ദിലീപിന് സ്വകാര്യ സുരക്ഷാ സേനയുടെ സംരക്ഷണം; സംരക്ഷണം ഒരുക്കുന്നത് ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ഫോഴ്‌സ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപിന് സ്വകാര്യ സുരക്ഷാ സേനയുടെ സംരക്ഷണം. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ഫോഴ്‌സിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ദിലീപിന് സംരക്ഷണം നല്‍കുന്നത്.

ജനമധ്യത്തില്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ദിലീപ് സ്വകാര്യ ഏജന്‍സിയുടെ സഹായം തേടിയതെന്നാണ് വിവരം. ദിലീപ് സ്വകാര്യ സുരക്ഷ ഒരുക്കിയ നടപടി ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ഫോഴ്‌സ് എന്ന സ്വകാര്യ സുരക്ഷാ സേനയിലെ മൂന്ന് ഉദ്യോഗസ്ഥരാണ് ദിലീപിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. ഇനിമുതല്‍ 3 സുരക്ഷാ ഉദ്യോഗസ്ഥര്‍ ദിലീപിനൊപ്പമുണ്ടാകും.

വിരമിച്ച മലയാളി പൊലീസ് ഉദ്യോഗസ്ഥനാണ് സുരക്ഷയുടെ ചുമതല. ജനമധ്യത്തില്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ദിലീപ് സ്വകാര്യ ഏജന്‍സിയുടെ സഹായം തേടിയതെന്നാണ് വിവരം.

ഇന്നലെ ദിലീപിന്റ ആലുവ കൊട്ടാരക്കടവിലെ വീട്ടിലേക്ക് തണ്ടര്‍ഫോഴ്‌സ് എന്നെഴുതിയ നിരവധി സുരക്ഷാ വാഹനങ്ങള്‍ എത്തിയിരുന്നു. ഗോവ രജിസ്‌ട്രേഷനുള്ള കാറുകളിലൊന്നില്‍ തലപ്പാവ് ധരിച്ച സിഖ് വംശജരും സഫാരി സൂട്ടണിഞ്ഞ സുരക്ഷാഭടന്‍മാരുമടക്കം വാഹനത്തില്‍ നിന്നിറങ്ങുകയും 20 മിനുറ്റോളം ദിലീപിന്റെ വീട്ടില്‍ ചിലവഴിക്കുകയും ചെയ്തു.

ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ഫോഴ്‌സിന് രാജ്യത്ത് 11 സംസ്ഥാനങ്ങളില്‍ ഏജന്‍സികളുണ്ട്. കേരളത്തില്‍ തൃശൂര്‍, പാലക്കാട്. കോഴിക്കോട് എന്നിവിടങ്ങളിലാണ് ഓഫീസുകളുളളത്. കര്‍ശനമായ ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ ദിലീപ് ഇത്തരത്തില്‍ സംരക്ഷണം തേടിയ സാഹചര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ആയുധങ്ങളുടെ സഹായത്തോടെയാണോ സുരക്ഷ എന്നത് പൊലീസ് നിരീക്ഷിക്കും.

ദിലീപിന് ജിവന് ഭിഷണിയുളളതായി അറിയില്ലെന്നും ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബോളിവുഡ് നടന്മാര്‍ ഇത്തരത്തില്‍ സംരക്ഷണത്തിനായി സ്വകാര്യ പ്രൈവറ്റ് ഏജന്‍സികളെ ആശ്രയിക്കാറുണ്ടെങ്കിലും ആദ്യമായാണ് മലയാള സിനിമയിലെ ഒരു നടന്‍ സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ ആശ്രയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here