പാസ്പോര്‍ട്ട് ഓഫിസിന് താഴ്‌വീഴാന്‍ ഇനി ദിവസങ്ങള്‍ മാത്രം; പ്രതിഷേധം ശക്തം

മലപ്പുറം: റീജ്യനല്‍ പാസ്പോര്‍ട്ട് ഓഫിസിന് താഴ് വീഴാന്‍ ഇനി ഒരുമാസം മാത്രം. അടുത്തമാസം 17ന് ഓഫിസ് അടച്ചുപൂട്ടാനാണ് നീക്കം. ഓഫിസ് അടച്ചുപൂട്ടുന്നതിനെതിരേ വ്യപകപ്രതിഷേധങ്ങളുയര്‍ന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല

മലപ്പുറം ഓഫിസ് അടച്ചുപൂട്ടി കോഴിക്കോടുമായി ലയിപ്പിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി കോഴിക്കോട് റീജ്യനല്‍ പാസ്പോര്‍ട്ട് ഓഫിസറുടെ നേതൃത്വത്തില്‍ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ളവയുടെ കണക്കെടുപ്പും പൂര്‍ത്തിയാക്കി. നവംബര്‍ 30ന് മുമ്പ് പൂട്ടാനാണ് ഉത്തരവിട്ടതെങ്കിലും 17 വരെ മാത്രമേ ഓഫിസ് പ്രവര്‍ത്തിക്കുകയുള്ളൂ. അതുവരെ പാസ്പോര്‍ട്ടും നല്‍കും.

2006ലാണ് മലപ്പുറം റീജ്യനല്‍ പാസ്പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തനം തുടങ്ങിയത്. വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തനം. ഒന്നരലക്ഷം രൂപ മാസവാടകയും 40,000ത്തിനുമുകളില്‍ വൈദ്യുതി ബില്ലും ഉള്‍പ്പെടെ മാസം അഞ്ചുലക്ഷത്തോളം ചെലവുവരും. ഈ ചെലവ് കുറക്കാനാണ് ഓഫിസ് അടച്ചുപൂട്ടുന്നതെന്നാണ് കോന്ദ്ര സര്‍ക്കാരിന്റെ വാദം.

20,13,392 പാസ്പോര്‍ട്ടുകള്‍ ഇതിനകം ഈ കേന്ദ്രത്തില്‍നിന്ന് വിതരണം ചെയ്തിട്ടുണ്ട്. 2006ല്‍ 42348 പേരാണ് അപേക്ഷിച്ചതെങ്കില്‍ തൊട്ടടുത്ത വര്‍ഷം ഒരുലക്ഷത്തി, 38,731 ആയി ഉയര്‍ന്നു. 2014-ല്‍ മാത്രം 2,42,712 പേര്‍ ഇവിടെനിന്ന് പാസ്പോര്‍ട്ട് വാങ്ങി.

കഴിഞ്ഞ വര്‍ഷം 1,90,677 പേരെത്തിയപ്പോള്‍ ഈ വര്‍ഷം ഇതുവരെ 1,55,824 പേര്‍ അപേക്ഷ നല്‍കിക്കഴിഞ്ഞു. ഇനി പാസ്പോര്‍ട്ട് ഓഫിസ് ഇല്ലാതാവുമെങ്കിലും സേവാകേന്ദ്രം മലപ്പുറത്ത് തുടരുന്നതിനാല്‍ ഓഫിസ് മാറ്റം അപേക്ഷകര്‍ക്ക് പ്രയാസമുണ്ടാക്കില്ലെന്നാണ് കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here