കേരളം വെല്ലുവിളി ഏറ്റെടുത്തപ്പോള്‍ അമിത് ഷാ ഒളിച്ചോടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: വികസനവിഷയത്തില്‍ സംവാദത്തിന് തയ്യാറുണ്ടോ എന്ന ബിജെപി ദേശീയ അധ്യക്ഷന്റെ വെല്ലുവിളി കേരളം സര്‍വാത്മനാ ഏറ്റെടുത്തപ്പോള്‍ അമിത്ഷായും ബിജെപിയും ഒളിച്ചോടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വികസനചര്‍ച്ചയെക്കുറിച്ച് വെല്ലുവിളിക്കുകയും അത് സ്വീകരിച്ചപ്പോള്‍ മിണ്ടാതിരിക്കുകയും ചെയ്യുന്നത് മാന്യമായ രാഷ്ട്രീയമല്ലെന്ന്, ക്രിയാത്മക സംവാദത്തിന് അമിത് ഷായെ ക്ഷണിച്ച മുഖ്യമന്ത്രി ഫേസ്ബുക്ക്‌പോസ്റ്റില്‍ കുറിച്ചു.

കേരളത്തിന്റെ വികസനനേട്ടങ്ങളെ കുറിച്ചുള്ള സംവാദത്തിന് അമിത് ഷായെ പ്രേരിപ്പിക്കാന്‍ കുമ്മനം രാജശേഖരന്‍ സന്മനസ്സ് കാണിക്കണം. കേരളം ഇന്ന് നേരിടുന്നത് ഇതുവരെ നേടിയ പുരോഗതി സംരക്ഷിക്കേണ്ടതിന്റെ വെല്ലുവിളിയല്ല, മറിച്ച് അടുത്ത തലത്തിലേക്ക് അതിനെ ഉയര്‍ത്തേണ്ടതിന്റെ വെല്ലുവിളിയാണ്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുമായുള്ള ആദ്യ താരതമ്യത്തില്‍ത്തന്നെ അത് മനസ്സിലാകും. ആ യാഥാര്‍ഥ്യം അംഗീകരിച്ചുകൊണ്ട് കുമ്മനം രാജശേഖരന്‍ സംവാദത്തിന് അമിത് ഷായെ പ്രേരിപ്പിക്കണം.

കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നും കൈ വെട്ടിയെടുക്കുമെന്നും തല കൊയ്യുമെന്നുമെല്ലാം ഭീഷണി മുഴക്കുന്ന ബിജെപിആര്‍എസ്എസ് നേതൃത്വം അക്രമത്തിന്റെയും സംഘര്‍ഷത്തിന്റെയും അന്തരീക്ഷത്തിന് അന്ത്യം കുറിക്കുന്നതിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയതില്‍ സന്തോഷമുണ്ട്.

കുമ്മനത്തിന്റെ യാത്രയില്‍ കേരളത്തിന്റെ വികസനത്തെക്കുറിച്ചോ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ല. രാഷ്ട്രപതിയും നിരവധി കേന്ദ്രമന്ത്രിമാരും കേരളത്തിന്റെ പുരോഗതിയെക്കുറിച്ച് മതിപ്പു പ്രകടിപ്പിച്ചവരാണ്.

കേരളത്തിലെ ഏക ബിജെപി എംഎല്‍എക്കോ രാജ്യസഭാംഗത്തിനോ കേരളം നേടിയ പുരോഗതിയെക്കുറിച്ച് സംശയം ഇല്ല. മാത്രമല്ല യാഥാര്‍ഥ്യം അംഗീകരിച്ച് സര്‍ക്കാരിനെ പ്രശംസിക്കുകയുംചെയ്തു. എന്നിട്ടും ബിജെപിനേതൃത്വം ദേശീയനേതാക്കളെയും മന്ത്രിമാരെയും കൊണ്ടുവന്ന് നിലവാരം കുറഞ്ഞ ആക്ഷേപമുന്നയിപ്പിച്ചു.

അത് തെറ്റായിപ്പോയി എന്ന് സമ്മതിക്കാനും കേരളജനതയോട് ക്ഷമാപണം നടത്താനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ തയ്യാറാകണം.

ഫെഡറല്‍സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന കേന്ദ്രഫണ്ടും പദ്ധതികളും നികുതിവിഹിതവും കേന്ദ്രത്തിന്റെ സൌജന്യമാണ് എന്നമട്ടില്‍ പ്രചരിപ്പിക്കുന്ന ബിജെപിയില്‍നിന്ന് ക്രിയാത്മകമായ നിലപാട് പ്രതീക്ഷിക്കാനാകില്ല. എന്നാല്‍, ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സമീപനം വ്യത്യസ്തമാണ്.

കേരളത്തിന്റെ ആവശ്യങ്ങളും അവകാശങ്ങളും നേടാന്‍ ശക്തമായി ഇടപെടുന്നതോടൊപ്പം പുരോഗതി ലക്ഷ്യമിട്ട് കേന്ദ്രവുമായി ഊഷ്മളബന്ധം നിലനിര്‍ത്തുന്നതിനുമാണ് താല്‍പ്പര്യപ്പെടുന്നത്.

അത്തരം അന്തരീക്ഷം ബിജെപിക്ക് അലോസരമാകുന്നതുകൊണ്ടാണോ, കേരളത്തിന്റെ വിഷയങ്ങളുമായി ചെല്ലുമ്പോള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കുള്ള അനുവാദംപോലും നിഷേധിക്കുന്നത്.

അങ്ങനെ രാഷ്ട്രീയശത്രുത സംസ്ഥാനത്തിനെതിരെ സൃഷ്ടിക്കാന്‍ ബിജെപി കേരളഘടകം ശ്രമിക്കുന്നുണ്ടോ എന്ന് പറയേണ്ടതും കുമ്മനം രാജശേഖരനാണ്.

സംഘര്‍ഷം ഇല്ലാതാക്കി ശാശ്വതമായ സമാധാനം സ്ഥാപിക്കാന്‍ നിരന്തരം കേരള സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.

സംസ്ഥാനതലത്തില്‍ സര്‍വകക്ഷി സമാധാന യോഗം വിളിച്ചതും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയതും ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ പ്രാദേശികതലത്തില്‍ സംവിധാനം ഒരുക്കിയതും ഈ സര്‍ക്കാരിന്റെ മുന്‍കൈയിലാണ്.

അതിന്റെ ഫലമാണ് സംസ്ഥാനത്തു നിലനില്‍ക്കുന്ന ശാന്തമായ അന്തരീക്ഷം. അത് തകര്‍ക്കാനാണ് വന്‍ പ്രകോപനം സൃഷ്ടിച്ച് ബിജെപി ജാഥ നടത്തിയത്.

ഒരു പ്രകോപനത്തിലും കുരുങ്ങാതെ സഹിഷ്ണുതാ പൂര്‍ണമായ സമീപനമാണ് കേരളീയരാകെ സ്വീകരിച്ചത്, ഈ അന്തരീക്ഷത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News