” ഈ സ്വര്‍ണത്തിന്റെ തിളക്കമൊന്നും പൊയ്‌പ്പോവൂല മക്കളെ”; ശസ്ത്രക്രിയ ചെയ്ത കൈയുമായി ട്രാക്കിലേക്ക്; എറിഞ്ഞിട്ടത് സ്വര്‍ണം

ശസ്ത്രക്രിയ ചെയ്ത കൈയുമായി ആശുപത്രിക്കിടക്കയില്‍നിന്ന് ട്രാക്കിലിറങ്ങിയ മേഘ മറിയം മാത്യു എറിഞ്ഞിട്ടത് സ്വര്‍ണം. സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഷോട്ട്പുട്ട് മത്സരത്തിലാണ് വേദന കടിച്ചമര്‍ത്തി മേഘ ഒന്നാമതെത്തിയത്.

81 കിലോ ബോക്സിങ് വിഭാഗത്തില്‍ ദേശീയ ചാമ്പ്യന്‍ കൂടിയാണ് ഈ പ്ളസ് വണ്‍കാരി കഴിഞ്ഞ വര്‍ഷം തുര്‍ക്കിയില്‍ നടന്ന ലോക സ്‌കൂള്‍ അത്ലറ്റിക് മീറ്റിലും പങ്കെടുത്തിരുന്നു.

ഇടത് തോളെല്ലിന് പരിക്കേറ്റ മേഘ കേവലം ഓരാഴ്ച്ചത്തെ പരിശീലനം മാത്രം നടത്തിയായിരുന്നു പാലായിലേക്കെത്തിയത്. വേദന കടിച്ചമര്‍ത്തി ഷോട്ട്പുട്ടറിഞ്ഞപ്പോള്‍ സ്വന്തമായത് സുവര്‍ണനേട്ടം. സംസ്ഥാന തലത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഷോട്ട്പുട്ടില്‍ മേഘയെ വെല്ലാന്‍ ആര്‍ക്കുമായിട്ടില്ല.

2016ല്‍ തേഞ്ഞിപ്പലത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 11.95 മീറ്റര്‍ എറിഞ്ഞ് മേഘ സംസ്ഥാന റെക്കോഡിട്ടിരുന്നു. സായി കോച്ച് സത്യാനന്ദന്റെ കീഴിലാണ് പരിശീലനം.

കൊല്ലം ഇളമ്പല്‍ ജോണ്‍ മാത്യുവിന്റെയും ജോളിയുടെയും മകളായ മേഘ 81 കിലോ ബോക്സിങ് വിഭാഗത്തില്‍ ദേശീയ ചാമ്പ്യനാണ്. മൂന്നു മാസം മുമ്പ് ദേശീയ ക്യാമ്പിലെ പരിശീലനത്തിനിടെയാണ് ഇടത് തോളെല്ലിന് പരിക്കേറ്റത്.

ശസ്ത്രക്രിയക്ക് ശേഷം ഫിസിയോ തെറാപ്പിയും നടത്തുന്നതിനിടെയാണ് മത്സരത്തിനിറങ്ങി മേഘ സ്വര്‍ണം കരസ്ഥമാക്കിയത്. ചികിത്സ കഴിഞ്ഞാല്‍ അടുത്ത ലക്ഷ്യം ദേശീയ റെക്കോഡ് തകര്‍ക്കുക എന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here