
‘താജ്മഹല്‍’ കുട്ടികളായിരുന്ന കാലത്ത് ഞങ്ങള്‍ക്കൊക്കെയും കാണുന്നതിന് മുമ്പുതന്നെ നിരവധിതവണ കണ്ടുകഴിഞ്ഞ ഒരു മഹാത്ഭുതമായിരുന്നു. ആദ്യമാദ്യം താജ്മഹലിനെ കാണാതെ സ്‌നേഹിച്ചത് അതൊരു അനശ്വരപ്രണയകഥയുടെ സ്മാരകമെന്ന് പലതവണ കേട്ട കോരിത്തരിപ്പോടെയാണ്.
പിന്നെ താജ്മഹല്‍ കണ്ടും വായിച്ചും ആ കാഴ്ച, കാഴ്ചകള്‍ക്കപ്പുറമുള്ളൊരു വിസ്മയമായി വളരുകയായിരുന്നു.
അക്കാലത്താണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥകളില്‍നിന്ന് മുഴങ്ങുന്ന ശബ്ദത്തില്‍, ‘താജ്മഹല്‍ നിര്‍മിച്ചതാരാണ്, ഗ്രന്ഥങ്ങള്‍ പറയുന്നു ഷാജഹാന്‍, പക്ഷേ കല്ലുചുമന്നത് ഷാജഹാനോ”എന്ന് വായിക്കുന്ന തൊഴിലാളികളുടെ ചോദ്യംകേട്ട് വീര്യമാര്‍ന്നത്.
സര്‍വമഹാത്ഭുതങ്ങള്‍ക്കുപിറകിലും നിറയുന്നത് മനുഷ്യാധ്വാനത്തിന്റെ സൌഹൃദനിര്‍വൃതിയാണെന്ന് ഞങ്ങളറിഞ്ഞു. ജാതിമതങ്ങള്‍ക്കപ്പുറം, രാഷ്ട്രത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറം വ്യത്യസ്തതരത്തിലുള്ള കായികമാനസികാധ്വാനങ്ങള്‍ സംയുക്തമായി സൃഷ്ടിച്ച താജ്മഹല്‍, സ്മരണയുടെ മാര്‍ബിളില്‍ പ്രണയക്കണ്ണീരെഴുതിയ കവിതയാണ്.
‘കാലത്തിന്റെ കവിള്‍ത്തടത്തിലെ ഏകാന്തമായ കണ്ണീര്‍ത്തുള്ളി”എന്നു പാടി ടാഗോര്‍ താജിന്റെ മുന്നില്‍ തലകുനിച്ചു. സര്‍വ അതിര്‍ത്തികള്‍ക്കുമപ്പുറംനിന്ന് താജ്മഹല്‍ കണ്ട് മനുഷ്യരായ മനുഷ്യരൊക്കെയും കോരിത്തരിക്കുമ്പോള്‍, നവഫാസിസ്റ്റുകള്‍ ആ കലാശില്‍പ്പത്തിന്റെ സ്മരണകളെ മലിനമാക്കുന്നതില്‍ ഞാന്‍ ഞാന്‍ മുന്നില്‍ എന്ന നിലയില്‍ മത്സരിക്കുന്ന തിരക്കിലാണ്.
മുമ്പ് കാര്യമായി പുരുഷോത്തം നാഗേഷ് ഓക്ക് എന്ന ‘സംഘചരിത്രകാരന്റെ ചില വിഭ്രാന്തമായ വെളിപാടുകള്‍ മാറ്റിവച്ചാല്‍, ‘താജ്മഹല്‍”സമാനതകളില്ലാത്ത ‘താജ്മഹല്‍’ മാത്രമായിരുന്നു.
