ഐ.പി.എസുകാരിയാണെന്ന വ്യാജേന വ്യോമസേനാ ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുകയും ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത യുവതി അറസ്റ്റില്‍. കോട്ടയം കുമാരനല്ലൂര്‍ സ്വദേശി അഷിതയാണ് അറസ്റ്റിലായത്.

പാലക്കാട് വീട് വാടകയ്ക്കെടുത്തു വിജിലന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ ഓഫീസറാണെന്നു പ്രചരിപ്പിച്ച് താമസിക്കുകയായിരുന്നു.

ശമ്പളം ലഭിക്കുമ്പോള്‍ തിരികെ കൊടുക്കാമെന്നു പറഞ്ഞ് അയല്‍വാസിയുടെ മകനില്‍നിന്ന് മൂന്നു ലക്ഷം രൂപ വാങ്ങിയിരുന്നു. 57,000 രൂപ ശമ്പളമുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് ഇവര്‍ പണം വാങ്ങിയിരുന്നു.

ഇതിനിടെ, താന്‍ ഐ.പി.എസ്.ഓഫീസറാണെന്നു തെറ്റിദ്ധരിപ്പിച്ചു കഴിഞ്ഞ സെപ്റ്റംബര്‍ പത്തിനു തലയാഴം സ്വദേശി അഖില്‍ കെ. മനോഹറിനെ വിവാഹം കഴിച്ചു.

തന്നെ കബളിപ്പിച്ച് മൂന്നു ലക്ഷം രൂപ കൈക്കലാക്കിയ അഷിതയെ അന്വേഷിച്ചെത്തിയ ആലത്തൂര്‍ സ്വദേശി സാന്റോ വൈക്കം പോലീസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പുകള്‍ ചുരുളഴിഞ്ഞത്.