അറബിക് പേരില്‍ ലോകത്തിലാദ്യമായി പുതിയ ഇനം സസ്യം വയനാട്ടില്‍ നിന്നും. ജൈവ സമ്പത്തിന്റെ കലവറയായ പശ്ചിമഘട്ട മലനിരകളിലെ വയനാടന്‍ മഴക്കാടുകളിലാണ് സനാ മലബാറിക്ക എന്ന പുതിയ ഇനം സസ്യത്തെ കണ്ടെത്തിയത്.
സസ്യവൈവിധ്യങ്ങളാല്‍ സമ്പന്നമായ മലബാര്‍ പ്രദേശത്തെ പ്രതിനിധീകരിക്കുന്നതും ‘അതീവ സുന്ദരമായ’ എന്ന് അര്‍ത്ഥം വരുന്ന അറബി നാമവും ചേര്‍ത്താണ് ഇതിന് ലിപ്പാരിസ് സനാമലബാറിക്ക എന്ന നാമം നല്‍കിയിട്ടുള്ളത്.
ഓര്‍ക്കിഡ് കുടുംബത്തിലെ മനോഹരമായ പൂക്കളുണ്ടാകുന്ന ലിപ്പാരിസ് ജനുസ്സില്‍ പെട്ടസസ്യമാണിത്. അറബിക് പേരില്‍ ലോകത്തില്‍ ആദ്യത്തെ ഓര്‍ക്കിഡ് വിഭാഗത്തില്‍പെട്ട ഈ പുതിയ അതിഥിയെ സംബന്ധിച്ച ഗവേഷണത്തിന്റെ പൂര്‍ണ്ണ രൂപം തായ്വാനിയ എന്ന അന്താരാഷ്ട്ര ജേണലിന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വയനാട്ടിലെ ഓര്‍ക്കിഡുകളെക്കുറിച്ചുള്ള പഠനത്തില്‍ ഇതുവരെ 181 ല്‍പരം ഓര്‍ക്കിഡുകളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ ലിപ്പാരിസ് ജനുസില്‍ പെട്ട 14ല്‍ പരം സസ്യങ്ങളുണ്ട്.
ഇത് നിത്യഹരിത വനങ്ങളിലെ മരങ്ങളില്‍ കൂട്ടമായി പറ്റിപ്പിടിച്ച് വളരുന്ന ഈ സസ്യങ്ങള്‍ക്ക് സാധാരണ ഗതിയില്‍ ഒരിലയും ഇലയുടെ അരികുകള്‍ കീറിയത് പോലെ ഉള്ളവയുമാണ്.
ഈ ചെടിയുടെ അടിവശം ഉരുണ്ട കാണ്ഡവുമാണ്. അപൂര്‍വ്വങ്ങളില്‍ പെട്ട ഈ സസ്യത്തിന്റെ സ്ഥാനം അതീവ സംരക്ഷണ പ്രാധാന്യമുള്ള സസ്യങ്ങളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്.
എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ മുതിര്‍ന്ന സാങ്കേതിക വിഭാഗം ജീവനക്കാരനായ പിച്ചന്‍.എം.സലീമാണ് ലോക സസ്യ ശാസ്ത്രത്തിലേക്ക് ഈ പുതിയ സസ്യത്തിന് ഇടം നല്‍കിയത്. എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ മുതിര്‍ന്ന ഗവേഷകനും സ്ഥാപന മേധാവിയുമായ ഡോ. വി ബാലകൃഷ്ണനാണ് പഠന പ്രവര്‍ത്തനങ്ങളുടെ ഏകോപനം.
Get real time update about this post categories directly on your device, subscribe now.