എന്നാല്‍, സംഘചരിത്രകാരനായ ഓക്കും കൂട്ടരും വാദിക്കുന്നത്, ‘താജ്മഹല്‍”ഷാജഹാന്‍ നിര്‍മിച്ച പ്രണയസ്മാരകമല്ലെന്നും ജാട്ടുരാജാവായ രാജാപരമാദ്രിദേവ നിര്‍മിച്ച തേജോമഹാലയ എന്ന ശിവക്ഷേത്രമാണെന്നുമാണ്‍ താജിലെ അടച്ചുവച്ച മുറികളില്‍ ശിരസ്സറ്റ ശിവലിംഗങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണെന്നും,
ഷാജഹാന്‍ ഹിന്ദുക്ഷേത്രത്തില്‍ ഖുര്‍ആന്‍ വാക്യങ്ങള്‍ കൊത്തിവച്ചതാണെന്നും താജ് ശവകുടീരമാണെങ്കില്‍ ‘ഷൂസ്”അഴിച്ചുവയ്ക്കുന്നതെന്തിനാണെന്നും ”മഹല്‍’എന്ന വാക്ക് മുഗള്‍രേഖകളിലൊന്നും കാണാത്തൊരു വാക്കാണെന്നും,
പ്രവാചകന്മാരോ ഖലീഫമാരോ പുതിയതരത്തിലുള്ള ശില്‍പ്പകല വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടോയെന്നും ഇസ്‌ളാമിന് സ്വന്തമായി ശില്‍പ്പകലാ അക്കാദമികളുണ്ടോയെന്നും മുസ്‌ളിം മൃതദേഹങ്ങള്‍ക്ക് കൊട്ടാരസമാനമായ നിരവധി മുറികളുള്ള ശവകുടീരം എന്തിനാണെന്നുമാണ് സംഘചരിത്രകാരനായ ഓക്ക് ചോദിക്കുന്നത്.
സത്യത്തില്‍ ഓക്കിന്റേത്, ഓക്കിന്റേതുമാത്രമായൊരു ചോദ്യമല്ല. ഭാരതം ‘ലോകഗുരു’വാണ്. മോക്ഷകേന്ദ്രമാണ്, ദേവഭൂമിയാണ്, പുണ്യഭൂമിയാണ് എന്നൊക്കെയുള്ള ‘ദേശപൂജ”മാനസികാവസ്ഥയുടെ തുടര്‍ച്ചയില്‍വച്ചാണ് ‘ഓക്ക്‌മോഡല്‍”കാഴ്ചപ്പാടുകളെ വിശകലനം ചെയ്യേണ്ടത്.
സര്‍വമനുഷ്യരും രാഷ്ട്രങ്ങളും സൂക്ഷ്മാര്‍ഥത്തില്‍ ‘ഗുരുവും ശിഷ്യരു’മാണ്. സര്‍വ നന്മകളുടെയും പുണ്യത്തിന്റെയും സ്രോതസ്സായി ഒരു രാഷ്ട്രവും അതിന്റെമുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുന്ന മറ്റു രാഷ്ട്രങ്ങളും എന്ന സങ്കല്‍പ്പംതന്നെയും ഫാസിസ്റ്റാണ്.
എവിടെ ജനിച്ചാലും എങ്ങനെ ജീവിക്കുന്നു എന്നതുമാത്രമാണ് പ്രധാനം. അതിലപ്പുറമുള്ള ജന്മ•മഹത്വവാദം, മഹത്വത്തെത്തന്നെ മലിനമാക്കും.
എന്നാല്‍, സംഘപ്രത്യയശാസ്ത്രത്തിന്റെ ഹൃദയമായി പ്രവര്‍ത്തിക്കുന്ന പുനരുത്ഥാനം നിരന്തരം അവതരിപ്പിക്കുന്ന ആശയങ്ങള്‍ ആരും അത്ര ഗൌരവമായി പരിഗണിക്കാറില്ല എന്നതുകൊണ്ടുമാത്രമാണ് ഇന്ത്യന്‍ ജനതയ്ക്ക് ലോകത്തിനുമുമ്പിലും സ്വന്തം മുമ്പിലും ഇന്നും ശിരസ്സ് ഉയര്‍ത്തിപ്പിടിച്ചുതന്നെ നില്‍ക്കാന്‍ കഴിയുന്നത്.
ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസ്, ‘നമ്മുടെ”പാരമേശ്വരീയമാണെന്ന് വാദിക്കുന്നവര്‍ രാഷ്ട്രീയചരിത്രത്തെമാത്രമല്ല, നമ്മുടെ പുരാണത്തെയും ചിലരുടെ വിശ്വാസത്തെയും വല്ലാതെ ചെറുതാക്കുകയാണ് ചെയ്യുന്നത്.
സത്യത്തില്‍ ‘വിശ്വാസകാഴ്ചപ്പാടില്‍’ ഈ പ്രപഞ്ചംതന്നെ പരംപൊരുളായ ‘പരമേശ്വരന്റേതാണെന്ന്” വിശ്വസിക്കുന്നവര്‍ക്ക്, അങ്ങനെ വിശ്വസിക്കാമെന്നിരിക്കെ അതിനെ എന്തിന് വെറുമൊരു പാരീസിലേക്ക് വെട്ടിച്ചുരുക്കണം?
