‘ഇടഞ്ഞു തന്നെ’; ചെന്നിത്തലയുടെ ജാഥയോട് സഹകരിക്കാതെ മുസ്ലീം ലീഗ് പ്രാദേശിക ഘടകം

മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള ജാഥയോട് സഹകരിക്കില്ലെന്ന് മുസ്ലിം ലീഗ് പ്രാദേശിക ഘടകം. മലപ്പുറം കൊണ്ടോട്ടി മുനിസിപ്പല്‍ കമ്മിറ്റിയാണ് ജാഥയില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.

നരസഭയില്‍ കോണ്‍ഗ്രസ് ഇടതിനൊപ്പം ചേര്‍ന്ന് മുസ്ലിംലീഗിനെ പരാജയപ്പെടുത്തിയതിനാണ് നിസ്സഹകരണം. മുസ്ലിം ലീഗ് കൊണ്ടോട്ടി മുനിസിപ്പല്‍ കമ്മിറ്റിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം കേരളജാഥയോട് സഹകരിക്കേണ്ടെന്ന് തീരുമാനിച്ചത്.

സംസ്ഥാന സര്‍ക്കാരിനെതിരേ പടയൊരുക്കവുമായി യാത്രയെത്തുമ്പോള്‍ കൊണ്ടോട്ടി നഗരസഭയില്‍ കോണ്‍ഗ്രസ് ഇടതിനൊപ്പം ചേര്‍ന്ന് ഭരണം നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

അടുത്തമാസം ഒന്നിനു തുടങ്ങുന്ന ജാഥ ഒമ്പതിനാണ് കൊണ്ടോട്ടിയിലെത്തുന്നത്. അതിനുമുമ്പേ കോണ്‍ഗ്രസ് ഇടതുപക്ഷവുമായുള്ള ബന്ധമവസാനിപ്പിച്ചില്ലെങ്കില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കുന്നതുമായി ബന്ധപ്പെട്ട ഒരുകാര്യത്തിലും സഹകരിക്കില്ല.

മുനിസിപ്പല്‍ കമ്മിറ്റി ഇക്കാര്യം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. ജാഥ വിജയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത യോഗത്തിലും മുസ്ലിം ലീഗ് പങ്കെടുത്തില്ല. ജില്ലയില്‍ കൊണ്ടോട്ടിയുള്‍പ്പെടെ നിരവധി മേഖലകളില്‍ കോണ്‍ഗ്രസ് – മുസ്ലിംലീഗ് തര്‍ക്കമുണ്ട്.

മുസ്ലിം ലീഗ് വിട്ടുനിന്നാല്‍ ചെന്നിത്തലയുടെ പടയൊരുക്കം ജില്ലയില്‍ നിറംകെട്ടുപോവുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News