സിപിഐഎം നയങ്ങളെ ബിജെപിക്ക് ഭയം; അടിച്ചമര്‍ത്താനുള്ള ശ്രമം വിലപ്പോവില്ലെന്ന് കോടിയേരി

തലശേരി: ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയ ഉദാരവത്കരണ സാമ്പത്തിക നയത്തിനെതിരായ ബദല്‍രാഷ്ട്രീയം രാജ്യത്ത് വളര്‍ന്നുവരാന്‍ പോവുന്നത് വര്‍ഗസമരത്തിലൂടെയും ബഹുജന പോരാട്ടങ്ങളിലൂടെയുമായിരിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

രാഷ്ട്രീയ പാര്‍ടികള്‍ തമ്മിലുള്ള മഹാസംഖ്യങ്ങളുണ്ടാക്കി ഇതിനെ നേരിടാനാവില്ല. നയപരമായി യോജിപ്പുള്ള കക്ഷികള്‍ ചേര്‍ന്നാവണം രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ ഉണ്ടാവേണ്ടതെന്ന് കോടിയേരി പറഞ്ഞു.

സി എച്ച് കണാരന്‍ ചരമദിനത്തോടനുബന്ധിച്ച് കോടിയേരി പുന്നോലിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു.

ആര്‍എസ്എസിന്റെ ഫാസിസ്റ്റ് രീതിയിലുള്ള പ്രവര്‍ത്തനം നേരിടാന്‍ വിശാലമായ പൊതുവേദി ആവശ്യമായി വരുമെന്ന് കോടിയേരി പറഞ്ഞു. അതിനെ രാഷ്ട്രീയകൂട്ടുകെട്ടായി വികസിപ്പിച്ചാല്‍ മുന്‍കാലങ്ങളിലേതെന്നത് പോലുള്ള സ്ഥിതിവിശേഷം ആവര്‍ത്തിക്കപ്പെടും.

നയപരമായി യോജിപ്പുള്ള കക്ഷികളല്ലാത്തവരുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയാല്‍ എന്ത് സംഭവിക്കുമെന്ന അനുഭവം രാജ്യത്തിന് മുന്നിലുണ്ട്.

ഈ പശ്ചാത്തലത്തിലാദണ് ബിജെപിയുടെ വര്‍ഗീയതക്കും ഉദാരവത്കരണ സാമ്പത്തിക നയത്തിനും കോണ്‍ഗ്രസിന്റെ ഉദാരവത്കരണ നയത്തിനുമെതിരായ ബദല്‍ ശക്തി രാജ്യത്ത് ഉയര്‍ന്നുവരാന്‍ പോവുന്നത്.

സിപിഐ എം മുന്നോട്ട് വെക്കുന്ന ഈ നയമാണ് ഭാവിയില്‍ രാജ്യത്തെ സ്വാധീനിക്കാന്‍ പോവുന്നതെന്ന് ആര്‍എസ്എസ് തിരിച്ചറിഞ്ഞത് കൊണ്ടാണ് എങ്ങനെയും ഇടതുപക്ഷത്തെ സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്താന്‍ കേന്ദ്രഭരണത്തെ ഉപയോഗിക്കുന്നത്.

കേന്ദ്രഭരിക്കുന്ന പാര്‍ടി പ്രതിപക്ഷത്തെ ഒരു പാര്‍ടിയുടെ കേന്ദ്രകമ്മിറ്റി ഓഫീസ് 15 ദിവസം തുടര്‍ച്ചയായി സ്തംഭിപ്പിച്ച സംഭവം രാജ്യചരിത്രത്തില്‍ ആദ്യമാണ്. ഇതുവരെ ഒരുകക്ഷിയും അത്തരമൊരു സമീപനം രാജ്യത്ത് സ്വീകരിച്ചിട്ടില്ല.

എത്രമാത്രം അസഹിഷ്ണുതയോടെയാണ് സിപിഐ എമ്മിനെ അവര്‍ കാണുന്നതെന്നതിന്റെ തെളിവാണിത്. ഭരണസംവിധാനത്തെയടക്കം സിപിഐ എമ്മിനെതിരെ ഉപയോഗിക്കുമെന്നതിന്റെ പ്രഖ്യാപനമായിരുന്നു അമിത്ഷായുടെ തിരുവനന്തപുരം പ്രസംഗം.