മുസ്‌ളിങ്ങളുടെ പുണ്യകേന്ദ്രമായ സൌദി അറേബ്യയിലെ ‘കഅ്ബ”വിഷ്ണുക്ഷേത്രമാണെന്നും ലണ്ടനിലെ സെന്റ് പോള്‍ കത്തീഡ്രല്‍ നമ്മുടെ ഗോപാല്‍മന്ദിറാണെന്നും വത്തിക്കാന്‍ പ്രാചീനവേദകാല ആശ്രമമാണെന്നും ജറുസലേം ‘യദുശാല്യം”മാത്രമാണെന്നും വാദിക്കുന്നിടത്തോളം വളര്‍ന്നവര്‍ക്ക്,
താജ്മഹലിനെ തേജോമഹാലയ’എന്ന ശിവക്ഷേത്രമാക്കാന്‍ ഒരു പ്രയാസവുമില്ല. പൈതഗോറസ് നമ്മുടെ പതഞ്ജലി മഹര്‍ഷിയാണെന്നും അവരുടെ ഹോമര്‍ നമ്മുടെ വാല്മീകിയുടെ പകര്‍പ്പാണെന്നും അവരുടെ അബ്രഹാം നമ്മുടെ ‘ബ്രഹ്മ’ത്തിന്റെ ചുരുക്കപ്പേരാണെന്നും എന്തിന് ഹോമിയോപ്പതി ചികിത്സയുടെ സ്ഥാപകനായ ഹാനിമാന്‍ നമ്മുടെ ഹനുമാനാണെന്നും അവകാശപ്പെടുന്നിടത്തോളം,
അസംബന്ധം തടിച്ചുകൊഴുക്കുന്നതാണ് നാം കാണുന്നത്. പിരമിഡ് ഉണ്ടാക്കാന്‍ പ്രാചീന ഈജിപ്തുകാരെ പഠിപ്പിച്ചത് വൈദിക ആചാര്യന്മാരാണെന്നും ക്രിസ്ത്യാനിറ്റി എന്നത് ‘കൃഷ്ണനീതി’യാണെന്നും ഇസ്‌ളാം, ദൈവക്ഷേത്രം എന്നര്‍ഥമുള്ള ഈശാലയമാണെന്നും സംഘധൈഷണികര്‍ വാദിക്കുന്നു.
ക്രിസ്ത്യന്‍ ഫെഡറിക് സാമുവല്‍ ഹാനിമാന്‍ എന്നാണ് ഹോമിയോപ്രതിഭ ഹാനിമാന്റെ മുഴുവന്‍ പേരെന്ന് പുനരുത്ഥാനവാദികള്‍ അസംബന്ധതാരതമ്യ തിരക്കിനിടയില്‍ മറക്കരുത്.
എന്നാല്‍, ഇത്തരം ‘പുനരുത്ഥാന”തമാശകള്‍ക്കപ്പുറത്തേക്ക് ഇപ്പോള്‍ കാര്യങ്ങള്‍ കടന്നുകഴിഞ്ഞിരിക്കുന്നു. കോടിക്കണക്കിന് സാമ്പത്തികവരുമാനവും സാംസ്‌കാരികപ്രശസ്തിയും നൂറ്റാണ്ടുകളായി ഇന്ത്യക്ക് നേടിത്തന്ന താജ്മഹലിനെ യോഗി ആദിത്യനാഥിന്റെ സംഘപരിവാര്‍ സര്‍ക്കാര്‍ ടൂറിസ്റ്റ്മാപ്പില്‍നിന്ന് കുത്തിക്കളഞ്ഞിരിക്കുന്നു.
താജ്മഹല്‍ കവിതയല്ല, ഇന്ത്യയുടെ കളങ്കമാണെന്നും അത് നിര്‍മിച്ചത് രാജ്യദ്രോഹികളാണെന്നും സംഘപരിവാര്‍ നേതാക്കളായ സംഗീത് സോമും വിനയ് കത്യാറും അലറുന്നു. ഇന്നലെ ക്ഷമാപൂര്‍വം താജ്മഹല്‍ കാണാന്‍ ക്യൂനിന്ന മനുഷ്യരെ, താജ്മഹല്‍ തകര്‍ക്കുക എന്നാര്‍ക്കുന്ന ഒരാള്‍ക്കൂട്ടമാക്കി മാറ്റാനുള്ള ആസൂത്രിതശ്രമമാണ് ഇതിനുപിറകിലുള്ളത്.
