ആ കേരളമാണോ ഉത്തര്‍പ്രദേശിനെ മാതൃകയാക്കേണ്ടത്. അതോ ഗുജറാത്തിനേയോ.

എന്തായാലും ഒരു കാര്യം നടന്നുകിട്ടി. ഇവിടെയാകെ കലാപമാണെന്ന് പ്രചരിപ്പിച്ച് ജാഥ നടത്താന്‍ വന്നവര്‍ കൂട്ടിക്കൊണ്ടുവന്ന ദേശീയ മാധ്യമങ്ങള്‍ സത്യം പറഞ്ഞു. അവര്‍ക്കിവിടെ വന്നപ്പോളാണ് മനസിലായത് ഈ പ്രചരിക്കുന്നതൊന്നുമല്ല കേരളമെന്ന് . അവര്‍ സത്യസന്ധമായി കാര്യം പറഞ്ഞു. മാധ്യമങ്ങള്‍ കൈവിട്ടപ്പോഴാണ് ദേശീയ നേതാവായ സരോജ് പാണ്ഡെയെ ഇറക്കി കണ്ണ് ചൂഴ്ന്നെടുക്കുമെന്നൊക്കെ ഭീഷണിപ്പെടുത്തിയത്.

എന്തെല്ലാമാണ് വിളിച്ചു പറയുന്നത്. ഇതെല്ലാം ഒന്നിച്ചു കാണേണ്ടതാണ്.ഒറ്റക്കൊറ്റക്ക് കണ്ടാല്‍ ശരിയാകില്ല. അവര്‍ ഭയക്കുന്നത് ഇവിടത്തെ മതനിരപേക്ഷതയെ ആണ്. അത് തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇവിടെ തൊഴിലാളികളായാലും മറ്റെല്ലാമേഖലയിലുള്ളവരായാലും സംഘടിത ശക്തിയാണ്. ആ സംഘടിത ശക്തിയാണ് അവര്‍ ഭയപ്പെടുന്നത്. അതിനെ ഭിന്നിപ്പിച്ച് ചേരി തിരിക്കാനാണ് ശ്രമം. അത്തരം നീക്കങ്ങളെ സംഘടിതമായിതന്നെ ചെറുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News