ഏഴ് കൊലക്കേസുകള്‍ സിബിഐ അന്വേഷിക്കണമെന്ന് പറഞ്ഞ് ആര്‍എസ്എസിന്റെ സംഘടന ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സിബിഐ അഭിഭാഷകന്‍ കോടതിയില്‍ സ്വീകരിച്ച അസാധാരണ നടപടിയും ഗൂഢപദ്ധതിയുടെ ഭാഗമാണ്. ഏത് കേസും സിബിഐ അന്വേഷിക്കണമെന്ന് പറഞ്ഞ് കോടതിയില്‍ പോവുന്നതിനെ ആരും ഭയപ്പെടുന്നില്ല.

കോടതിയില്‍ പെറ്റീഷന്‍ വന്നപ്പോള്‍ സാധാരണ സിബിഐക്ക് നോട്ടീസ് നല്‍കിയശേഷമാണ് കേസ് ഏറ്റെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. എന്നാല്‍ അസാധാരണമായ അവസ്ഥയാണ് കേരള ഹൈക്കോടതിയിലുണ്ടായത്.

തിരുവനന്തപുരത്ത് അമിത്ഷാ നടത്തിയ പ്രസംഗവും സിബിഐ കോടതിയില്‍ സ്വീകരിച്ച നിലപാടും തമ്മില്‍ ബന്ധമുണ്ട്. ഇടതുപക്ഷ പ്രവര്‍ത്തകരെ, സിപിഐം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുകി വേട്ടയാടാനുള്ള ശ്രമത്തിന്റെ ഭാഗമാണത്.

ഇതുകൊണ്ടൊന്നും സിപിഐ എമ്മിനെ തകര്‍ക്കാനാവില്ലെന്നും കൂടുതല്‍ ജനപിന്തുണയോടെ മുന്നോട്ട്‌പോവുമെന്നും കോടിയേരി പറഞ്ഞു.

ദേശീയതലത്തില്‍ ബിജെപി ഉയര്‍ത്തുന്ന സംഘ്പരിവാര്‍ ഭരണം എലാമേഖലയിലും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. രാജ്യം കോണ്‍ഗ്രസില്‍ നിന്ന് മോചിപ്പിച്ച് ബിജെപിവന്നാല്‍ രക്ഷപ്പെടുമെന്ന് പറഞ്ഞവര്‍ അധി

കാരത്തില്‍ വന്ന് മൂന്നര വര്‍ക്ഷം പിന്നിടുമ്പോള്‍ രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തെയാണ് നേരിടുന്നത്. നോട്ട്‌നിരോധനവും ജിഎസ്ടിയും നടപ്പാക്കിയതോടെ സ്ഥിതിഗതികള്‍ ഗുരുതരാവസ്ഥയിലായി.

എല്ലാമേഖലയിലും ജനങ്ങള്‍ പോരാട്ടത്തിന് തയാറെടുക്കുമ്പോഴാണ് സമരസജ്ജരായ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ആര്‍എസ്എസ് വര്‍ഗീയത പ്രചരിപ്പിക്കുന്നത്. മുസ്‌ളിം, കൃസ്തീയ വിരുദ്ധ വികാരവും ഹിന്ദുത്വ പ്രചാരവേലയും നടത്തുകയാണ്.

ആര്‍എസ്എസ് ഹിന്ദുത്വം ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ളതാണ്. കോണ്‍ഗ്രസ് രാജ്യം ഭരിച്ചപ്പോള്‍ സെക്കുലറിസം പറഞ്ഞാണ് കുത്തക മുതലാളിത്തത്തെ ശക്തിപ്പെടുത്തിയത്.

ബിജെപി ഹിന്ദുത്വം പ്രചരിപ്പിച്ചാണ് കോര്‍പ്പറേറ്റുകളെ സഹായിക്കുന്നത്. രണ്ട് പാര്‍ടികളും കോര്‍പ്പറേറ്റുകളുടെയും കുത്തക മുതലാളിത്തത്തിന്റെയും ഭൂപ്രഭുത്വത്തിന്റെയും കക്ഷികളാണെന്ന് തെളിഞ്ഞതാണ്.

ഈ ഭരണസംവിധാനം മാറ്റി ബദല്‍ രാഷ്ട്രീയം ദേശീയതലത്തില്‍ രൂപപ്പെടുത്തിയെടുക്കണമെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here