ജാതിമത വ്യത്യാസമെന്യേ ഇന്ത്യന്‍ ജനത അനുഭവിക്കുന്ന ജീവിതപ്രശ്‌നങ്ങളില്‍നിന്ന് അവരുടെ ശ്രദ്ധയെ അന്ധവൈകാരികതകളിലേക്ക് വഴിതിരിച്ചുവിടാനും അതോടൊപ്പം, ജാതിമേല്‍ക്കോയ്മസംസ്‌കാരം അവര്‍ക്കുമേല്‍ കെട്ടിയേല്‍പ്പിക്കാനുമുള്ള ആസൂത്രിതമായൊരു സംയുക്തശ്രമമാണ് താജ്’കേന്ദ്രമാക്കി സംഘപരിവാര്‍ വളര്‍ത്താന്‍ ശ്രമിക്കുന്നത്.
പള്ളികളില്‍നിന്ന്, പ്രാര്‍ഥനയിലേക്ക് ക്ഷണിക്കുന്ന ബാങ്ക് കേള്‍ക്കുമ്പോള്‍ ജയ്ശ്രീറാം’എന്ന് അലറിവിളിക്കാന്‍ ആഹ്വാനം ചെയ്യുന്ന യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ്, മറ്റൊരു ‘ഗുജറാത്തായി”മാറുകയാണോ?
‘യോഗി ആരെയും പേടിക്കുകയില്ല, പേടിപ്പിക്കുകയുമില്ല”എന്ന ഭഗവദ്ഗീതയുടെ സന്ദേശത്തിനൊന്നും യോഗി ആദിത്യനാഥുമായി ഒരു ബന്ധവുമില്ല. നൂറ്റാണ്ടുകളായി മതസൌഹാര്‍ദ മാതൃകമാത്രമായി നിലനിന്ന ബാബ്‌റി മസ്ജിദിനെ ഇന്ത്യന്‍ ഫാസിസം ആദ്യമൊരു തര്‍ക്കപ്രശ്‌നമാക്കുകയും പിന്നെ പൊളിക്കുകയും ചെയ്തത് നമ്മുടെ ഓര്‍മയില്‍ ഇരമ്പുമ്പോള്‍,
ഇന്ന് താജ്മഹലിനെ കേന്ദ്രീകരിച്ചുള്ള ഫാസിസ്റ്റുകളുടെ പ്രകോപനങ്ങള്‍ എന്തിനുള്ള പുറപ്പാടാണെന്ന് ഇന്ത്യക്കാര്‍ ന്യായമായും ചോദിച്ചുപോകും. ഈ അടുത്തദിവസമാണ് അഹമ്മദ്ഖാന്‍ എന്നൊരു ഗായകനെ രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ ജില്ലയിലെ ദാന്ദ ഗ്രാമത്തിലെ ക്ഷേത്രത്തില്‍,
ദേവിയെ സ്തുതിച്ചുപാടിയ പാട്ട് വേണ്ടത്ര നന്നായില്ലെന്ന് പറഞ്ഞ് രമേഷ്‌സുക്കാര്‍ എന്ന ക്ഷേത്രം പൂജാരിയുടെ നേതൃത്വത്തില്‍ അടിച്ചുകൊന്നത്!
തലമുറകളായി ക്ഷേത്രങ്ങളില്‍ പാടിവരുന്ന മുസ്‌ളിങ്ങള്‍ ഇനി ക്ഷേത്രത്തില്‍ പാടണ്ട എന്നൊരു മുന്നറിയിപ്പിന് അപ്പുറം, അതൊരു ഫാസിസ്റ്റ് അലര്‍ച്ചയായിരുന്നു. അത്ഭുതപ്പെട്ടും ആഹ്‌ളാദിച്ചും ഇന്നലെവരെ നമ്മെ കോരിത്തരിപ്പിച്ച താജ്മഹല്‍ കേന്ദ്രമാക്കിയും അവര്‍ ആക്രോശിക്കുന്നത്, സര്‍വ ‘ഒരുമ’യ്ക്കുമെതിരെയാണ്.
ഫാസിസം പൂക്കളങ്ങളെ കൊലക്കളമാക്കും. താജ്മഹലിനെപ്പോലുമത് ചോരപ്പുഴകളിലേക്ക് തള്ളിയിടും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here