തങ്ങള്‍ക്ക് ഹിതമല്ലാത്ത എന്തിനെയും ഇല്ലാതാക്കണമെന്നതാണ് സംഘപരിവാര്‍ ന്യായം.അത് വ്യക്തികളായാലും ആശയങ്ങളായാലും ഉന്മൂലനം ചെയ്യണമെന്നു തന്നെയാണ് അവരുടെ വാദം.ഇപ്പോള്‍ സംഘപരിവാറുകാര്‍ വാളോങ്ങിയിരിക്കുന്നത് തമിഴ് നടന്‍ വിജയ്‌ക്കെതിരെയും അദ്ധേഹത്തിന്റെ പുതിയ സിനിമയായ മെര്‍സലിനുമെതിരെയാണ്.
കാര്യം മറ്റൊന്നുമല്ല.രാജ്യത്തെ സംബന്ധിക്കുന്ന ചില സത്യങ്ങള്‍ സിനിമയിലൂടെ തുറന്നു കാട്ടി. ജിഎസ്ടിയെ രൂക്ഷമായി വിമര്‍ശിക്കുന്ന വിജയുടെ സംഭാഷണങ്ങളും ഡിജിറ്റല്‍ ഇന്ത്യയെ വിമര്‍ശിക്കുന്ന വടിവേലുവിന്റെ കഥാപാത്രത്തിന്റെ സംഭാഷണവുമാണ് ബിജെപി പ്രവര്‍ത്തകരെ പ്രകോപിതരാക്കുന്നത്.
ക്ഷേത്രങ്ങള്‍ക്ക് പകരം ആശുപത്രികള്‍ നിര്‍മ്മിക്കാനുള്ള വിജയ് കഥാപാത്രത്തിന്റെ ആഹ്വാനവും ബിജെപി നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.28 ശതമാനം ജിഎസ്ടിയുള്ള ഇന്ത്യയെയും 7 ശതമാനം മാത്രം ജിഎസ്ടിയുള്ള സിംഗപ്പൂരിനെയും താരതമ്യം ചെയ്യുന്ന ഡയലോഗ് ആണിത്.
സിംഗപ്പൂരില്‍ കുറഞ്ഞ ചെലവില്‍ വൈദ്യസഹായം ലഭിക്കുമ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇത്രയും കൂടിയ നിരക്കില്‍ ജിഎസ്ടി നല്‍കിയിട്ടും സൗജന്യമായി വൈദ്യ സഹായം ലഭിക്കുന്നില്ലെന്നാണ് ഈ കഥാപാത്രം ചൂണ്ടിക്കാട്ടുന്നത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയാല്‍ പെരുച്ചാഴി കടിച്ച് മരിച്ചുപോകുമെന്ന അവസ്ഥയാണ് ഉള്ളതെന്നും ജനങ്ങളുടെ ആ ഭയമാണ് സ്വകാര്യ ആശുപത്രികളുടെ മൂലധനമെന്നും ഈ കഥാപാത്രം ഈ ഘട്ടത്തില്‍ പറയുന്നു.
ഈ രംഗം ചിത്രത്തില്‍ നീക്കം ചെയ്യണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.ചിത്രത്തിന്റെ തുടക്കത്തില്‍ തന്റെ പോക്കറ്റടിക്കാന്‍ ശ്രമിക്കുന്നയാളെ കാലിയായ പേഴ്സ് തുറന്നുകാട്ടി വടിവേലുവിന്റെ കഥാപാത്രം ഡിജിറ്റല്‍ ഇന്ത്യയ്ക്ക് നന്ദി എന്നു പറയുമ്പോള്‍ തിയറ്ററില്‍ വന്‍കയ്യടിയാണ് ലഭിക്കുന്നത്. ഈ സംഭാഷണവും നീക്കം ചെയ്യണമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദര്‍രാജന്‍ ആവശ്യപ്പെടുന്നത്.
ഈ രംഗങ്ങള്‍ നീക്കം ചെയ്യാമെന്ന് നിര്‍മ്മാതാവ് ഹേമ രുക്മാനി സമ്മതിച്ചിരിക്കുകയാണ്. എന്നാല്‍ കബാലി സംവിധായകന്‍ പാ രഞ്ജിത്ത്, ഉലകനായകന്‍ കമല്‍ഹാസന്‍ എന്നിവര്‍ ഈ രംഗങ്ങള്‍ നീക്കം ചെയ്യുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് ഈ രംഗങ്ങളില്‍ പ്രതിഫലിക്കുന്നതെന്നാണ് ഇരുവരും പറയുന്നത്.

Get real time update about this post categories directly on your device, subscribe now.